തിരുവനന്തപുരം: രാജ്യാന്തര മേളയിലെ മത്സരചിത്രങ്ങളുടെ പ്രദര്‍ശനങ്ങള്‍ക്ക് ശനിയാഴ്ച തുടക്കമാകും . അതിജീവനം, പ്രണയം, ത്രില്ലര്‍ തുടങ്ങിയ സമകാലിക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഏഴ് ചിത്രങ്ങളാണ് ആദ്യദിനത്തില്‍ പ്രദര്‍ശിപ്പിക്കുക. സതേണ്‍ സ്റ്റോം, പവര്‍ അലി, ദി സ്‌നോ സ്റ്റോം, ഓള്‍ ദി സയലന്‍സ്, ആഗ്ര, തടവ്, ഫാമിലി എന്നിവയാണ് ശനിയാഴ്ചത്തെ മത്സരചിത്രങ്ങള്‍.
ഫാസില്‍ റസാഖ് രചനയും സംവിധാനവും നിര്‍വഹിച്ച തടവ് ഡോണ്‍ പാലത്തറ സംവിധാനം ചെയ്ത 'ഫാമിലി' എന്നിവയാണ് മത്സര വിഭാഗത്തിലെ ഇന്നത്തെ മലയാള ചിത്രങ്ങള്‍. അമ്പത് വയസ്സുകാരിയായ അംഗനവാടി ടീച്ചറായ ഗീതയുടെ ജീവിതമാണ് തടവിന്റെ പ്രമേയം.എഡ്ഗാര്‍ഡോ ഡയ്‌ലെക്ക്, ഡാനിയല്‍ കാസബെ എന്നിവര്‍ സംവിധാനം ചെയ്ത ഒരു കുറ്റാന്വേഷകന്റെ ജീവിതം പറയുന്ന ചിത്രമാണ് സതേണ്‍ സ്റ്റോം.
വോളിബോള്‍ താരമായ പെണ്‍കുട്ടിയുടെ അതിജീവനത്തെ ഇതിവൃത്തമാക്കിയ ലൈല ഹാലയുടെ പോര്‍ച്ചുഗീസ് ചിത്രമാണ് പവര്‍ അലി.മഞ്ഞുവീഴ്ചയില്‍ അകപ്പെട്ടു പോയ കസാക്കിസ്ഥാന്‍ യുവാവിന്റെ സംഭവബഹുലമായ കഥയാണ് ദി സ്‌നോ സ്റ്റോം പങ്കുവയ്ക്കുന്നത്. ഡിയാഗോ ഡെല്‍ റിയോയുടെ ഓള്‍ ദി സയലന്‍സ്, പ്രണയവും ലൈംഗികതയും ചര്‍ച്ച ചെയ്യുന്ന ഹിന്ദി ചിത്രം ആഗ്ര എന്നിവയാണ് മത്സര ചിത്രത്തിലെ മറ്റു ചിത്രങ്ങള്‍.