നടൻ വിനായകൻ പൊലീസ് സ്റ്റേഷനിൽ ബഹളമുണ്ടാക്കിയെന്ന പോലീസിന്റെ ആരോപണത്തിനെതിരെ പ്രതികരിച്ച് സംവിധായകനും ബിഗ് ബോസ് സീസൺ ഫൈവ് വിജയിയുമായ അഖിൽ മാരാർ.
പൊലീസുകാർ വിനായകനോട് കാണിച്ചത് മാനനഷ്ടത്തിന് കേസുകൊടുക്കാവുന്ന രീതിയിലുള്ള പ്രവൃത്തിയാണെന്നു അഖിൽ മാരാർ പറയുന്നു.
വിനായകന്റെ അനുവാദമില്ലാതെ ഒരു ഭാഗം മാത്രം വീഡിയോ ചിത്രീകരിച്ച് പുറത്തുവിട്ട കേരളാ പൊലീസിന്റെ രീതി ഒട്ടും ശരിയായില്ല. വിഡിയോയിൽ വിനായകൻ മോശമായി പെരുമാറുന്നത് കാണുന്നില്ല.
കേരളത്തിലെ ഏത് പൊലീസ് സ്റ്റേഷനിൽ ചെന്നാലും സാധാരണക്കാരോട് മോശമായി പെരുമാറുന്ന പൊലീസുകാർ ഉണ്ട്. പലപ്പോഴും വിനായകനെ എതിർത്ത് സംസാരിച്ചിട്ടുണ്ടെങ്കിലും ഇക്കാര്യത്തിൽ വിനായകനോടൊപ്പമാണ് അഖിൽ മാരാർ പറയുന്നു.
‘‘പലപ്പോഴും വിനായകനെതിരെ പല സ്റ്റേറ്റ്മെന്റും നടത്തിയിട്ടുള്ള ആളാണ് ഞാൻ. മുൻപ് ഒരു സ്ത്രീയുടെ മീ ടൂ പരാതി വന്നപ്പോഴും, ഉമ്മൻചാണ്ടി സാറിനെ ആക്ഷേപിക്കുന്ന രീതിയിൽ അദ്ദേഹം ഒരു പരാമർശം നടത്തിയപ്പോഴും ഞാൻ വിനായകനെതിരെ സ്റ്റേറ്റ്മെന്റ് പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന വിഷയത്തിൽ എനിക്ക് എന്റേതായ അഭിപ്രായം പറയണം എന്നുള്ളതുകൊണ്ടാണ് ഞാൻ ഇപ്പോൾ സംസാരിക്കുന്നത്.
ഈ വിഷയത്തിൽ ശരി തെറ്റുകളെ വിലയിരുത്തൽ അല്ല ഇത് എന്റേതായിട്ടുള്ള കാഴ്ചപ്പാടിന്റെ പ്രതിഫലനം ആയിട്ട് കണ്ടാൽ മതി. എന്റെ അടുത്ത് പലരും ചോദിക്കാറുണ്ട് രാഷ്ട്രീയ പ്രവർത്തനം തിരഞ്ഞെടുക്കുന്ന സമയത്ത് ഏത് പാർട്ടിയിൽ പ്രവർത്തിക്കുമെന്ന്.
ഞാനിനി ഏത് രാഷ്ട്രീയ പാർട്ടിയിൽ പ്രവർത്തിച്ചാലും എന്റെ എതിർ രാഷ്ട്രീയ പാർട്ടിക്കാരൻ ചെയ്യുന്ന കാര്യങ്ങൾ ശരിയാണെങ്കിൽ അത് ഞാൻ ശരിയെന്ന് തന്നെ പറയും.
ഈ ലോകത്ത് മനുഷ്യൻ തെറ്റ് മാത്രം ചെയ്യുമെന്ന് വിശ്വസിക്കുകയും അല്ലെങ്കിൽ ഒരാളെ അന്ധമായിട്ടു എതിർക്കണം എന്ന് വിശ്വസിക്കുകയും ചെയ്യുന്ന ആളല്ല ഞാൻ. ശരികളെ ശരികളായും തെറ്റുകളെ തെറ്റുകളായും കാണാനാണ് ഞാൻ ആഗ്രഹിക്കുന്നത്.
അതുകൊണ്ടുതന്നെ ഞാൻ മനസ്സിലാക്കിയിടത്തോളം വിനായകന്റെ ഭാഗത്തുനിന്ന് സംഭവിച്ച തെറ്റ് അത് എന്തുതന്നെ ആകട്ടെ, പക്ഷേ പൊലീസ് എന്താണ് ഇവിടെ ചെയ്തത്? പൊലീസ് ചെയ്തത് പൊലീസിന്റെ ഭാഗം ന്യായീകരിക്കാൻ എന്നോണം മുൻകൂർ ആയി നടത്തിയ ജാമ്യം എന്നപോലെ അവർ ഒരു വിഡിയോ പുറത്തുവിടുന്നു.
നമ്മളെല്ലാവരും ഒരു സുപ്രഭാതത്തിൽ കാണുന്നത് പൊലീസ് സ്റ്റേഷനിൽ വന്ന് മോശം ഭാഷയിൽ വിനായകൻ സംസാരിക്കുന്നതാണ്. മോശം ഭാഷ ഒന്നും ഞാൻ നോക്കിയിട്ട് കണ്ടില്ല, പക്ഷേ മാധ്യമങ്ങൾ അങ്ങനെയാണ് എഴുതി കണ്ടത്.