ചെന്നൈ: ഇന്ത്യന്‍ സിനിമയ്ക്ക് എക്കാലവും സൂപ്പര്‍ ഹിറ്റുകള്‍ മാത്രം സംഭാവന ചെയ്ത സംവിധായകനാണ് ലോകേഷ് കനകരാജ്. ഇളയദളപതി വിജയിയെ പ്രധാന കഥാപാത്രമാക്കി സംവിധാനം ചെയ്ത ലിയോയാണ് ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ലോകേഷ് ചിത്രം. തന്റെ പേരില്‍ പ്രചരിക്കുന്ന വ്യാജ അക്കൗണ്ടുകളെക്കുറിച്ച് ആരാധകര്‍ക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ലോകേഷ്.
ട്വിറ്ററിലും ഇന്‍സ്റ്റാഗ്രാമിലും മാത്രമാണ് താനുള്ളത്. മറ്റ് സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗിക്കാറില്ല. നിരവധി പേര് തന്റെ പേരില്‍ വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും അവ പിന്തുടരുതെന്നും വ്യക്തമാക്കിയിരിക്കുകയാണ് ലോകേഷ് കനകരാജ്. എക്സിലൂടെയായിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ലോകേഷ് കനകരാജിന്റെ ലിയോ മുന്‍പുണ്ടായിരുന്ന പല കളക്ഷന്‍ റെക്കോര്‍ഡുകളും തിരുത്തിയാണ് വമ്പന്‍ ഹിറ്റായി മാറിയത്. ഒക്ടോബര്‍ 19 നായിരുന്നു ലിയോ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്. തൃഷ വിജയ്യുടെ നായികയായി 14 വര്‍ഷങ്ങള്‍ ശേഷം എത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ചിത്രത്തില്‍ അര്ജുന്, സാന്‍ഡി മാസ്റ്റര്‍, മാത്യു, മനോബാല, പ്രിയ ആനന്ദ്, ബാബു ആന്റണി, അഭിരാമി വെങ്കടാചലം, ഇയ, വാസന്തി, മായ എസ് കൃഷ്ണന്, ശാന്തി മായാദാവേി, മഡോണ സെബാസ്റ്റ്യന്‍, അനുരാഗ് കശ്യപ്, സച്ചിന് മണി, കിരണ്‍ റാത്തോഡ് തുടങ്ങിയ നീണ്ട താരനിരയുമുണ്ട്.
കുടുംബനാഥനായി വിജയ് വേഷമിട്ട ഒരു ചിത്രം എന്ന പ്രത്യേകതയും ലിയോയ്ക്കുണ്ടായിരുന്നു. മികച്ച പ്രകടനമാണ് ലിയോയില്‍ പാര്‍ഥിപനെന്ന കഥാപാത്രമായി വിജയ് നടത്തിയതും. ദളപതി വിജയ് ലിയോയില്‍ വൈകാരിക രംഗങ്ങളിലും തിളങ്ങി. ഹിറ്റ്മേക്കര് ലോകേഷ് കനകരാജിന്റെ സംവിധാനത്തിലുള്ള ചിത്രത്തില്‍ ആക്ഷനില്‍ ദളപതി വിജയ് വിസ്മയിപ്പിച്ചിരുന്നു.