ചെന്നൈ: നടനും ഡിഎംഡികെ നേതാവുമായ വിജയകാന്ത് ആശുപത്രിയില്‍ വിട്ടു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ആഴ്ചകളായി ചികില്‍സയിലായിരുന്നു. വിജയകാന്ത് പൂര്‍ണ്ണ ആരോഗ്യവാനാണെന്നും ആശുപത്രി വിട്ടതായും ഡിഎംഡികെ പുറത്തിറക്കിയ പത്ര കുറിപ്പില്‍ വ്യക്തമാക്കി.
നവംബര്‍ 20 ന് വിജയകാന്ത് ആശുപത്രിയില്‍ ചികിത്സയിലാണെന്ന വിവരം പുറത്തുവന്നിരുന്നു. താരം വെന്റിലേറ്ററിലാണെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഈ വാര്‍ത്തയെ അദ്ദേഹത്തിന്റെ പാര്‍ട്ടിയായ ഡിഎംഡികെ തള്ളിയിരുന്നു. വിജയകാന്തിന്റെ രോഗസ്ഥിതി വെളിപ്പെടുത്തി അദ്ദേഹത്തിന്റെ ഭാര്യയും രംഗത്തുവന്നിരുന്നു.
'ഇനിക്കും ഇളമൈ' എന്ന സിനിമയിലൂടെ ആണ് വിജയകാന്ത് വെള്ളിത്തിരയില്‍ എത്തുന്നത്. ഹോണസ്റ്റ് രാജ്, തമിഴ് സെല്‍വന്‍, വല്ലരശ്, ത്യാഗം, പേരരശ്, വിശ്വനാഥന്‍ രാമമൂര്‍ത്തി, സിമ്മസനം, രാജ്യം, ദേവന്‍, രാമണ, തെന്നവന്‍, സുദേശി,ധര്‍മപുരി, ശബരി, അരശങ്കം, എങ്കള്‍ അണ്ണ തുടങ്ങി നിരവധി സിനിമകളില്‍ അദ്ദേഹം ശ്രദ്ധേമായ വേഷങ്ങള്‍ ചെയ്തു.
ഡിഎംഡികെ പാര്‍ട്ടിയുടെ സ്ഥാപകനാണ് വിജയകാന്ത്. 2006ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും പാര്‍ട്ടിക്ക് ഒരു സീറ്റ് മാത്രമേ നേടാന്‍ സാധിച്ചുള്ളൂ. പിന്നീട് 2011ല്‍ ഡിഎംകെയുമായി സംഖ്യം ചേര്‍ന്ന് താരം തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയും പിന്നീട് പ്രതിപക്ഷ നേതാവാകുകയും ചെയ്തിരുന്നു.