സംഗീത സംവിധായകന്‍ എ.ആര്‍. റഹ്മാനേയും അദ്ദേഹത്തിന്റെ സംഗീത പരിപാടിയുടെ സംഘാടനത്തിനേയും വിമര്‍ശിച്ച് ആരാധകര്‍ രംഗത്ത്. ചെന്നൈയിലെ ആദിത്യരാം പാലസില്‍ ഞായറാഴ്ച നടന്ന
'മറക്കുമാ നെഞ്ചം' എന്ന പരിപാടിയുടെ മോശം സംഘാടനമാണ് ആരാധകരുടെ അമര്‍ഷത്തിന് കാരണമായത്.
നിയമപ്രകാരം ടിക്കറ്റെടുത്ത നിരവധി ആളുകള്‍ക്ക് സംഗീതനിശ നടക്കുന്ന സ്ഥലത്തിന്റെ അടുത്ത് പോകാന്‍ പോലും കഴിഞ്ഞില്ല. ഇതാണ് സോഷ്യല്‍ മീഡിയയിലെ പ്രതിഷേധങ്ങള്‍ക്ക് കാരണമായത്.
അമ്പതിനായിരത്തോളം പേരാണ് സംഗീത പരിപാടിയില്‍ പങ്കെടുക്കാന്‍ പാലസിലെത്തിയത്. സ്ത്രീകളും കുട്ടികളുമെല്ലാം സ്ഥലത്ത് ഉണ്ടായ ശക്തമായ തിക്കിലുംതിരക്കിലും പെട്ടു.
സംഗീത നിശ ആസ്വദിക്കാന്‍ വന്‍തുക നല്‍കി ടിക്കറ്റ് എടുത്തവര്‍ക്ക് അവിടേക്ക് എത്താന്‍ പോലും കഴിഞ്ഞില്ല.ഇതോടെ സംഘാടകരെ രൂക്ഷമായി വിമര്‍ശിച്ചാണ് ആളുകള്‍ മടങ്ങിപ്പോയത്.
ഓഗസ്റ്റ് 12 നാണ് ഈ സംഗീത നിശ നടക്കാനിരുന്നത്. പിന്നീട് ശക്തമായ മഴയേത്തുടര്‍ന്നാണ് പരിപാടി ഞായറാഴ്ചത്തേക്ക് മാറ്റി വെച്ചത്. എസിടിസി ഇവന്റ്‌സിനായിരുന്നു സംഘാടനച്ചുമതല.
അനുവദിച്ചതിനേക്കാള്‍ കൂടുതല്‍ ടിക്കറ്റുകള്‍ വിറ്റതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് ആരാധകര്‍ ആരോപിക്കുന്നത്. തിക്കും തിരക്കിനുമിടയില്‍ സ്ത്രീകളെ അപമാനിക്കാനും ശ്രമം നടന്നതായി ആരോപണമുണ്ട്.
അടുത്ത പ്രാവശ്യം പരിപാടികള്‍ മെച്ചപ്പെട്ട രീതിയില്‍ നടത്തണമെന്ന് സംഗീതനിശയ്‌ക്കൊടുവില്‍ ആദിത്യരാം മേധാവി സംഘാടകരോട് അഭ്യര്‍ത്ഥിച്ചു.
എ.ആര്‍.റഹ്മാന്‍ ആരാധകരോട് മാപ്പുപറയണമെന്നും ചിലര്‍ ആവശ്യമുയര്‍ത്തുന്നുണ്ട്. അതേസമയം വിഷയത്തില്‍ എ.ആര്‍. റഹ്മാന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.