50 കോടി ക്ലബ്ബിലേക്ക് കുതിച്ച് മഞ്ഞുമ്മല്‍ ബോയ്‌സ്, ഒടുവില്‍ ഉലകനായകനെ നേരില്‍ കണ്ടു

ചിദംബരം തിരക്കഥയെഴുതി സംവിധാനം ചെയ്ത സര്‍വൈവല്‍ ത്രില്ലര്‍ ചിത്രം മഞ്ഞുമ്മല്‍ ബോയ്‌സ് മികച്ച പ്രതികരണങ്ങളോടെ പ്രദര്‍ശനം തുടരുന്നു. ഫെബ്രുവരി 22 ന് ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രം ഏഴ് ദിനങ്ങള്‍ പിന്നിട്ടപ്പോഴേക്കും 50 കോടി ക്ലബ്ബിലേക്ക് കുതിച്ച് ബോക്‌സ് ഓഫീസ് കീഴടക്കി. ആഗോള തലത്തിലാണ് 50 കോടി കളക്ഷന്‍ നേടിയിരിക്കുന്നത്.

author-image
Web Desk
New Update
50 കോടി ക്ലബ്ബിലേക്ക് കുതിച്ച് മഞ്ഞുമ്മല്‍ ബോയ്‌സ്, ഒടുവില്‍ ഉലകനായകനെ നേരില്‍ കണ്ടു

ചിദംബരം തിരക്കഥയെഴുതി സംവിധാനം ചെയ്ത സര്‍വൈവല്‍ ത്രില്ലര്‍ ചിത്രം മഞ്ഞുമ്മല്‍ ബോയ്‌സ് മികച്ച പ്രതികരണങ്ങളോടെ പ്രദര്‍ശനം തുടരുന്നു. ഫെബ്രുവരി 22 ന് ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രം ഏഴ് ദിനങ്ങള്‍ പിന്നിട്ടപ്പോഴേക്കും 50 കോടി ക്ലബ്ബിലേക്ക് കുതിച്ച് ബോക്‌സ് ഓഫീസ് കീഴടക്കി. ആഗോള തലത്തിലാണ് 50 കോടി കളക്ഷന്‍ നേടിയിരിക്കുന്നത്.

കേരളത്തിന് പുറമെ തമിഴ്‌നാട്ടിലും വിജയം കൊയ്ത ചിത്രം പ്രേക്ഷക ഹൃദയങ്ങള്‍ ഒന്നടങ്കം ആവേശത്തിലാഴ്ത്തിയിരിക്കുകയാണ്. അതിവേഗം 50 കോടി ക്ലബില്‍ ഇടം നേടിയ അഞ്ച് മലയാള സിനിമകളുടെ പട്ടികയിലെക്ക് ഇനി മഞ്ഞുമ്മല്‍ ബോയ്‌സിന്റെ പേരും എഴുതി ചേര്‍ക്കാം. സ്‌നേഹത്തിന്റെയും സഹനത്തിന്റെയും വെള്ള കൊടി പറത്തിയ ടീം മഞ്ഞുമ്മല്‍ ബോയ്‌സ് ഒടുവില്‍ ഉലകനായകന്‍ കമല്‍ഹാസനെ നേരില്‍ കണ്ടു. ചിത്രത്തിന്റെ തമിഴ്‌നാട്ടിലെ പ്രൊമോഷനിടക്കാണ് ടീം മഞ്ഞുമ്മല്‍ ബോയ്‌സ് ഉലകനായകനെ കണ്ടത്.

പ്രേക്ഷകരുടെ പ്രിയതാരങ്ങളായ സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ഗണപതി, ലാല്‍ ജൂനിയര്‍, ചന്തു സലീംകുമാര്‍, അഭിറാം രാധാകൃഷ്ണന്‍, ദീപക് പറമ്പോല്‍, ഖാലിദ് റഹ്‌മാന്‍, അരുണ്‍ കുര്യന്‍, വിഷ്ണു രഘു എന്നിവരാണ് മഞ്ഞുമ്മല്‍ ബോയ്‌സിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

കൊച്ചിയിലെ മഞ്ഞുമ്മലില്‍ നിന്നും ഒരു സുഹൃത്ത് സംഘം കൊടൈക്കനാലിലേക്ക് യാത്ര പോവുന്നതും അവിടെ നിന്ന് അവര്‍ക്ക് ആഭിമുഖികരിക്കേണ്ടിവരുന്ന അപ്രതീക്ഷിത സാഹചര്യങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. 2 മണിക്കൂറും 15 മിനിറ്റും ദൈര്‍ഘ്യം വരുന്ന ഈ ചിത്രത്തിന്റെ പശ്ചാത്തലം കൊടൈക്കനാലിലെ ഡെവിള്‍സ് കിച്ചന്‍ എന്നറിയപ്പെടുന്ന ഗുണാ കേവ്‌സാണ്. 1992 ല്‍ പുറത്തിറങ്ങിയ കമല്‍ഹാസന്‍ ചിത്രം ഗുണ'യിലെ കണ്മണി അന്‍പോട് കാതലന്‍ എന്ന ഗാനവും സിനിമയുമൊക്കെ പാതിയിലേറെയും ചിത്രീകരിച്ചിരിക്കുന്നത് ഡെവിള്‍സ് കിച്ചന്‍ ഗുഹയിലാണ്. ഗുണ പുറത്തിറങ്ങിയതില്‍ പിന്നെയാണ് ഈ ഗുഹ ഗുണ ഗുഹ എന്ന പേരില്‍ അറിയപ്പെട്ടു തുടങ്ങിയത്. അതേ ഗുഹ പശ്ചാത്തലമാക്കിയ മഞ്ഞുമ്മല്‍ ബോയ്‌സ് കമല്‍ഹാസനുള്ള ട്രിബ്യൂട്ടാണെന്ന തരത്തിലുള്ള വിലയിരുത്തലുകളാണിപ്പോള്‍ പ്രേക്ഷകരില്‍ നിന്നും ഉയരുന്നത്.

2006ല്‍ കൊടെക്കനാലിലെ ഗുണകേവില്‍ അകപ്പെട്ടുപോയ സുഹൃത്തിനെ രക്ഷിച്ച എറണാകുളം മഞ്ഞുമ്മലില്‍ നിന്നും പോയ യുവാക്കളുടെ യഥാര്‍ത്ഥ അനുഭവം ആടിസ്ഥാനമാക്കി ഒരുക്കിയ സിനിമയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. പറവ ഫിലിംസും ശ്രീ ഗോകുലം മൂവിസും ചേര്‍ന്ന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ച ഈ ചിത്രം ബാബു ഷാഹിര്‍, സൗബിന്‍ ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചത്. കേരളത്തിലും തമിഴ്നാട്ടിലുമായ് ചിത്രീകരണം പൂര്‍ത്തീകരിച്ച ചിത്രത്തിന്റെ ഓള്‍ ഇന്ത്യ ഡിസ്ട്രിബ്യുഷന്‍ ശ്രീ ഗോകുലം മൂവിസിനു വേണ്ടി ഡ്രീം ബിഗ് ഫിലിംസാണ് നിര്‍വഹിച്ചത്. യുകെയിലെ വിതരണാവകാശം ആര്‍എഫ്ടി ഫിലിംസും കരസ്ഥമാക്കി. ചിദംബരത്തിന്റെ ആദ്യ ചിത്രം ജാന്‍ എ മന്‍ സൂപ്പര്‍ ഹിറ്റായിരുന്നു. രണ്ടാമത്തെ ചിത്രമായ മഞ്ഞുമ്മല്‍ ബോയ്‌സ് ബ്ലോക്ക്ബസ്റ്ററടിച്ചു.

ചിത്രസംയോജനം വിവേക് ഹര്‍ഷന്‍, സൗണ്ട് ഡിസൈന്‍ ഷിജിന്‍ ഹട്ടന്‍, അഭിഷേക് നായര്‍, സൗണ്ട് മിക്‌സ് ഫസല്‍ എ ബക്കര്‍, ഷിജിന്‍ ഹട്ടന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ദീപക് പരമേശ്വരന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ അജയന്‍ ചാലിശേരി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ബിനു ബാലന്‍, കാസ്റ്റിംഗ് ഡയറക്ടര്‍ ഗണപതി, വസ്ത്രാലങ്കാരം മഹ്‌സര്‍ ഹംസ, മേക്കപ്പ് റോണക്‌സ് സേവ്യര്‍, ആക്ഷന്‍ വിക്രം ദഹിയ, സ്റ്റില്‍സ് രോഹിത് കെ സുരേഷ്, പോസ്റ്റര്‍ ഡിസൈന്‍ യെല്ലോ ടൂത്ത്, വിതരണം ശ്രീ ഗോകുലം മൂവീസ് ത്രൂ ഡ്രീം ബിഗ് ഫിലിംസ്, പിആര്‍ ആന്‍ഡ് മാര്‍ക്കറ്റിങ് വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍.

movie manjummel boys soubin shahir