' അപ്പോഴാണ് രഞ്ജിത്തിന്റെ കളിയാണെന്ന് മനസിലായത് '; നേമം പുഷ്പരാജിന്റെ ശബ്ദരേഖ പുറത്ത്

പത്തൊമ്പതാം നൂറ്റാണ്ടുപോലുള്ള ചവറ് സിനിമകളൊക്കെ തിരഞ്ഞെടുത്ത് ഫൈനല്‍ ജൂറിക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്ന് രഞ്ജിത്ത് പറഞ്ഞതായി നേമം പുഷ്പരാജ് വിനയനോട് പറയുന്നു.

author-image
Greeshma Rakesh
New Update
' അപ്പോഴാണ് രഞ്ജിത്തിന്റെ കളിയാണെന്ന് മനസിലായത് ';  നേമം പുഷ്പരാജിന്റെ ശബ്ദരേഖ പുറത്ത്

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തില്‍ അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് ഇടപെട്ടതായി തുറന്നുപറയുന്ന ജൂറി അംഗം നേമം പുഷ്പരാജിന്റെ ശബ്ദരേഖ പുറത്ത്.നേമം പുഷ്പരാജ്  സംവിധായകന്‍ വിനയനുമായി സംസാരിക്കുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്.രഞ്ജിത്ത് അനാവശ്യ ഇടപെടല്‍ നടത്തിയെന്ന ഗുരുതര ആരോപണങ്ങളാണ് നേമം ഉന്നയിക്കുന്നത്. വിനയന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിക്കൊപ്പം സമര്‍പ്പിച്ചതാണ് ഈ ശബ്ദരേഖ.

പത്തൊമ്പതാം നൂറ്റാണ്ടുപോലുള്ള ചവറ് സിനിമകളൊക്കെ തിരഞ്ഞെടുത്ത് ഫൈനല്‍ ജൂറിക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്ന് രഞ്ജിത്ത് പറഞ്ഞതായി നേമം പുഷ്പരാജ് വിനയനോട് പറയുന്നു.ആര്‍ട്ട് ഡയറക്ഷന്‍, മേക്കപ്പ്, കോസ്റ്റ്യൂം, കൊറിയോഗ്രാഫി എന്നിങ്ങനെ നിരവധികാര്യങ്ങള്‍ പരിഗണിക്കാവുന്നതാണെന്ന് താന്‍ മറുപടി പറഞ്ഞിരുന്നുവെന്നും അദ്ദേഹം പറയുന്നു. മറ്റ് ജൂറി അംഗങ്ങളടക്കം ഉണ്ടായിരുന്നപ്പോഴാണ് അക്കാര്യം പറഞ്ഞതെന്നും വിനയനോട് വിശദീകരിക്കുന്നു.

' സംഗീത സംവിധാനത്തിനും മികച്ച ഗായികയ്ക്കും ഡബ്ബിങ്ങിനുമുള്ള മൂന്ന് അവാര്‍ഡ് പത്തൊന്‍പതാം നൂറ്റാണ്ടിന് ലഭിച്ചു എന്ന് മനസിലായപ്പോള്‍, തീരുമാനമെടുത്ത് റൂമിലേക്ക് മടങ്ങിയ ജൂറി അംഗങ്ങളെ രഞ്ജിത്ത് തിരികെ വിളിച്ച് അവാര്‍ഡ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു. അപ്പോഴാണ് രഞ്ജിത്തിന്റെ രോഗം പിടികിട്ടുന്നതും, ഇത് രഞ്ജിത്തിന്റെ കളിയാണെന്ന് മനസിലാകുന്നതും' - നേമം പറയുന്നു. അവിടെവച്ച് തന്നെ നമ്മള്‍ എടുത്ത തീരുമാനം ശരിയാണെന്നും അതില്‍ ഉറച്ചുനില്‍ക്കാമെന്നും മറ്റ് ജൂറി അംഗങ്ങളോട് പറഞ്ഞതായും നേമം പുഷ്പരാജ് വ്യക്തമാക്കുന്നുണ്ട്.

' ഗൗതം ഘോഷ് തിരിച്ച് വന്ന് സംഗീതത്തിന് പുരസ്‌കാരം നല്‍കിയത് ഒന്നുകൂടെ പുനഃപരിശോധിക്കണമെന്ന അഭിപ്രായം വന്നിട്ടുണ്ട് എന്ന് പറഞ്ഞു. സമയമെടുത്ത് വിലയിരുത്തിയില്ല എന്നൊരു അഭിപ്രായമുണ്ടെന്നും പറഞ്ഞു. ഇവരുടെ കളി ശരിയല്ലെന്ന് മനസിലായതുകൊണ്ട് ഞാന്‍ അതില്‍ ഇടപെട്ടു. നമ്മള്‍ എല്ലാവരുംകൂടെ എടുത്ത തീരുമാനമാണല്ലോ, നിങ്ങള്‍ക്ക് അതില്‍ പ്രശ്നമെന്താ എന്ന് ചോദിച്ചു. ഒന്നുകൂടി ഒന്ന് ആലോചിച്ച് കുറച്ചുകൂടെ നല്ലതുണ്ടെങ്കില്‍ അത് തിരഞ്ഞെടുക്കാമല്ലോ എന്ന് വിചാരിച്ചാണ് പറഞ്ഞതെന്ന് ഹരി മറുപടി പറഞ്ഞു. മാറി ചിന്തിക്കേണ്ട കാര്യമെന്താണെന്ന് ചോദിച്ചതോടു കൂടി ഗൗതംഘോഷ് അത് തന്നെയങ്ങ് തീരുമാനിക്കാം എന്ന് പറഞ്ഞു. അങ്ങനെയാണ് ആ അവാര്‍ഡുകള്‍ ലഭിച്ചത്. അല്ലെങ്കില്‍ അതും നഷ്ടമായേനെ' - അദ്ദേഹം ഓഡിയോയില്‍ പറയുന്നു.

'ഇയാളെപ്പോലെ ഒരാള്‍ ഒരു സ്ഥാനത്ത് ഇരുന്നുകഴിഞ്ഞാല്‍ അയാള്‍ക്ക് വ്യക്തി വിരോധമുള്ള ആളുകള്‍ക്ക് നീതി കിട്ടില്ല. ഇവനൊക്കെ ഈ കമ്മ്യൂണിസ്റ്റ് ഭരണത്തിന്റെ കീഴിലാണല്ലോ ഇങ്ങനെയൊക്കെ ചെയ്യുന്നത് എന്നതിലാണ് ആശങ്ക തോന്നിപ്പോകുന്നത്. രഞ്ജിത്തിന്റെ ആദ്യ ഇടപെടല്‍തന്നെ മന്ത്രിയുടെ ഓഫീസില്‍ വിളിച്ച് പറഞ്ഞു. അതിന് ശേഷം രഞ്ജിത്ത് അവിടെ വന്നില്ല' - നേമം പറയുന്നു.

അതെസമയം വിനയന്റെ പരാതി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സാംസ്‌കാരിക വകുപ്പിന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. വിനയന്‍ നല്‍കിയ തെളിവിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ്, ജൂറി അംഗം നേമം പുഷ്പരാജിനോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷമാണ് പരാതി അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കിയത്.

ചലച്ചിത്ര പുരസ്‌കാര നിര്‍ണയത്തില്‍ ചെയര്‍മാന്‍ രഞ്ജിത്ത് ഇടപെട്ടെന്നും ജൂറി അംഗങ്ങളെ സമ്മര്‍ദ്ദത്തിലാക്കി പല പുരസ്‌കാരങ്ങളും മാറ്റിയെന്നുമാണ് വിനയന്റെ ആരോപണം. ചട്ടം ലംഘിച്ച് പുരസ്‌കാര നിര്‍ണയത്തില്‍ ഇടപെട്ട രഞ്ജിത്തിനെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് വിനയന്‍ മുഖ്യമന്ത്രിക്കും സാംസ്‌കാരിക വകുപ്പ് മന്ത്രിക്കും പരാതി നല്‍കിയത്.

 
vinayan State Film Award Controversy Nemom Pushparaj Ranjith