സമൂഹ മാദ്ധ്യമങ്ങളിൽ തരംഗമാകുകയാണ് ആർട്ടിക്കിൾ 370 ന്റെ ട്രെയിലർ. ഇതിനോടകം 12 മില്ല്യൺ ( ഒരു കോടി 20 ലക്ഷം) പേരാണ് വീഡിയോ കണ്ടത്. ആദിത്യ സുഹാസ് ജാംബലെ സംവിദാനം ചെയ്തിരിക്കുന്ന ചിത്രത്തിൽ കശ്മീർ വിഘടനവാദത്തെ തകർക്കാൻ കേന്ദ്ര സർക്കാർ ആർട്ടിക്കിൾ 370 പിൻവലിച്ച നടപടിയും തുടർ സംഭവ വികാസങ്ങളുമാണ് വിവരിക്കുന്നത്.
അതെസമയം സമൂഹമാദ്ധ്യമങ്ങിൽ ഏറെ ചർച്ചയാകുന്നത് സിനിമയിലെ കാസ്റ്റിംഗാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരുടെ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന നടന്മാരുടെ മേക്കോവറിനെ പ്രശംസിച്ച് നിരവധിപേരാണ് രംഗത്തുവന്നിരിക്കുന്നത്.
80 കളിലും 90 കളിലും ദൂരദർശനിലൂടെ തരംഗമായിമാറിയ രാമായണം ടെലിസീരിയലിൽ ശ്രീരാമന്റെ വേഷം അഭിനയിച്ച അരുൺ ഗോവിലാണ് പ്രധാനമന്ത്രിയുടെ റോൾ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നപ്പോൾ തന്നെ ആരാധകരുടെ ഭാഗത്തുനിന്നും മികച്ച പ്രതികരണമാണ് മേക്കോവറിന് ലഭിച്ചത്. ചിത്രത്തിൽ ആഭ്യന്തരമന്ത്രി അമിത്ഷായെ അവതരിപ്പിക്കുന്നത് പ്രശസ്ത ബോളിവുഡ് നടൻ കിരൺ കർമകാരാണ്.
ആർട്ടിക്കിൾ 370 പിൻവലിക്കാൻ കേന്ദ്രസർക്കാർ സ്വീകരിച്ച മുന്നൊരുക്കങ്ങളും ഇതിനായി രഹസ്യമായി താഴ്വരയിൽ പ്രവർത്തിച്ച സുരക്ഷാസേനയിലെ പ്രത്യേക ടീമിന്റെയും കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം. യഥാർത്ഥ സംഭവങ്ങൾ കൂട്ടിയിണക്കിക്കൊണ്ടുള്ള ചിത്രത്തിൽ യാമിഗൗതമും പ്രിയാ മണിയുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
‘ഉറി ദ സർജിക്കല് സ്ട്രൈക്ക്’ സിനിമയുടെ സംവിധായകൻ ആദിത്യ ധാർ, മൊണാൽ താക്കർ എന്നിവർ ചേർന്നാണ് സിനിമയുടെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. കുമാറിന്റെ വരികൾക്ക് ശാശ്വത് സച്ദേവാണ് സംഗീതം നൽകുന്നത്. ജ്യോതി ദേശ്പാണ്ഡെയ്‌ക്കൊപ്പം ആദിത്യ ധാർ, ലോകേഷ് ധാർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഈ മാസം 23 ന് സിനിമ തീയറ്ററുകളിലെത്തും.