മമ്മുട്ടിയെ ‘നൻ പകൽ നേരത്ത്’ എന്ന സിനിമയുടെ ലൊക്കേഷനിൽ കാണാൻ പോയപ്പോൾ ഉണ്ടായ രസകരമായ ഒരു സംഭവത്തെ പറ്റി ധ്യാൻ ഓർത്തെടുക്കുന്നു.ഒരു വർഷം 34 സിനിമ ചെയ്ത തന്റെ റെക്കോർഡ് നീ തകർക്കുമോ എന്ന് മമ്മൂട്ടി ചോദിച്ചെന്ന് ധ്യാൻ പറയുന്നു. ‘നദികളിൽ സുന്ദരി യമുന’ എന്ന ചിത്രത്തിന്റെ പ്രസ്മീറ്റിലാണ് ധ്യാൻ ശ്രീനിവാസൻ ഇക്കാര്യം വെളിപ്പെടുത്തിയത്.
‘‘ഞാൻ ജയിലറിന്റെ ഷൂട്ടിങ്ങിലിരിക്കുമ്പോൾ അപ്പുറത്ത് നൻപകൽ നേരത്തെ മയക്കത്തിന്റെ ചിത്രീകരണം നടക്കുകയാണ്. കുറച്ചുദിവസമായി മമ്മൂട്ടി അങ്കിൾ അപ്പുറത്ത് റൂമിൽ ഉണ്ട് എന്നറിയാം. പക്ഷേ ഞാൻ ഷൂട്ടിങ്ങിന്റെ തിരക്കിലാണല്ലോ, എനിക്ക് അദ്ദേഹത്തെ കാണാൻ സമയം കിട്ടുന്നില്ല. മമ്മൂട്ടി അങ്കിൾ ദിവസവും ഷൂട്ടിങ് കഴിഞ്ഞു വരും, അവൻ അപ്പുറത്ത് ഉണ്ടല്ലോ ഇത്രയും ദിവസമായി എന്നെ കാണാൻ വന്നില്ലല്ലോ എന്ന് വിചാരിക്കുന്നുണ്ടാകും. അവർ 28 ദിവസത്തെ ഷൂട്ടിങ് കഴിഞ്ഞു പോയി, ഞാൻ 42 ദിവസത്തെ ചിത്രീകരണവുമായി വലിയ തിരക്കിലാണ്.
ഒരു ദിവസം രാത്രി എന്നെ നിർമാതാവ് ആന്റോ ചേട്ടൻ, മമ്മൂട്ടി അങ്കിളിന്റെ അടുത്ത് എന്നെ വിളിച്ചു കൊണ്ടുപോയി. പ്രൊഡ്യൂസർ അസോസിയേഷൻ നിലനിന്നു പോകുന്നതിന്റെ കാരണക്കാരൻ ആയ വ്യക്തിയെ ദാ കൊണ്ടുവന്നിരിക്കുന്നു എന്നു പറഞ്ഞു. അവർ പറഞ്ഞതിലും കാര്യമുണ്ട്, കാരണം എത്രയോ ആളുകൾക്കാണ് നമ്മൾ ജോലി കൊടുക്കുന്നത്.
അത്രയും ആളുകൾ അവിടെ റജിസ്റ്റർ ചെയ്യുകയല്ലേ. അസോസിയേഷന് അവിടെ നിന്നല്ലേ ഫണ്ട് വരുന്നത്. എന്നോട് മമ്മൂട്ടി അങ്കിൾ ചോദിച്ചു, ‘‘ഈ വർഷം എത്ര സിനിമയായി’’. ഞാൻ പറഞ്ഞു ഒരു 8 എണ്ണം ആയി. അദ്ദേഹം പറഞ്ഞു, ‘‘84ലോ 86ലോ മറ്റോ എനിക്കൊരു റെക്കോർഡ് ഉണ്ടായിരുന്നു, 34 പടം അഭിനയിച്ചതിന്റെ, ആ റെക്കോർഡ് നീ ബ്രേക്ക് ചെയ്യുമോ?’’. ഞാൻ ശ്രമിക്കുന്നുണ്ട്. ഐ വിൽ ട്രൈ മൈ ബെസ്റ്റ്’’ എന്നായിരുന്നു എന്റെ മറുപടി.’’– ധ്യാൻ ശ്രീനിവാസൻ പറയുന്നു.