തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേള നാല് ദിവസം പിന്നിടുമ്പോള്‍ മലയാള ചിത്രങ്ങള്‍ക്ക് വന്‍ സ്വീകാര്യത. ഇരുപത്തഞ്ച് മലയാള ചിത്രങ്ങളാണ് വ്യത്യസ്ത വിഭാഗങ്ങളിലായി മേളയില്‍ ഇടംപിടിച്ചത്. മലയാളം സിനിമ ടുഡേ, ഹോമേജ്, റീസ്റ്റോര്‍ഡ് ക്ലാസിക്‌സ്, കാലിഡോസ്‌കോപ്പ് വിഭാഗങ്ങളിലാണ് പ്രദര്‍ശനം.
ജിയോ ബേബി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം കാതലാണ് മേളയില്‍ പ്രേക്ഷകപ്രീതിയില്‍ മുന്നില്‍. ആനന്ദ് ഏകര്‍ഷിയുടെ ആട്ടവും മേളയിലെ ആകര്‍ഷക ചിത്രങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ചു കഴിഞ്ഞു . സ്വവര്‍ഗ്ഗാനുരാഗികളുടെ ജീവിതയാഥാര്‍ഥ്യങ്ങളും സങ്കീര്‍ണതകളും പങ്കുവെക്കുന്ന കാതല്‍ എന്ന ചിത്രം അണിയറപ്രവര്‍ത്തകരുടെ സാന്നിധ്യത്തിലാണ് പ്രദര്‍ശിപ്പിച്ചത്.
സുനില്‍ മാലൂര്‍ സംവിധാനം ചെയ്ത വാലസൈ പറവകള്‍, ശാലിനി ഉഷാദേവിയുടെ എന്നെന്നും, പ്രശാന്ത് വിജയുടെ ദായം, റിനോഷന്റെ ഫസ്റ്റ് ഫൈവ് ഡേറ്റ്സ് എന്നീ ചിത്രങ്ങളും നീലമുടി, ആപ്പിള്‍ ചെടികള്‍, ബി 32 മുതല്‍ 44 വരെ, ആനന്ദ് മൊണാലിസ മരണവും കാത്ത്, ഓ. ബേബി, ഇംഗ്ലീഷ് മലയാളം ഭാഷകളിലായി ഒരുക്കിയ ഷെര്‍സാദെ എന്നിവയാണ് മേളയില്‍ ആകര്‍ഷകമായ മലയാളസിനിമകള്‍. മണ്മറഞ്ഞ പ്രതിഭകള്‍ക്ക് ആദരം അര്‍പ്പിക്കുന്ന ഹോമേജ് വിഭാഗത്തില്‍ റാംജിറാവു സ്പീക്കിംഗ്, പെരുമഴക്കാലം, യവനിക തുടങ്ങിയ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത്.