തിരുവനന്തപുരം: 28ാമത് രാജ്യാന്തര ചലച്ചിത്ര മേള അവസാനിക്കാന്‍ ഒരു ദിവസം മാത്രം ശേഷിക്കേ സുവര്‍ണ ചകോരത്തിനായി കടുത്ത മത്സരം. മേളയില്‍ മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ചിത്രങ്ങളെല്ലാം മികച്ചതാണെന്നാണ് ജൂറിയുടെ വിലയിരുത്തല്‍.
നിലവില്‍ 8 ചിത്രങ്ങളാണ് സുവര്‍ണ ചകോരത്തിനായി ഇഞ്ചോടിഞ്ച് പോരാടുന്നത്. ആള്‍ ദി സയലന്‍സ്, ആഷിലെസ്, സ്നോ സ്റ്റോം, സതേണ്‍ സ്റ്റോം, സണ്‍ഡെ, ടോട്ടം, ആഗ്ര, മലയാള ചിത്രങ്ങളായ ഫാമിലി, തടവ് എന്നീ ചിത്രങ്ങളാണ് മത്സരത്തില്‍ മുന്നില്‍.
എഡ്ഗാര്‍ഡോ ഡയ്ലെക്ക്, ഡാനിയല്‍ കാസബെ എന്നിവര്‍ സംവിധാനം ചെയ്ത ഒരു കുറ്റാന്വേഷകന്റെ ജീവിതം പറയുന്ന ചിത്രമാണ് സതേണ്‍ സ്റ്റോം. വോളിബോള്‍ താരമായ പെണ്‍കുട്ടിയുടെ അതിജീവനത്തെ ഇതിവൃത്തമാക്കിയ ലൈല ഹാലയുടെ പോര്‍ച്ചുഗീസ് ചിത്രമാണ് പവര്‍ അലി.
മഞ്ഞുവീഴ്ചയില്‍ അകപ്പെട്ടു പോയ കസാക്കിസ്ഥാന്‍ യുവാവിന്റെ സംഭവബഹുലമായ കഥയാണ് ദി സ്നോ സ്റ്റോം പങ്കുവയ്ക്കുന്നത്. അമ്പത് വയസ്സുകാരിയായ അംഗന്‍വാടി ടീച്ചറായ ഗീതയുടെ ജീവിതമാണ് തടവിന്റെ പ്രമേയം. പ്രാദേശികതയില്‍ ഊന്നിനില്‍ക്കുന്ന പശ്ചാത്തലം, പ്രത്യേക സ്വഭാവ സവിശേഷതകളുള്ള കഥാപാത്രങ്ങള്‍, യാഥാര്‍ത്ഥ്യത്തോട് ചേര്‍ന്നുനില്‍ക്കുന്ന പരിചരണം, ഡാര്‍ക്ക് കോമഡി ചിത്രമെന്നും വിലയിരുത്താം.
മത്സര വിഭാഗത്തില്‍ മലയാളത്തില്‍ നിന്നുള്ള ഫാമിലിയും മെക്സിക്കന്‍ സിനിമയായ ഓള്‍ ദി സയലന്‍സ് എന്ന ചിത്രവും പ്രേക്ഷകപ്രീതി നേടിയവയാണ്. ഒരു കേസന്വേഷണവും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് എഡ്ഗാര്‍ഡോ ഡയ്ലെക്ക്, ഡാനിയല്‍ കാസബെ എന്നിവര്‍ സംവിധാനം ചെയ്ത സതേണ്‍ സ്റ്റോം എന്ന ചിത്രം.
അതിസങ്കീര്‍ണമായ കുടുംബ ബന്ധത്തിന്റെ കഥയാണ് മെക്സിക്കന്‍ സംവിധായിക ലില അവിലെസിന്റെ ടോട്ടം. ഏഴുവയസ്സുകാരിയായ സോള്‍ അവളുടെ മുത്തച്ഛന്റെ വീട്ടിലേക്ക് പോകുന്നു. അവിടെ അവളുടെ അമ്മായിമാരായ നൂറിയും അലജാന്ദ്രയും അവളുടെ പിതാവിനായി ഒരു സര്‍പ്രൈസ് ജന്‍ദിന പാര്‍ട്ടി നടത്തുന്നു. ഏഴുവയസ്സുകാരിയായ സോളിന്റെ ജീവിതത്തില്‍ ഇപ്പോള്‍ വളരെയധികം അനിശ്ചിതത്വമുണ്ട്. അതിനാല്‍ അവള്‍ മുത്തച്ഛന്റെ വീട്ടിലെ തിരക്കില്‍ നിന്ന് ശാന്തമായ ഒരു മൂലയിലേക്ക് അമ്മയുടെ ഫോണ്‍ എടുത്ത് സിരിയോട് അവളുടെ വലിയ ചോദ്യം ചോദിക്കുന്നു. വീട്ടില്‍ തടിച്ചുകൂടുന്ന മുതിര്‍ന്നവരുടെ സംഭാഷണ ശകലങ്ങളില്‍ നിന്ന്, അവസാനം ഒരു വഴിക്ക് അകലെയാണെങ്കിലും, അവളുടെ ലോകം അല്ലെങ്കില്‍ അതിന്റെ ഒരു ഭാഗമെങ്കിലും എന്നെന്നേക്കുമായി മാറാന്‍ പോകുകയാണെന്ന് മനസ്സിലാക്കാന്‍ ഈ കൊച്ചു പെണ്‍കുട്ടി വേണ്ടത്ര വിവരങ്ങള്‍ ശേഖരിക്കുന്നു.
അടിച്ചേല്‍പ്പിക്കപ്പെടുന്ന തലമുറ മാറ്റത്തിന് മുന്നില്‍ പകച്ചുനില്‍ക്കേണ്ടി വരുന്ന വൃദ്ധ ദമ്പതിമാരുടെടെ കഥ വരച്ചുകാട്ടിയ മനോഹര ചിത്രമാണ് 'സണ്‍ഡേ'. ഷോഖിര്‍ ഖോലികോവ് ഒരുക്കിയ ഈ ഉസ്ബക്കിസ്ഥാന്‍ ചിത്രം അന്താരാഷ്ട്ര തലത്തില്‍ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. ഉസ്ബക്കിസ്ഥാനില്‍ പരസ്പരം കലഹിച്ചും സ്നേഹിച്ചും സ്വയം അധ്വാനിച്ചും കഴിയുന്ന ദമ്പതിമാരുടെ ജീവിതം മകന്റെ ഇടപെടലിലൂടെ കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ മാറിമറിയുന്ന കാഴ്ചയാണ് സംവിധായകന്‍ പ്രേക്ഷകര്‍ക്കായി ഒരുക്കി വെച്ചിരിക്കുന്നത്.
പിരിമുറുക്കങ്ങളും അസ്വസ്ഥതകളും നിറഞ്ഞ ജീവിതങ്ങളുടെ നേര്‍ക്കാഴ്ച്ചകളാണ് ആഗ്രയില്‍ പറയുന്നത്. ആഗ്രയിലെ ഒരു ചെറിയ വീടിനുള്ളില്‍ തിങ്ങിഞ്ഞെരുങ്ങി അസ്വസ്ഥനായി കഴിയേണ്ടിവരുന്നൊരു യുവാവാണ് ഗുരു. മാനസിക വിഭ്രാന്തിയുടെ പല അവസ്ഥാന്തരങ്ങളിലൂടെ സഞ്ചരിക്കുന്ന ഈ 24 കാരന് ലൈംഗിക തൃഷ്ണയും വെല്ലുവിളിയാണ്. ഇന്ത്യന്‍ സാമൂഹിക ചുറ്റുപാടില്‍ കാണുന്ന നിരവധി സംഭവങ്ങളുടെ നേര്‍ക്കാഴ്ചയാകുകയാണ് കനു ബഹല്‍ ഒരുക്കിയ 'ആഗ്ര'.
റിത അസെവിഡോ ഗോമസ്, പാബ്ലോ സീസര്‍, ബൗക്കറി സവഡോഗോ, കികി ഫങ്, പാന്‍ നളിന്‍ തുടങ്ങിയവരാണ് മത്സര വിഭാഗത്തിന്റെ ജൂറി അംഗങ്ങള്‍. സുവര്‍ണ ചകോരത്തിനായി പരിഗണിക്കുന്ന ചിത്രങ്ങള്‍ ജൂറി അംഗങ്ങള്‍ നിരവധി തവണ കണ്ടിട്ടും ഇതില്‍ ഏതാണ് തിരഞ്ഞെടുക്കേണ്ടതെന്ന ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്. ഈ ചിത്രങ്ങളുടെ പ്രമേയം ഒന്നിനൊന്നു മെച്ചമാണെന്നാണ് ജൂറിയുടെ വിലയിരുത്തല്‍. നാളെ ഉച്ചയോടെ ഏതു ചിത്രമാണ് സുവര്‍ണ ചകോരം നേടുകയെന്നതു സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കും.