ഓസ്‌കർ പുരസ്‌കാരം ലഭിച്ച ദ എലിഫന്റ് വിസ്പറേഴ്‌സ് എന്ന ഡോക്യുമെന്ററിയുടെ സംവിധായികയ്ക്കും നിർമാതാക്കൾക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്ത് വന്നിരിക്കുകയാണ് ഡോക്യുമെന്ററിയിലൂടെ പ്രശസ്തരായ ദമ്പതിമാരായ ബൊമ്മനും ബെല്ലിയും. ഡോക്യുമെന്ററിയുടെ സംവിധായിക കാർതികി ഗോൺസാൽവസ്, നിർമാതാക്കളായ സിഖ്യ എന്റർടെയിൻമെന്റ്‌സ് എന്നിവർക്കെതിരേയാണ് ഗുരുതര ആരോപണങ്ങൾ ഇവർ ഉന്നയിച്ചത്. തങ്ങളെ സാമ്പത്തികമായി ചൂഷണം ചെയ്യുകയായിരുന്നെന്നാണ് ബിഹൈൻഡ് വുഡ്‌സ് എന്ന തമിഴ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ അവർ പറഞ്ഞത്.
ഡോക്യുമെന്ററിയുടെ ചിത്രീകരണസമയത്ത് സംവിധായികയ്ക്ക് തങ്ങളുമായി നല്ല ബന്ധം ഉണ്ടായിരുന്നവെന്നും ചിത്രത്തിന് ഓസ്‌കർ ലഭിച്ചതിനുശേഷം തങ്ങളുമായി അവർക്കുണ്ടായിരുന്ന ആശയവിനിമയത്തിൽ കാര്യമായ മാറ്റങ്ങളുണ്ടായിയെന്നും ബൊമ്മനും ബെല്ലിയും പറഞ്ഞു. ഇപ്പോഴിതാ ഡോക്യുമെന്ററിയുടെ നിർമാതാക്കളോട് രണ്ട് കോടി ആവശ്യപ്പെട്ട് ബൊമ്മനും ബെല്ലിയും വക്കീൽ നോട്ടീസ് അയച്ചുവെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.
ഡോക്യുമെന്ററിയുടെ ചിത്രീകരണം തുടങ്ങുന്നതിന് മുന്നോടിയായി തങ്ങൾക്ക് വീട് വച്ചു നൽകാമെന്നും സാമ്പത്തിക സഹായം ചെയ്യുമെന്നും വാക്ക് നൽകിയതായും എന്നാൽ അതൊന്നും പാലിക്കപ്പെട്ടില്ലെന്നും നോട്ടീസിൽ പറയുന്നു. കൂടാതെ ഡോക്യുമെന്ററിയ്ക്ക് ലഭിക്കുന്ന വരുമാനത്തിന് അനുസൃതമായി ഒരു പങ്കുനൽകാമെന്ന് പറഞ്ഞിരുന്നു. അതും പാലിക്കപ്പെട്ടില്ല. അതേ സമയം ഓസ്‌കർ നേട്ടത്തിന് ശേഷം തമിഴ്‌നാട് മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും പാരിതോഷികമായി നൽകിയ തുക അവർ കൈക്കലാക്കിയെന്നും വക്കീൽ നോട്ടീസിൽ പറയുന്നു.
സിനിമയ്ക്കായി ഒരു വിവാഹരംഗം ചിത്രീകരിക്കാൻ സ്വന്തം കയ്യിൽനിന്ന് പണം ചെലവാക്കിയ കഥയും ഇവർ പറഞ്ഞു. ബെല്ലിയുടെ പേരക്കുട്ടിയുടെ പഠനാവശ്യത്തിനായി കരുതിയ പണമാണ് ഡോക്യുമെന്ററിക്കായി മുടക്കിയതെന്ന് ദമ്പതിമാർ ആരോപിക്കുന്നു. 'സിനിമയിലെ വിവാഹരംഗം ഒറ്റദിവസം കൊണ്ട് ചിത്രീകരിക്കണമെന്നാണ് കാർതികി ഗോൺസാൽവസ് പറഞ്ഞത്. വേണ്ടത്ര പണമില്ലാതിരുന്നതിനാൽ എവിടെനിന്നെങ്കിലും സംഘടിപ്പിക്കാനാവുമോ എന്ന് ചോദിച്ചു. ഒരു ലക്ഷം രൂപയ്ക്കടുത്ത് വരും. ചിത്രീകരണം കഴിഞ്ഞാൽ തിരികെ തരാമെന്ന് പറഞ്ഞിട്ടാണ് അത്രയും സംഖ്യ കൊടുത്തത്. എന്നാൽ ഇതുവരെ ആ പണം അവർ തിരികെ തന്നിട്ടില്ല. അവരെ വിളിക്കുമ്പോൾ തിരക്കാണെന്നും തിരികെ വിളിക്കാമെന്നുമാണ് പറയുന്നത്. പക്ഷേ ഇതുവരെയും വിളിച്ചിട്ടില്ല.' ബൊമ്മനും ബെല്ലിയും അഭിമുഖത്തിൽ ആരോപിച്ചു.
കൂടാതെ സിനിമയുടെ വിജയത്തിനുശേഷം നിർമാതാക്കൾ തങ്ങളോട് പെരുമാറിയ വിധത്തിലുള്ള അതൃപ്തിയും ഇരുവരും പ്രകടിപ്പിച്ചു. 'ആദിവാസികൾ എന്ന തങ്ങളുടെ വ്യക്തിത്വത്തിന് ഡോക്യുമെന്ററി ശ്രദ്ധേയമാക്കുന്നതിൽ നിർണായക പങ്കുണ്ട്. ആദരിക്കുന്ന ചടങ്ങിൽ ഓസ്‌കർ ശില്പത്തിൽ തൊടാൻ പോലും അനുവദിച്ചില്ല. ആ ഡോക്യുമെന്ററി പുറത്തിറങ്ങിയ ശേഷം തങ്ങൾക്ക് മനസ്സമാധാനം നഷ്ടപ്പെട്ടു. മുംബൈയിൽ നിന്ന് കോയമ്പത്തൂരെത്തിയ ശേഷം ഞങ്ങളുടെ ഗ്രാമത്തിലേക്ക് പോകാനുള്ള പണം കയ്യിലുണ്ടായിരുന്നില്ല. സിനിമക്കാരോട് ചോദിച്ചപ്പോൾ ഇപ്പോൾ കയ്യിലില്ലെന്നും സംഘടിപ്പിക്കാമെന്നുമായിരുന്നു മറുപടി. തരാനുള്ള തുക തന്നെന്ന് ഒരിക്കൽ കാർതികി പറഞ്ഞിരുന്നു. എന്നാൽ ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോൾ വെറും 60 രൂപ മാത്രമായിരുന്നു അതിലുണ്ടായിരുന്നതെന്നും ' ബൊമ്മനും ബെല്ലിയും വ്യക്തമാക്കി.
അതേസമയം ഈ ആരോപണങ്ങളോടുള്ള പ്രതികരണവുമായി നിർമാതാക്കൾ രംഗത്തെത്തി. സിനിമയെടുക്കുമ്പോൾ തങ്ങൾ പ്രാധാന്യം നൽകിയത് ആനകളുടെ സംരക്ഷണം, ഇതിനായി വനംവകുപ്പും ബൊമ്മൻബെല്ലി ദമ്പതിമാർ നടത്തുന്ന പ്രയത്‌നങ്ങളേക്കുറിച്ചുമാണെന്നാണ് ഇവർ പറയുന്നത്. എന്നാൽ ബൊമ്മനും ബെല്ലിയും ഉയർത്തിയ ആരോപണങ്ങളേക്കുറിച്ച് ഇവർ കൂടുതൽ വിശദീകരണമോ വ്യക്തതയോ നൽകിയിട്ടില്ല എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.