തിരുവനന്തപുരം: സ്വത്വവും മതഭീകരതയും പ്രമേയങ്ങളായ സിനിമകളാല്‍ സമ്പുഷ്ടമായി 28ാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ മൂന്നാം ദിവസം. കാതലിലൂടെ മമ്മൂട്ടിയും ഇറാനിലെ മതഭീകരതയെ തുറന്നുകാട്ടിഅലി അസ്‌കാരി, അലിരേസാ ഖതാമി എന്നിവര്‍ സംവിധാനം ചെയ്ത ടെറെസ്ട്രിയല്‍ വെഴ്‌സസും ആട്ടം സിനിമയിലുടെ ആനന്ദ് ഏകര്‍ഷിയും പ്രേക്ഷകരുടെ കൈയടി നേടി. കാതല്‍ എന്ന സിനിമയിലൂടെ ഈ ചലച്ചിത്ര മേളയിലും താരമായി മാറിയിരിക്കുകയാണ് നടന്‍ മമ്മൂട്ടി. മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തില്‍ അവതരിപ്പിച്ച കാതല്‍ ദി കോര്‍ എന്ന ചിത്രം വളരെ ആവേശത്തോടെയാണ് സിനിമാ പ്രേമികള്‍ സ്വീകരിച്ചത്.
കഴിഞ്ഞമാസം സിനിമ തിയേറ്ററുകളില്‍ എത്തിയപ്പോള്‍ തന്നെ ഏറെ ചര്‍ച്ചാവിഷയമായിരുന്നു. മമ്മൂട്ടി തന്റെ അഭിനയ ജീവിതത്തില്‍ ഇതുവരെ അഭിനയിച്ചതില്‍ നിന്നും വ്യത്യസ്തമായ ഒരു കഥാപാത്രമാണ് കാതലില്‍ ചെയ്തിട്ടുള്ളത്. 27ാമത് രാജ്യാന്തര ചലച്ചിത്ര മേളയിലും നന്‍പകല്‍ നേരത്ത് മയക്കം എന്ന സിനിമയിലൂടെ മമ്മൂട്ടി താരമായിരുന്നു. അന്ന് ലിജോ ജോസ് പല്ലിശ്ശേരിയായിരുന്നു സംവിധായകനെങ്കില്‍ കാതല്‍ ചെയ്തിരിക്കുന്നത് ജിയോ ബേബിയാണ്. രണ്ടു സിനിമയിലും മമ്മൂട്ടി ഒരു പരകായ പ്രവേശം തന്നെയാണ് നടത്തിയിട്ടുള്ളത്.
എന്നാല്‍ കാതലില്‍ മമ്മൂട്ടി വേറിട്ട മുഖവുമായാണ് എത്തിയിട്ടുള്ളത്. തൊട്ടാല്‍ പൊള്ളുന്ന കഥാപാത്രമായിരുന്നിട്ടും അത് തനിക്കു ചെയ്യാന്‍ സാധിക്കുമെന്നു മനസിലാക്കിത്തന്നെയാണ് മമ്മൂട്ടി കാതലിലെ മാത്യുവിനെ ഏറ്റെടുത്തത്. സമൂഹം ഒന്നടങ്കം ചര്‍ച്ച ചെയ്യേണ്ട ഒരു പ്രമേയമാണ് ചിത്രത്തിന്റെ ദ കോര്‍. ഒരു മനുഷ്യന്റെ ഉള്ളിലെ അകകാമ്പ് ചിലപ്പോള്‍ മനസിലാക്കാന്‍, അല്ലെങ്കില്‍ അത് പരുവപ്പെടാന്‍ കാലങ്ങളുടെ കാത്തിരിപ്പ് വേണ്ടിവരും.
തന്റെ സ്വത്വത്തെ തിരിച്ചറിയാന്‍ അംഗീകരിക്കാന്‍ അവന് സാമൂഹിക തടസ്സങ്ങള്‍ ഉണ്ടാകാം. എന്നാല്‍ സാഹചര്യവും സന്ദര്‍ഭവും സമൂഹവും അതിന് വഴിയൊരുക്കുന്ന കാലം വരും. ശുഭമായ ഒരു അന്ത്യത്തിലാണ് കാതല്‍ അവസാനിക്കുന്നത്.ലോകം മുഴുവന്‍ അറിയപ്പെടുന്ന താരം കാതലിലെ മാത്യു എന്ന കഥാപാത്രത്തെ സ്വന്തം ഇമേജ് പോലും നോക്കാതെ അഭിനയിച്ചിട്ടുണ്ടെങ്കില്‍ അത് കലയോടുള്ള അഭിനിവേശം ഒന്നുകൊണ്ടു മാത്രമാണ്.
സൂപ്പര്‍ താരം എന്നതിലുപരി സാമൂഹ്യമായും ഏറെ വേരരോട്ടമുള്ള നടനാണ് മമ്മൂട്ടി. മാത്യുവിലൂടെയാണ് കഥ മുന്നോട്ടുപോകുന്നത്. ഒറ്റപ്പെടലിന്റെ അവസ്ഥാന്തരങ്ങളാണ് കാതലിലൂടെ സംവിധായകനും തിരക്കഥാകൃത്തുക്കളും മുന്നോട്ടുവെയ്ക്കുന്ന ഒരു ഘടകം. ഒരു കൂരയ്ക്ക് കീഴെയാണ് ജിവിക്കുന്നതെങ്കിലും മാത്യു, ഓമന, അച്ഛന്‍, മാത്യുവിന്റെ മകള്‍ എന്നിവരെല്ലാവരും വേറിട്ട അവസ്ഥയിലാണെന്ന് കാണാന്‍ കഴിയും. സ്വാതന്ത്ര്യം തേടുന്ന വീട്ടമ്മയായാണ് ജ്യോതികയുടെ ഓമന എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.
വിവാഹത്തിനുശേഷം ജീവിതത്തിലെ സന്തോഷം നിലച്ചവള്‍. ഓരോരുത്തരും അവരവരുടേതായ ലോകത്താണ് ജീവിക്കുന്നത്. ഡ്രൈവിങ് സ്‌കൂള്‍ നടത്തുന്ന തങ്കച്ചന്‍, അയാളുടെ സഹോദരിയുടെ മകന്‍ തുടങ്ങി ഒറ്റപ്പെടലിന്റെ വിവിധ പ്രതീകങ്ങളേയും ചിത്രത്തില്‍ പലയിടങ്ങളിലായി കാണാന്‍ കഴിയും. പോള്‍സണ്‍ സ്‌കറിയ-ആദര്‍ശ് സുകുമാരന്‍ ടീമിന്റെ തിരക്കഥയില്‍ ജിയോ ബേബി സംവിധാനം ചെയ്ത്, മമ്മൂട്ടിയും ജ്യോതികയും മുഖ്യവേഷങ്ങളിലെത്തിയ കാതല്‍ -ദ കോര്‍ ആണ് ആ ചിത്രം.