മുഹമ്മദ് റഫിയുടെ പാട്ടുകള്‍ കേട്ട് സിനിമയെ ഇഷ്ടപ്പെട്ട ഫോര്‍ട്ട് കൊച്ചിക്കാരന്‍ പയ്യന്‍. അച്ഛന്‍ അഗസ്റ്റിന്‍ ജോസഫിന്റെ പാതപിന്തുടര്‍ന്ന് കാട്ടാശ്ശേരി ജോസഫ് യേശുദാസും കലാലോകത്തെത്തി. സിനിമയില്‍ പാടാനായി ഒരുപാട് അലഞ്ഞു. തീരസ്‌കാരങ്ങളും അവഗണനയും നേരിട്ടു. ഒടുവില്‍ സംഗീത സംവിധായകന്‍ എം ബി ശ്രീനിവാസന്‍ ആ ഇരുപത്തിയൊന്നുകാരനെ പാടിപ്പിക്കാന്‍ തീരുമാനിച്ചു.
1961 നവംബര്‍ 14 ന് കഷ്ടിച്ച് കൗമാരം പിന്നിട്ട ആ ശബ്ദം ഭരണി സ്റ്റുഡിയോയില്‍ റെക്കോഡ് ചെയ്തു. ശ്രീനാരായണ ഗുരുവിന്റെ പ്രസിദ്ധമായ നാലു വരി സ്‌തോത്രം ചൊല്ലിക്കൊണ്ടാണ് അയാള്‍ സംഗീത യാത്ര തുടങ്ങിയത്. പിന്നെയെല്ലാം ചരിത്രം. ഇപ്പോള്‍ 84 വയസ്സിന്റെ, ശതാഭിഷേകത്തിന്റെ നിറവിലെത്തിയ ഗാനഗന്ധര്‍വന്‍ കെ ജെ യേശുദാസ് ജനപ്രിയ സംഗീതത്തിന്റെ പര്യായമാണ്.
അമേരിക്കയിലെ ടെക്‌സസിലെ വീട്ടിലാണ് യേശുദാസിന്റെ പിറന്നാള്‍ ആഘോഷം. കോവിഡിനു ശേഷം നാലു വര്‍ഷമായി അദ്ദേഹം കേരളത്തിലേക്കു വന്നിട്ടില്ല. കുറച്ചുനാളായി ജന്മദിനത്തില്‍ മൂകാംബിക യാത്രയും ഇല്ല. ജന്മനാടായ എറണാകുളത്ത് യേശുദാസ് അക്കാദമിയുടെ നേതൃത്വത്തില്‍ ജന്മദിനാഘോഷമുണ്ട്. പരിപാടിയില്‍ ഓണ്‍ലൈനായി യേശുദാസ് പങ്കെടുക്കും.