സുവര്‍ണചകോരം 'ഈവിള്‍ ഡസ് നോട്ട് എക്‌സിസ്റ്റി'ന്; മികച്ച സംവിധായകന്‍ ഷോക്കിര്‍ ഖോലികോവ്

ലോകോത്തര സിനിമാനുഭവങ്ങള്‍ ഏറ്റുവാങ്ങിയ ഇരുപത്തിയെട്ടാം രാജ്യാന്തര ചലച്ചിത്രമേളക്ക് കൊടിയിറങ്ങി. മികച്ച ചിത്രത്തിനുള്ള സുവര്‍ണചകോരം ജാപ്പനീസ് ചിത്രം ഈവിള്‍ ഡസ് നോട്ട് എക്‌സിസ്റ്റ് സ്വന്തമാക്കി.

author-image
Greeshma Rakesh
New Update
സുവര്‍ണചകോരം 'ഈവിള്‍ ഡസ് നോട്ട് എക്‌സിസ്റ്റി'ന്; മികച്ച സംവിധായകന്‍ ഷോക്കിര്‍ ഖോലികോവ്

തിരുവനന്തപുരം : ലോകോത്തര സിനിമാനുഭവങ്ങള്‍ ഏറ്റുവാങ്ങിയ ഇരുപത്തിയെട്ടാം രാജ്യാന്തര ചലച്ചിത്രമേളക്ക് കൊടിയിറങ്ങി. മികച്ച ചിത്രത്തിനുള്ള സുവര്‍ണചകോരം ജാപ്പനീസ് ചിത്രം ഈവിള്‍ ഡസ് നോട്ട് എക്‌സിസ്റ്റ് സ്വന്തമാക്കി.

വ്യവസായവല്‍ക്കരണം ഒരു ഗ്രാമത്തില്‍ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളാണ് റുസ്യുകെ ഹാമാഗുച്ചിയുടെ ചിത്രത്തിന്റെ പ്രമേയം. മികച്ച സംവിധായകനുള്ള രജതചകോരവും മികച്ച ഏഷ്യന്‍ ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരവും ഉസ്‌ബെക്കിസ്ഥാന്‍ ചിത്രമായ സണ്‍ഡേയുടെ സംവിധായകന്‍ ഷോക്കിര്‍ ഖോലികോവിനാണ്. ഷോക്കിറിന്റെ ആദ്യ ഫീച്ചര്‍ ഫിലിമാണിത്. വൃദ്ധദമ്പതിമാരുടെ ജീവിതമാണ് സിനിമയുടെ പ്രമേയം.

മലയാള ചിത്രമായ തടവാണ് മേളയിലെ പ്രേക്ഷകപ്രീതി നേടിയ ചിത്രം. മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരം ആനന്ദ് ഏകര്‍ഷി സംവിധാനം ചെയ്ത ആട്ടം സ്വന്തമാക്കി. മികച്ച മത്സര ചിത്രത്തിനുള്ള ഫിപ്രസി പുരസ്‌കാരം സ്പാനിഷ് സംവിധായകന്‍ ഫെലിപേ കാര്‍മോണയുടെ പ്രിസണ്‍ ഇന്‍ ദി ആന്‍ഡസിനു ലഭിച്ചു. ബി 32 മുതല്‍ 44 വരെയുടെ സംവിധായിക ശ്രുതി ശരണ്യം മികച്ച മലയാള നവാഗത സംവിധായകനുമുള്ള ഫിപ്രസി പുരസ്‌കാരം സ്വന്തമാക്കി.

സിനിമാരംഗത്ത് സംവിധായകര്‍ക്കു നല്‍കുന്ന സമഗ്ര സംഭാവന കണക്കിലെടുത്തുള്ള ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് അടൂര്‍ ഗോപാലകൃഷ്ണനില്‍ നിന്നും പോളിഷ് സംവിധായകന്‍ ക്രിസ്റ്റോഫ് സനൂസി ഏറ്റുവാങ്ങി.

ഇന്ത്യയിലെ മികച്ച നവാഗത സംവിധായകനുള്ള എഫ്എഫ്എസ്‌ഐ - കെ.ആര്‍.മോഹനന്‍ പുരസ്‌കാരത്തിന് ഉത്തം കമാഠിയുടെ കേര്‍വാള്‍ തിരഞ്ഞെടുക്കപ്പെട്ടു. മിഗുവേല്‍ ഹെര്‍ണാണ്ടസും മാരിയോ മാര്‍ട്ടിനും ശബ്ദ രൂപകല്‍പ്പന ചെയ്ത മെക്‌സിക്കന്‍ ചിത്രം ഓള്‍ ദി സൈലന്‍സ് സൗണ്ട് ഡിസൈനുള്ള പുരസ്‌കാരം ലഭിച്ചു.

ലിലിയാന വില്ലസെനര്‍, മിഗുവേല്‍ ഹെര്‍ണാണ്ടസ്, മാരിയോ മാര്‍ട്ടിന്‍ കോമ്പസ് എന്നിവര്‍ ശബ്ദ രൂപകല്‍പ്പന ചെയ്ത മെക്‌സിക്കന്‍ ചിത്രം ഓള്‍ ദി സൈലന്‍സ് സൗണ്ട് ഡിസൈനുള്ള പുരസ്‌കാരം നേടി.വിവിധ രാജ്യങ്ങളില്‍ നിന്നായി 172 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച മേളയെ ഹൃദയത്തിലേറ്റിയാണ് സിനിമാ പ്രേമികളുടെ മടക്കം.

ക്രിസ്റ്റോഫ് സനൂസി,വനൂരി കഹിയു ,അരവിന്ദന്‍ തുടങ്ങി ലോകോത്തര സംവിധായകരുടെ സിനിമകള്‍ക്ക് മികച്ച സ്വീകാര്യത ലഭിച്ച മേളയില്‍ മലയാള സിനിമകള്‍ക്ക് കൂടുതല്‍ പ്രേക്ഷക പ്രീതി നേടാനായി. എട്ടു ദിവസത്തെ ചലച്ചിത്ര വസന്തത്തിന് തിരശീല വീഴുമ്പോള്‍ ഇരുപത്തിയൊമ്പതാമത് മേളക്ക് കാണാം എന്ന പ്രതീക്ഷയോടെയോടാണ് ഡെലിഗേറ്റുകളുടെ പടിയിറക്കം.

Suvarna chakoram evil does not exist movie shokir kholikov