സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാനായ സംവിധായകൻ രഞ്ജിത്ത് ഇടപെട്ടു എന്ന ആരോപണത്തെ തുടർന്ന് ഈ വർഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി. അവാർഡ് നിർണയത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാനായ സംവിധായകൻ രഞ്ജിത്ത് ഇടപെട്ടെന്നതിന് തെളിവില്ലെന്ന് വ്യക്തമാക്കിയാണ് കോടതി ഹർജി തള്ളിയത്.
വിഷയത്തിൽ ഇന്ന് വിശദീകരണം നൽകാൻ സർക്കാരിനോട് ജസ്റ്റിസ് ബസന്ത് ബാലാജി നിർദ്ദേശിച്ചിരുന്നു. ജൂറി അംഗങ്ങൾക്ക് പരാതി ഉണ്ടെങ്കിൽ അവർക്ക് നേരിട്ട് കോടതിയെ സമീപിക്കാമായിരുന്നല്ലോ എന്നും മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ അന്വേഷണത്തിന് ഉത്തരവിടാനാകില്ലെന്നും കോടതി വ്യക്തമാക്കി.
പുരസ്കാര വിതരണത്തിൽ അക്കാദമി ചെയർമാൻ രഞ്ജിത്ത് ഇടപെട്ടെന്ന് ചൂണ്ടികാട്ടി 'ആകാശത്തിന് താഴെ' എന്ന സിനിമയുടെ സംവിധായകൻ ലിജീഷ് മുല്ലേഴത്ത് ആണ് ഹർജി നൽകിയത്. തെളിവ് ഹാജരാക്കാൻ ഹർജിക്കാരൻ കൂടുതൽ സാവകാശം തേടിയെങ്കിലും ഇതെല്ലാം ഹർജി സമർപ്പിക്കുമ്പോൾ വേണമായിരുന്നുവെന്ന് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ പറഞ്ഞു.
ഹർജിക്കാരനായ സംവിധായകൻ ലിജീഷ് മുല്ലേഴത്ത് അവാർഡിന് സമർപ്പിച്ച ഗണത്തിലുള്ള സിനിമയുമായി ബന്ധപ്പെട്ട് വിവാദങ്ങളില്ലെന്നും അതിനാൽ ഹർജിക്കാരൻറെ അവകാശം ലംഘിക്കപ്പെട്ടിട്ടില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു. അവാർഡ് നിർണ്ണയത്തിൽ സ്വജനപക്ഷപാതം ഉണ്ടായതായി ആരോപിച്ചായിരുന്നു ഹർജി. അവാർഡ് പ്രഖ്യാപനത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത് ഇടപെട്ടതിന് തെളിവുണ്ടെന്നും, അതിനാൽ അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് ജൂറി അംഗങ്ങളിൽ നിയമവിരുദ്ധമായി ഇടപെട്ട് അർഹതയുള്ളവരുടെ അവാർഡ് തടഞ്ഞെന്നായിരുന്നു ഹർജിയിലെ പ്രധാന ആരോപണം. സിനിമ സംവിധായകനായ വിനയൻ പുറത്ത് വിട്ട നേമം പുഷ്പരാജിൻറെ ഓഡിയോ സംഭാഷണം സ്വജനപക്ഷപാതം നടത്തിയെന്നതിൻറെ തെളിവായി ഹർജിയിൽ ചൂണ്ടികാട്ടുകയും ചെയ്തു.
തൻറെ സിനിമയായ പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തിന് പുരസ്കാരം കിട്ടാതിരിക്കാൻ രഞ്ജിത്ത് ഹീനമായ രാഷ്ട്രീയം കളിച്ചുവെന്നും ഇതിനു തൻറെ പക്കൽ തെളിവുണ്ടെന്നും സംവിധായകൻ വിനയൻ ആരോപിച്ചിരുന്നു. അതേസമയം, ചലച്ചിത്ര അവാർഡ് നിർണ്ണയത്തിനെതിരായ വിനയൻറെ പരാതികൾ സാംസ്ക്കാരിക മന്ത്രിയും തള്ളിയിരുന്നു. ചലച്ചിത്ര അക്കാദമി അവാർഡ് ചെയർമാൻ രഞ്ജിത്ത് അവാർഡ് നിർണ്ണയത്തിൽ ഇടപെട്ടിട്ടില്ലെന്നും അവാർഡിൽ ഒരു മാറ്റവും ഉണ്ടാകില്ലെന്നും സജി ചെറിയാൻ വ്യക്തമാക്കുകയും ചെയ്തു.
" width="100%" height="411px" frameborder="0" allowfullscreen="allowfullscreen">