New Update
രജനികാന്തിന്റെ മകളും സംവിധായകയുമായ ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന 'ലാൽ സലാം' എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. തീ പാറുന്ന ടീസറിൽ മിന്നിമറിയുന്ന ഷോട്ടുകളോടൊപ്പം നേർക്കുനേർ പോരാടിക്കൊണ്ടിരിക്കുന്ന വിഷ്ണു വിശാലിനെയും വിക്രാന്ത് സന്തോഷിനെയും കാണാം.
ക്രിക്കറ്റാണ് ചിത്രത്തിന്റെ പ്രമേയമെങ്കിലും അതിലുപരി മറ്റു ചില വിഷയങ്ങൾകൂടി സംസാരിക്കുന്ന സിനിമയാണ് 'ലാൽ സലാം' എന്നാണ് ടീസറിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്. വ്യത്യസ്ത ഗെറ്റപ്പിൽ പ്രത്യക്ഷപ്പെടുന്ന രജനികാന്തിനെയും ടീസറിൽ കാണാം.
രജനികാന്ത് യഥാർത്ഥത്തിൽ എത്തരമൊരു കഥാപാത്രമാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത് എന്നതിന്റെ യാതൊരു സൂചനയും ടീസർ നൽകുന്നില്ല. ടീസർ കാണുന്ന പ്രേക്ഷകർക്കുള്ള വലിയ രീതിൽ ആകാംക്ഷ പുലർത്താനും അതേസമയം ആശയകുഴപ്പത്തിലാക്കാനും സാധിക്കുന്ന വിധത്തിലാണ് ടീസർ ഒരുക്കിയിരിക്കുന്നത്.
ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരൻ നിർമ്മിക്കുന്ന 'ലാൽ സലാം' 2024 പൊങ്കൽ ദിനത്തിൽ തീയേറ്ററുകളിലെത്തും. തമിഴ്, തെലുഗ്, കന്നഡ, മലയാളം, ഹിന്ദി എന്നീ 5 ഭാഷകളിലായിട്ടാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ തമിഴ്‌നാട്ടിലെ വിതരണാവകാശം റെഡ് ജയന്റ് സ്റ്റുഡിയോസാണ് സ്വന്തമാക്കിയിരിക്കുന്നത്.
വിഷ്ണു വിശാൽ, വിക്രാന്ത് സന്തോഷ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ അഥിതി വേഷത്തിലാണ് രജനികാന്ത് എത്തുന്നത്. പ്രേക്ഷകർ ഇതുവരെ കാണാത്ത രൂപത്തിലും ഭാവത്തിലുമായിരിക്കും രജനികാന്തിനെ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. എ ആർ റഹ്മാനാണ് ചിത്രത്തിനായി സംഗീതം പകരുന്നത്.
'വൈ രാജ വൈ' എന്ന ചിത്രം കഴിഞ്ഞ് 8 വർഷങ്ങൾക്ക് ശേഷമാണ് ഐശ്വര്യ രജനികാന്ത് വീണ്ടും സംവിധാനം രംഗത്തേക്ക് തിരിച്ചെത്തുന്നത്. പിആർഒ: ശബരി.