പ്രശസ്ത ബ്രിട്ടീഷ് നടി ഗ്ലൈനിസ് ജോൺസ് അന്തരിച്ചു.100-ാം വയസിലാണ് മരണം. വ്യാഴാഴ്ചയാണ് മരണം നടന്നതെന്ന് നടിയുടെ മാനേജർ മിച്ച് ക്ലെം സ്ഥിരീകരിച്ചു.1964-ൽ പുറത്തിറങ്ങിയ മേരി പോപ്പിൻസ് എന്ന ചിത്രത്തിലെ വിനിഫ്രെഡ് ബാങ്ക്സ് എന്ന കഥാപാത്രമാണ് ഗ്ലൈനിസ് ജോൺസിനെ പ്രശസ്തയാക്കിയത്.
പേരക്കുട്ടി തോമസ് ഫോർവുഡിനും അദ്ദേഹത്തിന്റെ പേരക്കുട്ടികൾക്കുമൊപ്പമാണ് താരം കഴിഞ്ഞിരുന്നത്.യു.കെയിൽ പിതാവും നടനുമായ മെർവിൻ ജോൺസിന്റെ സെമിത്തേരിയോടു ചേർന്നാണ് ഗ്ലൈനിസിനും അന്ത്യവിശ്രമം ഒരുക്കിയത്.
60 വർഷം നീണ്ടുനിന്ന സിനിമാജീവിതമായിരുന്നു ഗ്ലൈനിസിന്റേത്. 1923-ഒക്ടോബർ അഞ്ചിന് ദക്ഷിണാഫ്രിക്കയിലായിരുന്നു അവരുടെ ജനനം. 1948-ൽ മത്സ്യകന്യകയായ മിറാൻഡയുടെ വേഷമിട്ടതോടെയാണ് ഗൈനിസിന്റെ ജീവിതം മാറിമറിഞ്ഞത്. 1960-ൽ ദ സൺഡൗണേഴ്സ് എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച സഹനടിക്കുള്ള ഓസ്കർ പുരസ്കാരത്തിനും അവർ നാമനിർദേശം ചെയ്യപ്പെട്ടിരുന്നു.
ബാറ്റ്മാൻ, ഗ്ലൈനിസ് എന്നീ ടെലിവിഷൻ ഷോകളിലും അവർ പ്രത്യക്ഷപ്പെട്ടിരുന്നു. വൈൽ യു വേർ സ്ലീപ്പിങ്, സൂപ്പർ സ്റ്റാർ എന്നീ ചിത്രങ്ങളിലായിരുന്നു അവസാനം അഭിനയിച്ചത്. ഇതിനുശേഷം അഭിനയജീവിതം അവസാനിപ്പിച്ച അവർ ഹോളിവുഡിലെ വസതിയിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു.