റോഷാക്ക്, നന്‍പകല്‍ നേരത്ത് മയക്കം, കണ്ണൂര്‍ സ്‌ക്വാഡ്... കോവിഡ് കാലം കടന്ന് തിയേറ്ററുകള്‍ സജീവമായതോടെ എത്തിയ മമ്മൂട്ടി ചിത്രങ്ങളെല്ലാം, നടന്‍ എന്ന നിലയില്‍ താരത്തിന് ഏറെ പ്രശംസ ലഭിച്ചവയാണ്. നന്‍പകലിലെ വിസ്മയിപ്പിക്കുന്ന പ്രകടനത്തിന് മമ്മൂട്ടിയെ തേടി മികച്ച നടനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരവും എത്തി.
ഈ ചിത്രങ്ങളെല്ലാം നിര്‍മിച്ചത് മമ്മൂട്ടി കമ്പനിയാണ് എന്നത് മറ്റൊരു പ്രത്യേകത. മമ്മൂട്ടി കമ്പനിയുടേതായി ഇനി പ്രദര്‍ശനത്തിനെത്തുന്ന ചിത്രം ജിയോ ബേബി സംവിധാനം ചെയ്ത കാതല്‍ ദി കോര്‍ ആണ്. ചിത്രത്തിന്റെ റീലിസ് തീയതിയും പ്രഖ്യാപിച്ചിട്ടുണ്ട്.
മറ്റൊരു മമ്മൂട്ടി ചിത്രത്തിന്റെ സെക്കന്‍ഡ് ലുക്ക് പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. ബസൂക്ക എന്ന ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത് നവാഗതനായ ഡിനോ ഡെന്നിസാണ്. തിരക്കഥാകൃത്ത് കലൂര്‍ ഡെന്നിസിന്റെ മകനാണ് ഡിനോ.
വേഷത്തിലും രൂപത്തിലും ഏറെ വ്യത്യസ്തത പുലര്‍ത്തുന്ന മമ്മൂട്ടിയെയാണ് സെക്കന്‍ഡ് ലുക്ക് പോസ്റ്ററില്‍ കാണാനാവുക. നീട്ടിവളര്‍ത്തിയ മുടി പിന്നില്‍ക്കെട്ടി, അല്‍പ്പം താടിയും കൂളിംഗ് ഗ്ലാസും ജാക്കറ്റും ധരിച്ച് സ്‌റ്റൈലിഷായാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്.
തിയറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ തിരക്കഥാകൃത്ത് ജിനു വി. ഏബ്രഹാം, ഡോള്‍വിന്‍ കുര്യാക്കോസ് എന്നിവരാണ് ഈ ത്രില്ലര്‍ ചിത്രം നിര്‍മിക്കുന്നത്.
ഗൗതം മേനോന്‍, മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സിദ്ധാര്‍ഥ് ഭരതന്‍, സണ്ണി വെയ്ന്‍, ജഗദീഷ്. ഷൈന്‍ ടോം ചാക്കോ, സുമിത്, ദിവ്യ പിള്ള, ഐശ്വര്യ മേനോന്‍, എന്നിവരും പ്രധാന താരങ്ങളാണ്.
സംഗീതം മിഥുന്‍ മുകുന്ദ്. ഛായാഗ്രഹണം നിമിഷ് രവി, എഡിറ്റിങ് നൗഫല്‍ അബ്ദുള്ള. കലാസംവിധാനം അനീസ് നാടോടി. ചീഫ് അസ്സോഷ്യേറ്റ് ഡയറക്ടര്‍ സുജിത്. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ഷെറിന്‍ സ്റ്റാന്‍ലി, പ്രതാപന്‍ കല്ലിയൂര്‍. പ്രെഡക്ഷന്‍ കണ്‍ട്രോളര്‍ സഞ്ജു ജെ.
കൊച്ചി, പാലക്കാട്, കോയമ്പത്തൂര്‍, ബാംഗ്‌ളൂര്‍ എന്നിവിടങ്ങളിലായി ഈ ചിതത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാകും. പിആര്‍ഓ വാഴൂര്‍ ജോസ്.