തിരുവനന്തപുരം: ചലച്ചിത്ര മേളയില്‍ രണ്ടാമത്തെ പ്രദര്‍ശനത്തിലും ജനശ്രദ്ധ കിഡ്‌നാപ്പ്ഡ്. ജര്‍മന്‍ സംവിധായകനായ മാര്‍ക്കോ ബലൂച്ചിയോ സംവിധാനം ചെയ്ത ചിത്രമാണ് കിഡ്നാപ്പ്ഡ്. ഇറ്റലിയിലെ ബോംഗോയില്‍ താമസിക്കുന്ന ഒരു ജൂതബാലനായ എഡ്ഗാര്‍ഡോ മൊട്ടാരോയുടെ കഥയാണ് കിഡ്നാപ്പ്ഡ് പറയുന്നത്. ഒരു പ്രത്യേകസാഹചര്യത്തില്‍ കുടുംബംപോലും അറിയാതെ അവന്‍ ജ്ഞാനസ്നാനം ചെയ്യപ്പെട്ടു എന്നവകാശപ്പെട്ട് മതമേലധ്യക്ഷനും കൂട്ടരും ആ കുട്ടിയെ കുടുംബത്തില്‍നിന്ന് അകറ്റിക്കൊണ്ടുപോവുകയാണ്.
ഇതോടെ മറ്റൊരു ജീവിതസാഹചര്യത്തിലേക്ക് പറിച്ചുമാറ്റപ്പെടുകയാണ് എഡ്ഗാര്‍ഡോയുടെ ജീവിതം. മകനെ അവിടെനിന്ന് തിരിച്ചുപിടിക്കാനായി മാതാപിതാക്കള്‍ ഒരുപാട് ശ്രമിക്കുന്നുണ്ടെങ്കിലും പരാജയമായിരുന്നു ഫലം. കുഞ്ഞായ എഡ്ഗാര്‍ഡോ പള്ളിയില്‍ കുരിശില്‍ക്കിടക്കുന്ന യേശുവിനെ നോക്കിനില്‍ക്കുന്ന ഒരുരംഗമുണ്ട്. ഒരുദിവസം അവന്‍ ക്രിസ്തുവിന്റെ കയ്യിലും കാലിലും തറച്ചിരുന്ന ആണികള്‍ ഊരിമാറ്റുകയാണ്.
കുരിശില്‍ നിന്ന് സ്വതന്ത്രനായ യേശു തലയിലെ മുള്‍ക്കിരീടം അഴിച്ചുമാറ്റി ദേവാലയത്തിന് പുറത്തേക്ക് നടന്നകലുന്നു. ഒരുപാട് രാഷ്ട്രീയം സംസാരിക്കുന്ന ഒരു രംഗംകൂടിയാണിത്. 19-ാം നൂറ്റാണ്ടില്‍ ഇറ്റലിയില്‍ നടന്ന മതപരിവര്‍ത്തനത്തിന്റെയും ജൂത-ക്രിസ്ത്യന്‍ വംശജര്‍ തമ്മിലുള്ള സംഘര്‍ഷങ്ങളും ചിത്രം ചര്‍ച്ച ചെയ്യുന്നുണ്ട്. 138 മിനിറ്റാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. ഈ ചിത്രം ഉദ്ഘാടന ദിവസവും പ്രദര്‍ശിപ്പിച്ചിരുന്നു.