കള്ളക്കടത്തിന്റെ കഥ മലയാള സിനിമ ഏറെ പറഞ്ഞിട്ടുള്ളതാണ്. നായകന്‍, പ്രതിനായകനാകുന്ന ചിത്രങ്ങളാല്‍ സമൃദ്ധവുമാണ് മലയാള സിനിമ. തൊണ്ണൂറുകളിലും രണ്ടായിരത്തിലും തിരശീലയില്‍ നിറഞ്ഞാടിയ അമാനുഷിക നായകന്മാരെല്ലാം വില്ലന്മാര്‍ കൂടിയായിരുന്നു! മോഹന്‍ലാലും മമ്മൂട്ടിയും സുരേഷ് ഗോപിയുമെല്ലാം ഇത്തരം നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച് തിയേറ്ററില്‍ ആരവം ഉയര്‍ത്തിയിട്ടുണ്ട്. പിന്നീട് ഇത്തരം ചിത്രങ്ങളുടെ സ്വീകാര്യത കുറഞ്ഞുവന്നു. എന്നാല്‍, പുതിയ രൂപഭാവങ്ങളോടെ ഇത്തരം പ്രമേയങ്ങള്‍ പിന്നെയും സ്‌ക്രീനിലെത്തുകയും പ്രേക്ഷകര്‍ സ്വീകരിക്കുകയും ചെയ്തു. മൃദുല്‍ നായര്‍ സംവിധാനം ചെയ്ത കാസര്‍ഗോള്‍ഡും വില്ലന്മാരുടെ കഥയാണ് പറയുന്നത്.
പേരു പോലെ തന്നെ സ്വര്‍ണ്ണക്കടത്താണ് ആസിഫ് അലിയും സണ്ണി വെയ്‌നും പ്രധാന വേഷങ്ങളില്‍ എത്തിയ കാസര്‍ഗോള്‍ഡിന്റെ പ്രമേയ പരിസരം. സ്വര്‍ണ്ണക്കടത്തിനു പിന്നിലെ രാഷ്ട്രീയ ഗുണ്ടാ നെക്‌സസിനെയും ചിത്രം തുറന്നുകാട്ടുന്നു, ഈ ചിത്രത്തില്‍. കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച ഒരു രാഷ്ട്രീയ കൊലപാതകവും ചിത്രം പറയുന്നുണ്ട്.
സ്വര്‍ണക്കടത്ത് സംഘത്തിലെ കണ്ണി, ആല്‍ബിയായി ആസിഫ് അലിയും ഫൈസി എന്ന കഥാപാത്രമായി സണ്ണിവെയിനും തുല്യ പ്രാധാന്യത്തോടെ സിനിമയിലെത്തുന്നു. കഥ കേള്‍ക്കാന്‍ ഉറങ്ങാതെ വാശിപിടിക്കുന്ന മകന് അച്ഛന്‍ ഒരു കഥ പറഞ്ഞുകൊടുക്കുന്നിടത്തുനിന്നാണ് ചിത്രത്തിന്റെ തുടക്കം. സ്വര്‍ണ്ണം ബന്ധങ്ങളെ ശിഥിലമാക്കുന്ന പാക്കനാരുടെ കഥയാണ് അച്ഛന്‍ മകനോട് പറയുന്നത്. തുടര്‍ന്ന്, അതുമായി ബന്ധപ്പെട്ട രക്തച്ചൊരിച്ചിലുകളും സിനിമയില്‍ നിറയുന്നു.
സ്വര്‍ണകടത്തുസംഘത്തിലെ ഒരാളാണ് ആല്‍ബി. ട്രാവല്‍ ഏജന്‍സിയിലെ ജീവനക്കാരിയായ നാന്‍സിയുടെ സഹായത്തോടെ 2 കോടി വിലമതിക്കുന്ന സ്വര്‍ണം വിദേശത്തു നിന്നും നാട്ടിലെത്തിക്കുന്നു. അതും അതിവിദഗ്ധമായി. വീല്‍ച്ചെയറില്‍ വിമാനത്തില്‍ നിന്നിറങ്ങുന്ന ഒരു അമ്മയുടെ ശരീരത്തില്‍ ഒളിപ്പിച്ചാണ് സ്വര്‍ണം എത്തിക്കുന്നത്. ഇവരെ ഒരു ആംബുലന്‍സില്‍ കയറ്റി വിമാനത്താവള ജീവനക്കാര്‍ അയക്കുന്നു. ഇടയ്ക്കുവച്ച് സുഖമില്ലെന്നു നടിച്ച അമ്മയുടെ ശരീരത്തില്‍ ഒളിപ്പിച്ച സ്വര്‍ണം നാന്‍സിയുടെ ബാഗിലേക്കു മാറ്റുന്നു. ഈ സ്വര്‍ണ്ണകടത്താനുള്ള പദ്ധതിക്കിടെയാണ് ഫൈസിയെന്ന സണ്ണി വെയിന്‍ അവതരിപ്പിക്കുന്ന കഥാപത്രത്തിന്റെ വരവ്.
കുടുംബ പ്രശ്നങ്ങള്‍ക്കിടയില്‍ ജീവിതം മുന്നോട്ട് നയിക്കാന്‍ കഷ്ടപ്പെടുന്ന മൊബൈല്‍ കച്ചവടക്കാരനാണ് ഫൈസി. തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടയില്‍ ഒരു അപകടമുണ്ടാകുന്നു. ഈ സന്ദര്‍ഭത്തിലാണ് ഫൈസിയും ആല്‍ബിയും നാടകീയമായി കണ്ടുമുട്ടുന്നത്. അവര്‍ക്കിടയില്‍ ഉടലെടുക്കുന്ന പ്രശ്നങ്ങള്‍ക്കിടയില്‍ സ്വര്‍ണ്ണം അടങ്ങിയ പെട്ടി നഷ്ടമാവുന്നു. കഥ ഇവിടെ തുടങ്ങുന്നു.
സ്വര്‍ണം അടങ്ങിയ പെട്ടിയുമായി തീവണ്ടിയിറങ്ങുന്ന ഫൈസി കഥയില്‍ പ്രതിനായകനായി മാറുന്നു. ഫൈസിയെ കണ്ടുപിടിക്കാനുള്ള ശ്രമങ്ങള്‍ക്കിടെയാണ് സ്വര്‍ണ്ണകടത്തിനു പിന്നിലുള്ള രാഷ്ട്രിയ ബന്ധം തെളിയുന്നത്. സ്വര്‍ണ്ണം ജീവിതത്തിലുണ്ടാക്കുന്ന പ്രതിസന്ധികളും നഷ്ടങ്ങളും സംവിധായകന്‍ റിയലിസ്റ്റിക്കായി വരച്ചിടാന്‍ ശ്രമിക്കുന്നുണ്ട്. എല്ലാ സൗഭാഗ്യങ്ങള്‍ക്കു പിന്നിലും ഒരു ക്രൈം ഉണ്ടാകുമെന്നും സംവിധായകന്‍ ഓര്‍പ്പെടുത്തുന്നുണ്ട്.
സിഐ അലക്സ് എന്ന നിര്‍ണായക കഥാപാത്രമായി വിനായകന്‍ എത്തുന്നു. സിദ്ദിഖും സംവിധായകന്‍ രതീഷ് ബാലകൃഷ്ണന്‍ പൊതുവാളുമാണ് ചിത്രത്തിലെ മറ്റ് രണ്ട് ശ്രദ്ധേയമായ കാസ്റ്റിംഗ്.
ആക്ഷന്‍ ത്രില്ലര്‍ ചിത്രമായി മാത്രം ഒതുക്കിനിര്‍ത്താന്‍ കഴിയുന്നതല്ല കാസര്‍ഗോള്‍ഡ്. ചിത്രത്തിലെ വൈകാരിക തലം ഒഴിച്ചുനിര്‍ത്താന്‍ കഴിയില്ല. രാഷ്ട്രിയ ഗൂഢാലോചനകളില്‍ ഇരകളാകുന്ന കുടുംബങ്ങളും അവരുടെ ജീവിതവും അവര്‍ നേരിടേണ്ടി വരുന്ന ഭീഷണികളും ചിത്രം പറയുന്നുണ്ട്. കാസര്‍ഗോഡ് ഭാഷയുടെ ഭംഗിയും എടുത്തുപറയണം. രണ്ടാം ഭാഗത്തിന്റെ സൂചന നല്‍കിയാണ് സിനിമ അവസാനിക്കുന്നത്.