പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന ഭാവന സ്റ്റുഡിയോസ് പ്രൊഡക്ഷന്‍ നമ്പര്‍ 5 പ്രഖ്യാപിച്ചു. ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ഫഹദ് ഫാസില്‍, ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌ക്കരന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന അഞ്ചാമത്തെ ചിത്രം സംവിധാനം ചെയ്യുന്നത് തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകന്‍ ഗിരീഷ് എ ഡി ആണ്. യുവ താരങ്ങളായ നസ്ലന്‍, മമിത ബൈജു എന്നിവര്‍ മുഖ്യവേഷങ്ങളില്‍ എത്തുന്ന സിനിമയുടെ ചിത്രീകരണം ജൂലായില്‍ആരംഭിക്കും.
ഭാവനാ സ്റ്റുഡിയോസും സംവിധായകന്‍ ഗിരീഷ് എ.ഡിയും ഒരുമിക്കുമ്പോള്‍ പ്രേക്ഷകപ്രതീക്ഷകള്‍ വാനോളമാണ്. ഗിരീഷിനൊപ്പമുളള നസ്ലെന്റെ നാലാമത്തെ ചിത്രമാണിത്. തണ്ണീര്‍മത്തന്‍ ദിനങ്ങളിലൂടെ അരങ്ങേറ്റം കുറിച്ച നസ്ലെന്‍, ഗിരീഷിന്റെ സൂപ്പര്‍ ശരണ്യയിലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. നസ്ലെന്‍ നായകനായ ഗിരീഷിന്റെ മൂന്നാമത്തെ ചിത്രം അയാം കാതലന്‍ റിലീസിനൊരുങ്ങുകയാണിപ്പോള്‍.
മമിതാ ബൈജുവും ഗിരീഷിന്റെ സൂപ്പര്‍ ശരണ്യ എന്ന ചിത്രത്തിലെ സോന എന്ന കഥാപാത്രത്തിലൂടെ ഏറെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഭാവനാ സ്റ്റുഡിയോസും ഗിരീഷും ഒരുമിക്കുന്ന ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കും.