ചെന്നൈ: വഞ്ചനാക്കേസിൽ നടി അമലാപോളിന്റെ മുൻ പങ്കാളി ഭവ്നീന്ദർ സിംഗിന്റെ ജാമ്യം റദ്ദാക്കി മദ്രാസ് ഹൈക്കോടതി. അമല പോളിന്റെ ഹർജിയെ തുടർന്നാണ് കോടതി ജാമ്യം റദ്ദ് ചെയ്തത്. ഭവ്നീന്ദർ ഒരാഴ്ചയ്ക്കുള്ളിൽ അന്വേഷണ ഏജൻസിക്ക് മുന്നിൽ ഹാജരാകണമെന്നും ഹൈക്കോടതി ഉത്തരവിൽ പറയുന്നു.
ആദ്യ ഭർത്താവ് എഎൽ വിജയിയുമായി വേർപിരിഞ്ഞ ശേഷമാണ് ഭവ്നീന്ദറുമായി അമല പ്രണയത്തിലാകുന്നത്.തുടർന്ന് 2017 ൽ ഇരുവരും ഒരുമിച്ച് താമസമാരംഭിച്ചു.എന്നാൽ ഈ സമയത്ത് ഭവ്നീന്ദറും കുടുംബവും തന്നെ വഞ്ചിക്കുകയായിരുന്നുവെന്നാണ് അമലയുടെ പരാതി. അടുപ്പം മുതലെടുത്ത് പണം തട്ടിയെടുക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തെന്നാരോപിച്ച് കഴിഞ്ഞ വർഷമാണ് അമല പോലീസിൽ പരാതി നൽകിയത്.
കേസിൽ ഭവ്നീന്ദറിനെ തമിഴ്നാട് പോലീസ് അറസ്റ്റ് ചെയ്തെങ്കിലും വിഴുപുറം മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്ത് അമല നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്. ഭവ്നീന്ദറിന് ഉപാധികളില്ലാതെയാണ് ജാമ്യം അനുവദിച്ചതെന്നും ഇത് കേസന്വേഷണത്തെ ബാധിക്കുമെന്നും ഹർജി പരിഗണിച്ച ജസ്റ്റിസ് സിവി കാർത്തികേയൻ ചൂണ്ടിക്കാട്ടി.