വ്യത്യസ്ത രീതികളില്‍ പോലീസ് ജീവിതം പറയുന്ന സിനിമകള്‍ മലയാളത്തില്‍ നിരവധി ഉണ്ടായിട്ടുണ്ട്. അവയില്‍ ഒട്ടുമിക്ക ചിത്രങ്ങളും ഹിറ്റുകളും സൂപ്പര്‍ ഹിറ്റുകളുമായിട്ടുണ്ട്. അത്തരത്തില്‍ ഹിറ്റ് ചാര്‍ട്ടില്‍ ഇനി കണ്ണൂര്‍ സ്‌ക്വാഡിനേയും ചേര്‍ത്തുവയ്ക്കാം.
പതിഞ്ഞ താളത്തില്‍ തുടങ്ങി ചടുലമാകുന്നൊരു കഥായാത്രയാണ് ചിത്രത്തിന്റേത്. ഛായാഗ്രാഹകനായ റോബി വര്‍ഗ്ഗീസ് രാജ്, തന്റെ ആദ്യസിനിമയ്ക്ക് യഥാര്‍ത്ഥ സംഭവങ്ങളില്‍ നിന്നാണ് പോലിസ് കഥ തിരഞ്ഞെടുത്തത്. പ്രേക്ഷകരെ ഒപ്പം കൂട്ടുന്ന തരത്തില്‍ ഈ കഥ അവതരിപ്പിക്കുന്നതില്‍ സംവിധായകന്‍ വിജയിച്ചിരിക്കുന്നു.
കണ്ണൂര്‍ മുന്‍ എസ് പി ശ്രീജിത്തിന്റെ ടീം ആയിരുന്നു കണ്ണൂര്‍ സ്‌ക്വാഡ്. ആ ടീമിന്റെ അന്വേഷണങ്ങളാണ് ചിത്രത്തിന്റെ കഥാപരിസരം. സാധാരണക്കാരായ ഒരു കൂട്ടും പോലീസുകാരുടെ ജീവിതത്തിലൂടെ അവരുടെ ജോലി എത്രത്തോളം സാഹസികമാണെന്നത് ഈ സിനിമ ഒരിക്കല്‍കൂടി കാട്ടിത്തരുന്നു.
മമ്മൂട്ടി അടക്കമുള്ള മുഴുവന്‍ അഭിനേതാക്കളുടെയും പ്രകടനം ഏറെ മികച്ചതാണ്. മമ്മൂട്ടി എന്ന താരത്തെ പിടിച്ചുകെട്ടി മമ്മൂട്ടിയിലെ നടനെ നന്നായി തന്നെ ഉപയോഗിക്കുന്നതില്‍ സംവിധായകന്‍ വിജയിച്ചിരിക്കുന്നു. ആ കഥായാത്രയിലെ അനുഭവങ്ങള്‍ അതുകൊണ്ട് തന്നെ പ്രേക്ഷകന്റെതുകൂടിയായി മാറുന്നു.
കണ്ണൂര്‍ ജില്ലാ പോലീസ് മേധാവിയുടെ സ്‌പെഷ്യല്‍ സ്‌ക്വാഡ് അംഗങ്ങളാണ് ജോര്‍ജ്ജ് മാര്‍ട്ടിന്‍, ജോസ്, ജയന്‍, ഷാഫി എന്നിവര്‍. മമ്മൂട്ടി അവതരിപ്പിക്കുന്ന ജോര്‍ജ്ജ് മാര്‍ട്ടിനാണ് സ്‌ക്വാഡിനെ നയിക്കുന്നത്. കാസര്‍ഗോഡ് നടക്കുന്ന ഒരു കൊലപാതക കേസ് പത്ത് ദിവസം കൊണ്ട് അന്വേഷിക്കേണ്ട ചുമതല കണ്ണൂര്‍ സ്‌ക്വാഡിലേക്ക് വന്നുചേരുകയാണ്.
അഴിമതിക്കേസില്‍ ആരോപണം നേരിടേണ്ടി വരുന്ന ടീമിലെ ഒരംഗത്തെ നിലനിര്‍ത്തിക്കൊണ്ട് മൂവായിരം കിലോമീറ്ററുകള്‍ യാത്ര ചെയ്ത് അതിസാഹസികമായി യാത്ര ചെയ്ത്, സിസ്റ്റത്തിന്റെ ഒരു പിന്തുണയുമില്ലാതെ സാധാരണക്കാരായ പോലീസുകര്‍ പോരാടി നേടുന്ന വിജയമാണ് ചിത്രം പറയുന്നത്.
പ്രേക്ഷകരെ ഒരേ സമയം ത്രില്ലടിപ്പിച്ചും ഇമോഷണലാക്കിയും കൊണ്ടുപോകുന്നതില്‍ ചിത്രത്തിന്റെ തിരക്കഥ നിര്‍ണ്ണായകമാകുന്നുണ്ട്. ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടന്‍ ഡോ. റോണിയും മുഹമ്മദ് ഷാഫിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
അസീസ് നെടുമാങ്ങാടിന്റെ സിനിമാ ജീവിതത്തില്‍ വലിയ ബ്രേക്കായി മാറും ചിത്രത്തിലെ ജോസ് എന്ന പോലീസ് കഥാപാത്രം. അത്ര തന്നെ മനോഹരമാക്കിയിട്ടുണ്ട് അസീസ്, തനിക്ക് കിട്ടിയ കഥാപാത്രത്തെ. ശബരീഷ് വര്‍മ്മ, ഡോ. റോണി, കിഷോര്‍, വിജയരാഘവന്‍, ശരത് സഭ, ദീപക് പറമ്പോല്‍, മനോജ് കെ യു, ഷെബിന്‍ ബെന്‍സണ്‍, ജിബിന്‍ ഗോപിനാഥ്, സണ്ണിവെയിന്‍ തുടങ്ങി ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചവരെല്ലാം കഥാപാത്രങ്ങളെ ഭംഗിയാക്കിയിട്ടുണ്ട്.
ചിത്രത്തിന്റെ ഛായാഗ്രഹണവും സംഘട്ടന രംഗങ്ങളും എടുത്തു പറയേണ്ട മറ്റു പ്രത്യേകതകളാണ്. മുഹമ്മദ് റാഹിലാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. രാജീവ് രവിയുടെ കുറ്റവും ശിക്ഷയും, തമിഴ് ചിത്രം തീരന്‍ അധികാരം ഒണ്‍ട്ര് തുടങ്ങിയയോടൊക്കെ ചിലയിടങ്ങളില്‍ സാമ്യം തോന്നിച്ചുവെങ്കിലും അതില്‍ നിന്നെല്ലാം വ്യത്യസ്തമായി മറ്റൊരു ട്രാക്കിലുള്ള വഴിമാറ്റം ചിത്രത്തെ മറ്റൊരു തലത്തിലേക്ക് മാറ്റുകയാണ് ചെയ്തത്.
പ്രവീണ്‍ പ്രഭാകറിന്റെ എഡിറ്റിങ്ങ് ചിത്രത്തിന്റെ ചടുലവേഗത്തിന് ഏറെ നിര്‍ണ്ണായകമാകുന്നുണ്ട്. സുഷിന്‍ ശ്യാമിന്റെ സംഗീതവും ചിത്രത്തിന്റെ ആസ്വാദനത്തെ ഉയര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു.
മമ്മൂട്ടി കമ്പനി നിര്‍മ്മിച്ച മുന്‍ ചിത്രങ്ങളെ പോലെ ഈ സിനിമയും അതിലെ പ്രമേയവും ജീവിത പരിസരവും കൊണ്ട് പ്രേക്ഷക പ്രീതി നേടുന്നതില്‍ വിജയിച്ചിരിക്കുന്നു. മമ്മൂട്ടി എന്ന താരം മറ്റൊരു നവാഗത സംവിധായകനെ കൂടി വിജയ ചിത്രവുമായി മലയാള സിനിമയ്ക്ക് സമ്മാനിച്ചിരിക്കുന്നു. മികച്ചൊരു സിനിമയുടെ തിയേറ്റര്‍ എക്‌സ്പീരിയന്‍സിനായി പ്രേക്ഷകര്‍ക്ക് ധൈര്യപൂര്‍വ്വം ടിക്കറ്റ് എടുക്കാം.