ബോക്സോഫീസ് കളക്ഷൻ; മൂന്നാംവാരത്തിലേക്ക് കടന്ന് മമ്മൂട്ടി ചിത്രം കണ്ണൂര്‍ സ്ക്വാഡ്

കേരളത്തിലെ സ്ക്രീനുകളില്‍ മാത്രം അല്ല വിദേശ സ്ക്രീനുകളിലും ചിത്രത്തിന് മികച്ച പ്രതികരണം നേടുന്നതായാണ് സിനിമ വൃത്തങ്ങള്‍ പറയുന്നത്. അദ്യത്തെ 11 ദിവസത്തില്‍ തന്നെ ചിത്രം 65 കോടി പിന്നിട്ടിരുന്നു.

author-image
Greeshma Rakesh
New Update
ബോക്സോഫീസ് കളക്ഷൻ; മൂന്നാംവാരത്തിലേക്ക് കടന്ന് മമ്മൂട്ടി ചിത്രം കണ്ണൂര്‍ സ്ക്വാഡ്

കൊച്ചി: മൂന്നാം വാരത്തിന്‍റെ തുടക്കത്തിലും മികച്ച മുന്നേറ്റവുമായി മമ്മൂട്ടി ചിത്രം കണ്ണൂര്‍ സ്ക്വാഡ്. മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റിലേക്ക് ചിത്രം കുതിക്കുകയാണ്. മമ്മൂട്ടി നിര്‍മ്മിച്ച ചിത്രത്തിന്‍റെ റിലീസ് സെപ്റ്റംബര്‍ 28 ന് ആയിരുന്നു.

ആദ്യ പ്രദര്‍ശനങ്ങൾക്ക് ശേഷവും വന്‍ പോസിറ്റീവ് അഭിപ്രായങ്ങള്‍ ലഭിച്ച ചിത്രം കളക്ഷനിലും വൻ കുതിപ്പാണ് നടത്തുന്നത്. മികച്ച ഇനിഷ്യല്‍ നേടുന്നതില്‍ വിജയിച്ച ചിത്രം മലയാളത്തിലെ എക്കാലത്തെയും വലിയ 10 വിജയങ്ങളുടെ ലിസ്റ്റിലും സ്ഥാനം നേടി.

70 കോടിയിലേക്ക് കണ്ണൂര്‍ സ്ക്വാഡ് മൂന്നാംവാരത്തിന്‍റെ ആദ്യ ദിനങ്ങളില്‍ തന്നെ എത്തും എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്ക് പറയുന്നത്. 60 കോടി എന്നത് രണ്ടാം വാരത്തില്‍ തന്നെ റോബി രാജ് സംവിധാനം ചെയ്ത ചിത്രം മറികടന്നിരുന്നു.

കേരളത്തിലെ സ്ക്രീനുകളില്‍ മാത്രം അല്ല വിദേശ സ്ക്രീനുകളിലും ചിത്രത്തിന് മികച്ച പ്രതികരണം നേടുന്നതായാണ് സിനിമ വൃത്തങ്ങള്‍ പറയുന്നത്. അദ്യത്തെ 11 ദിവസത്തില്‍ തന്നെ ചിത്രം 65 കോടി പിന്നിട്ടിരുന്നു. രണ്ടാം ആഴ്ചയില്‍ കേരളത്തില്‍ കനത്ത മഴയെയും മറികടന്ന് തീയറ്ററില്‍ ആളെ നിറയ്ക്കാന്‍ മമ്മൂട്ടി ചിത്രത്തിന് കഴിഞ്ഞു.

സെപ്റ്റംബര്‍ 28 ന് പുറത്തെത്തിയ ക്രൈം ത്രില്ലര്‍ ചിത്രം തിരുവനന്തപുരം ഏരീസില്‍ നിന്ന് മാത്രം ഇതുവരെ നേടിയിരിക്കുന്നത് 55.47 ലക്ഷമാണ്. 105 ഷോകളില്‍ നിന്നായി ആകെ വിറ്റ ടിക്കറ്റുകളുടെ എണ്ണം 29,929. ആവറേജ് തിയറ്റര്‍ ഒക്കുപ്പന്‍സി 76.09 ശതമാനം. ഒരു മമ്മൂട്ടി ചിത്രം ഏരീസ് പ്ലെക്സില്‍ നേടുന്ന ഏറ്റവും മികച്ച രണ്ടാമത്തെ ഗ്രോസ് ആണ് ഇത്. ഒന്നാം സ്ഥാനത്ത് അമല്‍ നീരദിന്‍റെ സംവിധാനത്തിലെത്തിയ ഭീഷ്‍മ പര്‍വ്വമാണ്.

കരിയറില്‍ നിരവധി പൊലീസ് വേഷങ്ങളില്‍ കൈയടി നേടിയിട്ടുള്ള മമ്മൂട്ടിയുടെ ഏറെ പ്രത്യേകതകളുള്ള പൊലീസ് വേഷമാണ് കണ്ണൂര്‍ സ്ക്വാഡിലെ എഎസ്ഐ ജോര്‍ജ് മാര്‍ട്ടിന്‍. കാസര്‍ഗോഡ് നടക്കുന്ന ഒരു നിഷ്ഠൂരമായ കുറ്റകൃത്യം നടത്തിയ പ്രതികളെ പിടിക്കാന്‍ ജോര്‍ജിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം ഉത്തരേന്ത്യയില്‍ നടത്തുന്ന അന്വേഷണമാണ് ചിത്രത്തിലുടനീളമുള്ളത്.

നവാഗതനായ റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി തന്നെയാണ്. റോണി ഡേവിഡ് രാജ്, അസീസ് നെടുമങ്ങാട്, ശബരീഷ് വര്‍മ്മ എന്നിവരാണ് ജോര്‍ജിന്‍റെ സ്ക്വാഡിലുള്ള മറ്റ് പൊലീസുകാരെ അവതരിപ്പിച്ചിരിക്കുന്നത്.

mammootty Malayalam Movie News kannur squad box office collection