ടൊവിനോ മികച്ച ഏഷ്യന്‍ നടന്‍; അവാര്‍ഡ് ലഭിക്കുന്ന ആദ്യ തെന്നിന്ത്യന്‍ താരം

ഇന്ത്യയില്‍ നിന്നും ഭുവന്‍ ബാം എന്ന നടന്‍ മാത്രമാണ് മികച്ച ഏഷ്യന്‍ നടനുള്ള നോമിനേഷനില്‍ ടൊവിനോയ്‌ക്കൊപ്പം ഇടംപിടിച്ചിരുന്നത്. തെന്നിന്ത്യയില്‍ നിന്നും ഈ പുരസ്‌കാരം ലഭിക്കുന്ന ആദ്യ നടനും ടൊവിനോ ആണ്.

author-image
Web Desk
New Update
ടൊവിനോ മികച്ച ഏഷ്യന്‍ നടന്‍; അവാര്‍ഡ് ലഭിക്കുന്ന ആദ്യ തെന്നിന്ത്യന്‍ താരം

മികച്ച ഏഷ്യന്‍ നടനുള്ള പുരസ്‌കാരത്തിന് അര്‍ഹനായി നടന്‍ ടൊവിനോ തോമസ്. നെതര്‍ലന്‍ഡ്‌സിലെ ആംസ്റ്റര്‍ഡാമില്‍ നിന്നുള്ള സെപ്റ്റിമിയസ് അവാര്‍ഡ്‌സിലാണ് മികച്ച ഏഷ്യന്‍ നടനുള്ള പുരസ്‌കാരം ടൊവിനോയ്ക്ക് ലഭിച്ചത്. ജൂഡ് ആന്തണി സംവിധാനം ചെയ്ത '2018'എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പുരസ്‌കാരം.

ഇന്ത്യയില്‍ നിന്നും ഭുവന്‍ ബാം എന്ന നടന്‍ മാത്രമാണ് മികച്ച ഏഷ്യന്‍ നടനുള്ള നോമിനേഷനില്‍ ടൊവിനോയ്‌ക്കൊപ്പം ഇടംപിടിച്ചിരുന്നത്. തെന്നിന്ത്യയില്‍ നിന്നും ഈ പുരസ്‌കാരം ലഭിക്കുന്ന ആദ്യ നടനും ടൊവിനോ ആണ്. ഇറാഖി നടന്‍ വസിം ദിയ, ഇറാനിയന്‍ നടന്‍ മൊഹ്‌സെന്‍ തനബന്ദേ, സിംഗപ്പൂരില്‍ നിന്നുള്ള മാര്‍ക് ലീ, ഇന്തോനേഷ്യന്‍ നടന്‍ റിയോ ദേവാന്തോ, സൌദി നടന്‍ അസീസ് ബുഹൈസ്, യെമെനി നടന്‍ ഖാലിദ് ഹംദാന്‍ എന്നിവരെ പിന്തള്ളിയാണ് മികച്ച ഏഷ്യന്‍ നടനുള്ള പുരസ്‌കാരം ടൊവിനോ നേടിയത്.

' ഒരിക്കലും വീഴാതിരിക്കുന്നതല്ല മഹത്വം, ഓരോ തവണ വീഴുമ്പോഴും ഉയരുന്നതിലാണ്. 2018 ല്‍ അപ്രതീക്ഷിതമായെത്തിയ പ്രളയം നമ്മുടെ വാതിലുകളില്‍ മുട്ടിയപ്പോള്‍ കേരളം വീഴാന്‍ തുടങ്ങിയതാണ്. പക്ഷേ നമ്മളെന്താണെന്ന് പിന്നീട് ലോകം കണ്ടു. മികച്ച ഏഷ്യന്‍ നടനായി എന്നെ തിരഞ്ഞെടുത്തതിന് സെപ്റ്റിമിയസ് അവാര്‍ഡ്‌സിന് നന്ദി. ഇതെപ്പോഴും എന്റെ ഹൃദയത്തോട് ചേര്‍ന്നിരിക്കും. '2018' എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് ഈ നേട്ടം എന്നതാണ് ഈ പുരസ്‌കാരത്തെ പ്രത്യേകതയുള്ളതാക്കുന്നത്. ഈ പുരസ്‌കാരം കേരളത്തിനാണ്.'' ടൊവിനോ ഫേസ്ബുക്കില്‍ കുറിച്ചു.

ആംസ്റ്റര്‍ഡാമില്‍ എല്ലാ വര്‍ഷവും നടക്കുന്ന രാജ്യാന്തര ചലച്ചിത്ര പുരസ്‌കാര ചടങ്ങാണ് സെപ്റ്റിമിയസ് അവാര്‍ഡ്. ഏഷ്യ, ആഫ്രിക്ക, അമേരിക്ക, യൂറോപ്പ് എന്നിങ്ങനെ ഭൂഖണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ മികച്ച സിനിമ, അഭിനേതാവ്, അഭിനേത്രി തുടങ്ങിയ വിഭാഗങ്ങളിലായാണ് പുരസ്‌കാരം നല്‍കുന്നത്.

 

award actor tovino thomas septimius award best asian actor tovino 2018 movie