ചന്ദ്രമുഖി 2; രജനിക്ക് പകരം വേട്ടയ്യനായി രാഘവ ലോറന്‍സ്, ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചന്ദ്രമുഖി 2 ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് നിര്‍മ്മാതാക്കള്‍. ലൈക്ക പ്രൊഡക്ഷന്‍സ് എക്‌സ് അക്കൌണ്ടിലാണ് പോസ്റ്റര്‍ പങ്കുവച്ചിരിക്കുന്നത്.

author-image
Greeshma Rakesh
New Update
ചന്ദ്രമുഖി 2; രജനിക്ക് പകരം വേട്ടയ്യനായി രാഘവ ലോറന്‍സ്, ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്

 

 

ചെന്നൈ: പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചന്ദ്രമുഖി 2 ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് നിര്‍മ്മാതാക്കള്‍. ലൈക്ക പ്രൊഡക്ഷന്‍സ് എക്‌സ് അക്കൌണ്ടിലാണ് പോസ്റ്റര്‍ പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിലെ നായകനായ രാഘവ ലോറന്‍സിനെ വേട്ടയ്യന്‍ എന്ന വില്ലന്‍ കഥാപാത്രമായാണ് അവതരിപ്പിച്ചിരിക്കുന്നത്. 2005 ലെ ചന്ദ്രമുഖി എന്ന സിനിമയില്‍ രജനികാന്ത് അവതരിപ്പിച്ച വേഷമാണിത് വേട്ടയ്യന്‍. പി വാസു സംവിധാനം ചെയ്യുന്ന ചന്ദ്രമുഖി 2ല്‍ കങ്കണ റണൌട്ട് ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

 

പോസ്റ്ററില്‍ തമിഴ് നടന്‍ രാഘവ ലോറന്‍സിന്റെ വേട്ടയ്യന്‍ കൊട്ടാരത്തിന്റെ ഗോവണിപ്പടിയില്‍ നിന്ന് ഇറങ്ങിവരുന്ന രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. രാജകീയ വസ്ത്രവും ആഭരണങ്ങളും ധരിച്ച് വേട്ടയ്യന്റെ ചിരിയോടെയാണ് രാഘവ ലോറന്‍സ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എന്നാല്‍ രജനിയുടെ ക്യാരക്ടറുമായി ചില താരതമ്യങ്ങള്‍ വരും എന്നത് തീര്‍ച്ചയാണ്. അതിന്റെ ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ ആരംഭിച്ചിട്ടുണ്ട്.

 

മലയാളത്തിലെ എക്കാലത്തേയും ഹിറ്റ് ചിത്രം മണിച്ചിത്രത്താഴിന്റെ തമിഴ് റീമേക്ക് ആയിരുന്നു രജനീകാന്ത് നായകനായി 2005ല്‍ പുറത്തെത്തിയ ചന്ദ്രമുഖി. 17 വര്‍ഷത്തിനു ശേഷമാണ് ഈ ചിത്രത്തിന് ഒരു രണ്ടാം ഭാഗം വരുന്നത്. ചിത്രത്തിലെ മറ്റൊരു പ്രധാന ആകര്‍ഷണം വടിവേലുവാണ്. വളരെക്കാലത്തിന് ശേഷം തന്റെ തട്ടകമായ കോമഡി വേഷത്തിലേക്ക് വടിവേലു തിരിച്ചുവരുന്നു എന്നത് ഏറെ സന്തോഷത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

 

അതേ സമയം ചന്ദ്രമുഖി 2വിന് സംഗീതം നല്‍കുന്നത് ഓസ്‌കാര്‍ ജേതാവ് എം എം കീരവാണിയാണ്. ഛായാഗ്രഹണം ആര്‍ ഡി രാജശേഖര്‍ ആണ്. കലാസംവിധാനം തോട്ട തരണി. ചിത്രീകരണം ആരംഭിക്കുന്നതിനു മുന്നോടിയായി ചന്ദ്രമുഖിയില്‍ നായകനായ രജനീകാന്തിനെ കണ്ട് ലോറന്‍സ് അനുഗ്രഹം വാങ്ങിയിരുന്നു.

chandramukhi 2 raghava lawrence Tamil Movie Industry