മമ്മൂട്ടിയും ജ്യോതികയും ആദ്യമായി ഒന്നിക്കുന്ന സിനിമയാണ് 'കാതൽ ദി കോർ'. ജിയോ ബേബി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ അന്നൗൺസ്മെന്റ് വന്നത് മുതൽ പ്രേക്ഷകർ വൻ ആകാംക്ഷയിലാണ്. ചിത്രത്തിന്റെ റിലീസ് ഡേറ്റ് ഇന്ന് 6 മണിക്ക് പുറത്തുവിടും.
മെഗാസ്റ്റാർ മമ്മൂട്ടിയോടൊപ്പം വർഷങ്ങളുടെ ഇടവേളക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ് ജ്യോതിക ഈ ചിത്രത്തിലൂടെ. 2009-ൽ പുറത്തിറങ്ങിയ 'സീതാകല്യാണം' ആണ് ജ്യോതിക ഏറ്റവുമൊടുവിലായി അഭിനയിച്ച മലയാള ചിത്രം. ചിത്രത്തിൽ മാത്യ ദേവസി എന്ന കഥാപാത്രമായി മമ്മൂട്ടി എത്തുമ്പോൾ ദേവസിയുടെ ഭാര്യയായിട്ടാണ് ജ്യോതിക പ്രത്യക്ഷപ്പെടുന്നത്.
മമ്മൂട്ടി കമ്പനി നിർമ്മാണം നിർവഹിക്കുന്ന 'കാതൽ ദി കോർ' ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസാണ് വിതരണം ചെയ്യുന്നത്. 'കണ്ണൂർ സ്‌ക്വാഡ്'ന്റെ വൻ വിജയത്തിന് ശേഷം മമ്മൂട്ടി കമ്പനിയുടെ ബാനറിൽ എത്തുന്ന സിനിമയാണിത്. മുൻ ചിത്രങ്ങളായ റോഷാക്കും നൻപകൻ നേരത്തെ മയക്കവും വലിയ രീതിയിൽ പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു.
ഇവക്ക് ശേഷം പ്രേക്ഷകരിലേക്കെത്തുന്ന 'കാതൽ ദി കോർ' തികച്ചും വ്യത്യസ്തമായൊരു കാഴ്ചാനുഭവം പ്രേക്ഷകന് സമ്മാനിക്കും എന്ന് ഉറപ്പാണ്. 'ടർബോ'യാണ് മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രം. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് അടുത്തിടെ പുറത്തുവിട്ടിരുന്നു.
'കാതൽ ദി കോർ'ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ വളരെ സന്തോഷപ്പെട്ട കുടുംബാങ്ങളെപോലെ പ്രത്യക്ഷപ്പെട്ട മമ്മൂട്ടിയുടേയും ജ്യോതികയുടെയും കഥാപാത്രങ്ങൾ സെക്കൻഡ് ലുക്കിൽ അൽപം ഗൗരവത്തിലാണ്. കാതലിന്റെ പ്രമേയം തന്നെ ഏറെ ആകർഷിച്ച ഒന്നാണെന്ന് തെന്നിന്ത്യൻ താരം സൂര്യ അഭിപ്രായപ്പെട്ടിരുന്നു. ആദർശ് സുകുമാരൻ, പോൾസൺ സക്കറിയ എന്നിവർ ചേർന്ന് തിരക്കഥ രചിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രാഹണം സാലു കെ. തോമസ്സാണ് നിർവ്വഹിക്കുന്നത്. മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അലിസ്റ്റർ അലക്സ്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ എസ്. ജോർജാണ്.
എഡിറ്റിംങ്: ഫ്രാൻസിസ് ലൂയിസ്, സംഗീതം: മാത്യൂസ് പുളിക്കൻ, ഗാനരചന: അൻവർ അലി, ജാക്വിലിൻ മാത്യു, കലാസംവിധാനം: ഷാജി നടുവിൽ, ലൈൻ പ്രൊഡ്യൂസർ: സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ: ഡിക്സൺ പൊടുത്താസ്, സൗണ്ട് ഡിസൈൻ: ടോണി ബാബു, വസ്ത്രാലങ്കാരം: സമീറാ സനീഷ്, മേക്കപ്പ്: അമൽ ചന്ദ്രൻ, കോ ഡയറക്ടർ: അഖിൽ ആനന്ദൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: മാർട്ടിൻ എൻ. ജോസഫ്, കുഞ്ഞില മാസിലാമണി, പ്രൊഡക്ഷൻ എക്സിക്യുട്ടീവ്: അസ്ലാം പുല്ലേപ്പടി, സ്റ്റിൽസ്: ലെബിസൺ ഗോപി, ഡിജിറ്റൽ മാർക്കറ്റിംഗ് വിഷ്ണു സുഗതൻ, അനൂപ്, പബ്ലിസിറ്റി ഡിസൈനർ: ആന്റണി സ്റ്റീഫൻ, പിആർഒ: ശബരി.