തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ വേദിയില്‍ നടന്‍ അലന്‍സിയര്‍ നടത്തിയ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് സിനിമാ പ്രവര്‍ത്തകര്‍ രംഗത്ത്. ഹരീഷ് പേരടി, സന്തോഷ് കീഴാറ്റൂര്‍, മനോജ് റാംസിങ്, ഭാഗ്യലക്ഷ്മി, ശ്രുതി ശരണ്യ തുടങ്ങിയവരാണ് അലന്‍സിയറിനെതിരെ രംഗത്ത് വന്നത്.
ചലച്ചിത്ര പുരസ്‌കാര വേദിയില്‍ അലന്‍സിയര്‍ എന്ന നടന്‍ നടത്തിയ പരാമര്‍ശത്തോട് കടുത്ത' വിയോജിപ്പ് രേഖപ്പെടുത്തുന്നു. നാണക്കേട് എന്നാണ് സന്തോഷ് കീഴാറ്റൂര്‍ പറഞ്ഞത്.
മിസ്റ്റര്‍ അലന്‍സിയര്‍, ഞാനാ സദസ്സിലോ വേദിയിലോ ആ സമയം ഉണ്ടായില്ലെന്നതില്‍ ഖേദിക്കുന്നുവെന്ന് മനോജ് റാംസിങ് പറഞ്ഞു.
ഉണ്ടായിരുന്നുവെങ്കില്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങിലെ വേദിയില്‍ കേറി വന്ന് ഒരു അവാര്‍ഡ് ജേതാവിന്റെ കരണത്തടിച്ച വ്യക്തിയെന്ന കുറ്റത്തിന് സ്വന്തം ജാമ്യത്തില്‍ ഞാനിപ്പോള്‍ മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ നിന്നിറങ്ങുന്നേ ഉണ്ടാവുള്ളൂ.
ഷെയിം ഓണ്‍ യു അലന്‍സിയര്‍. ആ ചാക്കോച്ചനെയൊക്കെ കണ്ടു പഠിക്കെടോ, പറ്റില്ലേല്‍ പോയി വല്ല മനശാസ്ത്ര കൗണ്‍സിലിങിന് ചേരൂ. ഇല്ലെങ്കില്‍ ഡിവൈഎഫ്‌ഐയിലും കെഎസ്യുവിലും എസ്എഫ്‌ഐയിലുമൊക്കെ ഒക്കെയുള്ള തന്റേടമുള്ള പെണ്‍ പിള്ളേര്‍ കേറി മേയും നിന്നെ.
റാസ്‌ക്കല്‍.. നീയെന്താ കരുതിയത്, ആരോഗ്യവും ശക്തിയും ധൈര്യവും നിന്നെപ്പോലുള്ള ഊള ആണുങ്ങളുടെ കുത്തകയാണെന്നോയെന്ന് അദ്ദേഹം ചോദിച്ചു.
സ്ത്രീരൂപത്തിലുള്ള ഒരു അവാര്‍ഡിനോട് താല്‍പര്യമില്ലെങ്കില്‍ അദ്ദേഹം അത് സ്വീകരിക്കാന്‍ പാടില്ലായിരുന്നുവെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. സര്‍ക്കാറിന്റെ ഒരു പരിപാടിയില്‍ ഇങ്ങനെ ഒരു പരാമര്‍ശം നടത്തണമെങ്കില്‍ അദ്ദേഹം എത്രത്തോളം സ്ത്രീവിരുദ്ധനായിരിക്കണം.
അദ്ദേഹം ഓസ്‌കര്‍ മാത്രം വാങ്ങിയാല്‍ മതി. അത് കിട്ടുന്ന വരെ അത് അഭിനയിച്ചാല്‍ മതി. പുരുഷ രൂപത്തിലുള്ള പ്രതിമ വന്നാല്‍ അദ്ദേഹം അഭിനയം നിര്‍ത്തുമെന്നാണ് പറഞ്ഞത്.
ഇത് നേരെ തിരിച്ചാണ് പറയേണ്ടത്. പുരുഷ രൂപത്തിലുള്ള പ്രതിമ വരുന്ന വരെ അദ്ദേഹം അഭിനയം നിര്‍ത്തണം എന്നാണ് എനിക്ക് പറയാനുള്ളതെന്ന് ഭാഗ്യലക്ഷ്മി കൂട്ടിച്ചേര്‍ത്തു.