മധുരയില്‍ ജനിച്ചു വളര്‍ന്ന അദ്ദേഹം തന്റെ നാടിനോടുള്ള ഇഷ്ടം എന്നും മനസ്സില്‍ സൂക്ഷിച്ചിരുന്നു. തമിഴ് സിനിമകളില്‍ മാത്രം അഭിനയിച്ചിരുന്ന ചുരുക്കം ചില കലാകാരന്മാരില്‍ ഒരാളാണ് വിജയകാന്ത്
ആരാധകര്‍ സ്‌നേഹത്തോടെ അയാളെ ക്യാപ്റ്റന്‍ എന്നുവിളിച്ചു. രജനികാന്തിനോട് രൂപസാദൃശ്യമുള്ള രജനികാന്തും തമിഴ് മക്കളുടെ ഹൃദയം കവര്‍ന്നു. എണ്‍പതുകളിലും തൊണ്ണൂറുകളിലും തമിഴില്‍ നിരവധി സൂപ്പര്‍ഹിറ്റുകള്‍ നല്‍കിയ നടനാണ് വിജയകാന്ത്.
1952 ഓഗസ്റ്റ് 25 ന് മധുരയിലാണ് വിജയകാന്തിന്റെ ജനനം. ഔദ്യോഗിക പേര് വിജയരാജ് അളഗര്‍സ്വാമി എന്നാണ്. കെ.എന്‍.അളഗര്‍സ്വാമിയും ആണ്ടാള്‍ അളഗര്‍സ്വാമിയുമാണ് മാതാപിതാക്കള്‍.
1979 ല്‍ ഇനിക്കും ഇളമൈ എന്ന ചിത്രത്തില്‍ വില്ലനായാണ് വിജയകാന്തിന്റെ തുടക്കം. 1981 ല്‍ പുറത്തിറങ്ങിയ സട്ടം ഒരു ഇരുട്ടറൈ നായകനെന്ന നിലയില്‍ വലിയ ബ്രേക്ക് നല്‍കി. സിവപ്പു മല്ലി, ജാതിക്കൊരു നീതി തുടങ്ങിയ ചിത്രങ്ങള്‍ സമ്മാനിച്ചത് ക്ഷോഭിക്കുന്ന യുവാവ് എന്ന ഇമേജാണ്. നല്ലവനായ ചെറുപ്പക്കാരന്‍ കഥാപാത്രങ്ങളിലൂടെ പുരട്ചി കലൈഞ്ജര്‍ എന്നും ആരാധകര്‍ വിളിച്ചു.
നൂറാവത് നാള്‍, വൈദേഹി കാത്തിരുന്താള്‍ തുടങ്ങിയ സൂപ്പര്‍ ഹിറ്റുകളടക്കം 1984 ല്‍ അദ്ദേഹത്തിന്റെ 18 സിനിമകളാണ് പുറത്തിറങ്ങിയത്. ഊമൈ വിഴിഗള്‍, കൂലിക്കാരന്‍, നിനൈവേ ഒരു സംഗീതം, പൂന്തോട്ട കാവല്‍ക്കാരന്‍, സിന്ദൂരപ്പൂവേ, പുലന്‍ വിചാരണൈ, സത്രിയന്‍, ക്യാപ്റ്റന്‍ പ്രഭാകര്‍, ചിന്ന ഗൗണ്ടര്‍, സേതുപതി ഐപിഎസ്, വാനത്തൈപോലെ, രമണാ തുടങ്ങിയവയാണ് വിജയകാന്തിന്റെ ശ്രദ്ധേയമായ ചിത്രങ്ങള്‍.
ക്യാപ്റ്റന്‍ പ്രഭാകരന്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചതോടെയാണ് പേരിനൊപ്പം ക്യാപ്റ്റന്‍ എന്നു ചേര്‍ത്ത് വിജയകാന്തിനെ ആരാധകര്‍ വിളിച്ചത്. വിജയകാന്തിന്റെ അഭിനയ ജീവിതത്തിലെ നൂറാമത്തെ സിനിമയായിരുന്നു ക്യാപ്റ്റന്‍ പ്രഭാകരന്‍. വീരപ്പന്റെ ജീവിതം കേന്ദ്രീകരിച്ച് ഒരുക്കിയ സിനിമ 100 ദിവസത്തിലധികമാണ് തിയറ്ററുകള്‍ നിറഞ്ഞോടിയത്. സത്യമംഗലം കാട്ടില്‍ വിഹരിക്കുന്ന വീരഭദ്രന്‍ എന്ന കൊള്ളക്കാരനെ പിടിക്കുവാന്‍ വരുന്ന ഐഎഫ്എസ് ഉദ്യോഗസ്ഥനായാണ് വിജയകാന്ത് ചിത്രത്തില്‍ വേഷമിട്ടത്.
സിനിമയിലും രാഷ്ട്രീയത്തിലും എംജിആറിന്റെ പകരക്കാരനായാണ് വിജയകാന്ത് അറിയപ്പെട്ടിരുന്നത്. ഉയര്‍ന്ന മൂല്യബോധമുണ്ടായിരുന്ന വിജയകാന്ത്, നടന്‍, രാഷ്ട്രീയക്കാരന്‍ എന്നതിലുപരി ഒരു മനുഷ്യസ്‌നേഹിയുമായിരുന്നു. കേരളത്തിന് ഒരു കോടി രൂപയാണ് പ്രളയ ഫണ്ടിലേക്ക് അദ്ദേഹം നല്‍കിയത്.
മധുരയില്‍ ജനിച്ചു വളര്‍ന്ന അദ്ദേഹം തന്റെ നാടിനോടുള്ള ഇഷ്ടം എന്നും മനസ്സില്‍ സൂക്ഷിച്ചിരുന്നു. തമിഴ് സിനിമകളില്‍ മാത്രം അഭിനയിച്ചിരുന്ന ചുരുക്കം ചില കലാകാരന്മാരില്‍ ഒരാളാണ് വിജയകാന്ത്.
2010 ല്‍ പുറത്തിറങ്ങിയ വിരുദഗിരിയിലാണ് അവസാനം നായകനായി അഭിനയിച്ചത്. ചിത്രം സംവിധാനം ചെയ്തതും വിജയകാന്തായിരുന്നു. 2015 ല്‍ റിലീസായ സതാബ്ദം എന്ന ചിത്രത്തില്‍ അതിഥിവേഷത്തിലാണ് അവസാനം സ്‌ക്രീനിലെത്തിയത്. അദ്ദേഹത്തിന്റെ മകന്‍ ഷണ്‍മുഖ പാണ്ഡ്യനായിരുന്നു നായകന്‍.
അതിനിടെ രാഷ്ട്രീയത്തിലും വിജയകാന്ത് പ്രവേശിച്ചു. 2005 സെപ്റ്റംബര്‍ 14 നാണ് ദേശീയ മുര്‍പോക്ക് ദ്രാവിഡ കഴകം എന്ന രാഷ്ട്രീയ പാര്‍ട്ടി സ്ഥാപിച്ചത്. 2006 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 234 സീറ്റുകളില്‍ മല്‍സരിച്ചെങ്കിലും വിജയകാന്ത് മാത്രമാണ് ജയിച്ചത്. 2011 ല്‍ എഐഎഡിഎംകെയുമായി സഖ്യമുണ്ടാക്കിയ ഡിഎംഡികെ 40 സീറ്റില്‍ മല്‍സരിച്ച് 29 എണ്ണത്തില്‍ വിജയിച്ചു. 2011 മുതല്‍ 2016 വരെ പ്രതിപക്ഷ നേതാവായിരുന്നു. എന്നാല്‍, തുടക്കത്തിലെ ഉയര്‍ച്ച പിന്നീട് രാഷ്ട്രീയത്തില്‍ വിജയകാന്തിന്റെ പാര്‍ട്ടിക്കുണ്ടായില്ല.
വിജയകാന്ത് വിടപറയുമ്പോള്‍, തമിഴ് സിനിമയിലെ, രാഷ്ട്രീയത്തിലെ ഒരു കാലഘട്ടം കൂടിയാണ് മറയുന്നത്.