തിരുവനന്തപുരം: അതിജീവനം, പ്രണയം, വേദന, ത്രില്ലര്‍ തുടങ്ങി സമകാലിക വിഷയങ്ങളാല്‍ സമ്പുഷ്ടമായി അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ രണ്ടാം ദിനം. ഫാസില്‍ റസാഖ് രചനയും സംവിധാനവും നിര്‍വഹിച്ച 'തടവ്', ഡോണ്‍ പാലത്തറ സംവിധാനം ചെയ്ത 'ഫാമിലി, സതേണ്‍ സ്റ്റോം, പവര്‍ അലി, ദി സ്‌നോ സ്റ്റോം, ഓള്‍ ദി സയലന്‍സ്, ആഗ്ര, എന്നിവയായിരുന്നു രണ്ടാം ദിനം പ്രദര്‍ശിപ്പിച്ച മത്സര ചിത്രങ്ങള്‍. അമ്പത് വയസ്സുകാരിയായ അംഗന്‍വാടി ടീച്ചറായ ഗീതയുടെ ജീവിതമാണ് തടവിന്റെ പ്രമേയം.മത്സര വിഭാഗത്തില്‍ മലയാളത്തില്‍ നിന്നുള്ള ഫാമിലിയും മെക്‌സിക്കന്‍ സിനിമയായ ഓള്‍ ദി സയലന്‍സ് എന്ന ചിത്രവും ജനശ്രദ്ധ നേടി.
മനുഷ്യന്റെ പഞ്ചേന്ദ്രിയങ്ങളാണ് നാക്ക്, ത്വക്ക്, മൂക്ക് ചെവി, കണ്ണ്. ഇവയില്‍ ഏതെങ്കിലും ഒന്നിന് അംഗഭംഗം സംഭവിച്ചാല്‍ നമുക്കുണ്ടാകുന്ന മാനസികാവസ്ഥ ഊഹിക്കാന്‍ പോലും പറ്റില്ല. നമ്മുടെ ജീവിതവുമായി ഏറെ ബന്ധമുള്ളതാണ് പഞ്ചേന്ദ്രിയങ്ങള്‍. ഇതില്‍ ഏതെങ്കിലും ഒന്നിന് അംഗഭംഗം സംഭവിച്ചാല്‍ ഒറ്റപ്പെടലിന്റെ ലോകത്തേക്കാണ് നാം പോകുന്നത്. ഓരോ അവയവങ്ങള്‍ക്കും നമ്മുടെ ശരീരത്തില്‍ അതിന്റേതായ പ്രാധാന്യമുണ്ട്. ഭൂമിയിലെ ശബ്ദങ്ങള്‍ കേള്‍ക്കുന്നതിനു പ്രധാനപ്പെട്ട അവയവമാണ് ചെവി. ഈ കേള്‍വിശക്തി കുറേശെ കുറേശെ നഷ്ടപ്പെടുന്ന ഒരാളുടെ മാനസികാവസ്ഥയെ അതിഗംഭീരമായി അവതരിപ്പിച്ചിരിക്കുന്ന ചിത്രമാണ് ഡിയാഗോ ഡെല്‍ റിയോയുടെ ഓള്‍ ദി സയലന്‍സ് എന്ന മെക്‌സിക്കന്‍ സിനിമ. മത്സര വിഭാഗത്തില്‍ ഇന്നലെയായിരുന്നു ചിത്രത്തിന്റെ ആദ്യ സ്‌ക്രീനിംഗ്. തിയേറ്റര്‍ ആര്‍ട്ടിസ്റ്റും ആംഗ്യഭാഷാ അധ്യാപികയുമായ മെറിയത്തെ കേന്ദ്രീകരിച്ചാണ് ഈ സിനിമ മുന്നോട്ടു പോകുന്നത്. അവരുടെ ജീവിതത്തില്‍ പതിയെപ്പതിയെ കേള്‍വിശക്തി ഇല്ലാതാകുന്നു. തിയേറ്റര്‍ ആര്‍ട്ടിസ്റ്റായ അവര്‍ക്ക് അത് ചിന്തിക്കാന്‍ കൂടി പറ്റാത്ത കാര്യമായിരുന്നു. ബധിരയായ കുട്ടികളെ പഠിപ്പിക്കുന്നുണ്ടെങ്കിലും തനിക്ക് ഈ അവസ്ഥ വരുമെന്ന് മെറിയം ഒരിക്കലും കരുതിയിരുന്നില്ല. അത് ഉള്‍ക്കൊള്ളാനും അവര്‍ തയാറാകുന്നില്ല. ബധിരയായ മറ്റൊരു പെണ്‍സുഹൃത്തിനൊപ്പമാണ് മെറിയം താമസിക്കുന്നത്.
ഇരുവരും തമ്മില്‍ പ്രണയത്തിലുമാണ്. അവളോട് ആംഗ്യഭാഷയിലാണ് സംസാരിക്കുന്നതെങ്കിലും ചുറ്റുമുള്ള എല്ലാ ശബ്ദവും മറിയത്തിന് കേള്‍ക്കാം. എന്നാല്‍ ജീവിതത്തില്‍ മുന്നോട്ടുള്ള യാത്രയില്‍ അത് നഷ്ടപ്പടുകയാണെന്നറിയുമ്പോള്‍ അവള്‍ വല്ലാത ഒറ്റപ്പട്ടുപോകുന്നു. നാടകകലയെ ഒരു പാഷനായാണ് മെറിയം കൊണ്ടുനടക്കുന്നത്. തനിക്ക് കേള്‍വിശക്തി നഷ്ടപ്പെട്ടാല്‍ നാടകം എന്ന കലയോടും വിടപറയേണ്ടി വരുമെന്നുള്ള മാനസിക സംഘര്‍ഷാവസ്ഥയാണ് മെറിയത്തെ വല്ലാതെ അലട്ടുന്നത്.
ഇതിനിടെ മെറിയത്തിന് ഗ്രാമഫോണില്‍ ഉച്ചത്തില്‍ സംഗീതം കേള്‍പ്പിക്കുന്നുണ്ട്. എന്നാല്‍ അവള്‍ക്ക് അത് കേള്‍ക്കാനാകുന്നില്ല. ഒടുവില്‍ അവള്‍ ഗ്രാമഫോണിനെ തകര്‍ക്കുന്ന ഒരു രംഗം സംവിധായകന്‍ വളരെ വൈകാരികമായാണ് എടുത്തിട്ടുള്ളത്. ആ സീന്‍ കാണുന്ന ഏതൊരാള്‍ക്കും മനസിനെ വല്ലാതെ ഉലയ്ക്കും.
ഇത് ഒരു ഫാമിലി രഹസ്യം
കണ്ടവരെല്ലാം ഒരേ സ്വരത്തില്‍ പറയുന്നു, ഇത് 'ഫാമിലി' തന്നെ. ഒരു കുടുംബത്തില്‍ സംഭവിക്കാവുന്ന, എന്നാല്‍ പുറത്തുപറഞ്ഞാല്‍ പ്രശ്‌നമാകുമെന്നു കരുതി രഹസ്യമാക്കി വയ്ക്കുന്ന സംഭവങ്ങള്‍ വളരെ മനോഹരമായി ഡോണ്‍ പാലത്തറ എന്ന സംവിധായകന്‍ പറഞ്ഞുവയ്ക്കുന്നു. 28ാമത് രാജ്യാന്തര ചലച്ചിത്ര മേളയില്‍ മത്സര വിഭാഗം ചിത്രങ്ങളില്‍ ഇന്നലെ ആദ്യം പ്രദര്‍ശിപ്പിച്ച മലയാള ചിത്രമാണ് ഫാമിലി. കുടുംബങ്ങളില്‍ നടക്കുന്ന കുറ്റകൃത്യങ്ങള്‍ എങ്ങനെ ഒരു മാഫിയ പോലെ അവരുടെ ഉള്ളില്‍ വിദഗ്ധമായി കൈകാര്യം ചെയ്യുന്നു എന്ന് ചര്‍ച്ച ചെയ്യുന്നു. മതവും കുടുംബവും എങ്ങനെ പരസ്പരം സമരസപ്പെട്ടിരിക്കുന്ന എന്ന ചോദ്യവും ചിത്രം മുന്നോട്ടു വയ്ക്കുന്നു.
ഒരു കുടുംബത്തില്‍ നടക്കുന്ന പ്രശ്‌നങ്ങള്‍. അവ പുറമെ പറയാന്‍ മടിക്കുന്ന കുടുംബാംഗങ്ങള്‍. കുടുംബത്തിന്റെ കെട്ടുറപ്പു തകരുമെന്നുള്ളതുകൊണ്ടാണ് പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും പുറത്തു പറയാന്‍ അവര്‍ മടികാണിക്കുന്നത്. വിനയ് ഫോര്‍ട്ട് അവതരിപ്പിക്കുന്ന സോണി എന്ന കഥാപാത്രം തീര്‍ത്തും അസാധ്യമായ അഭിനയമാണ് കാഴ്ചവച്ചിരിക്കുന്നത്. കുടുംബാംഗത്തിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്ന വലിയ ചെറിയ പ്രശ്‌നങ്ങള്‍ പുറത്തറിയുമ്പോള്‍ കുടുംബത്തിനു തന്നെ ചീത്തപ്പേരാണ്.
പക്ഷേ എല്ലാവരും എല്ലാം അറിയുന്നുമുണ്ട്. നല്ലൊരു സഹായിയായ ഒരാള്‍. ആ ആളിന്റെ ഉള്ളില്‍ ഒരു നെഗറ്റീവ് ഇലമെന്റ് ഉണ്ടാകുമ്പോള്‍ കുടുംബാംഗങ്ങള്‍ക്ക് സ്വാഭാവികമായും അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടാകും. അതിനെതിരെ പ്രതികരിച്ചാല്‍ തങ്ങളുടെ കുടുംബത്തിന്റെ മുന്നോട്ടുള്ള പോക്കിന് പ്രശ്‌നമായാലോ എന്ന ഭയമാണ് പരസ്പരം അവര്‍ അതേക്കുറിച്ച് കൂടുതല്‍ ചര്‍ച്ച ചെയ്ത് വിഷയമാക്കാത്തത്.
പക്ഷേ ഡോണ്‍ പാലത്തറ എന്ന സംവിധായകന്റെ വ്യത്യസ്തമായ സംവിധാനശൈലിയാണ് ഫാമിലിയിലും പ്രതിഫലിക്കുന്നത്. എല്ലാ സംഭവങ്ങളും നേരിട്ടു പ്രേക്ഷകരിലേക്കെത്തിക്കുന്നില്ല. പകരം പ്രേക്ഷകരാണ്തീരുമാനിക്കേണ്ടത്, ഈ കഥ എങ്ങോട്ടാണ് പോകേണ്ടതെന്ന ക്യൂരിയോസിറ്റി ഇട്ടുകൊടുക്കുകയാണ് ഡോണ്‍ പാലത്തറ ചെയ്തിരിക്കുന്നത്. ഓരോ സീനിലും പ്രേക്ഷകര്‍ക്ക് ചിന്തിക്കാനുള്ള ഇലമെന്റുകള്‍സമ്മാനിക്കുകയാണ് ഡോണ്‍.
ഇതിനോടകം പ്രശ്തമായ രാജ്യാന്തര മേളകളില്‍ ചിത്രത്തിന് എന്‍ട്രി ലഭിച്ചിരുന്നു. ഡോണ്‍ പാലത്തറയുടെ ആറാമത്തെ ചിത്രമാണ് ഫാമിലി. ഡോണ്‍ പാലത്തറയും ഷെറിന്‍ കാതറിനും ചേര്‍ന്ന് എഴുതിയ 'ഫാമിലി' ഡാര്‍ക്ക് കോമഡിയുടെ ഘടകങ്ങള്‍ ഉള്‍ക്കൊള്ളുന്നതും പ്രേക്ഷകരെ പിടിച്ചുകുലുക്കുന്നതുമായ ഒരു സിനിമാവിഷ്‌കാരമാണ്.
ഒരു അന്വേഷകന്റെ മാനസിക സംഘര്‍ഷങ്ങള്‍
ഒരു കേസന്വേഷണവും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളെയും ഫാന്റസിയുടെ മേമ്പൊടി ചേര്‍ത്ത് അവതരിപ്പിച്ചിരിക്കുകയാണ് എഡ്ഗാര്‍ഡോ ഡയ്‌ലെക്ക്, ഡാനിയല്‍ കാസബെ എന്നിവര്‍ സംവിധാനം ചെയ്ത സതേണ്‍ സ്റ്റോം എന്ന ചിത്രം. ഏതു കേസും അനായാസം അന്വേഷിച്ചു കണ്ടുപിടിക്കുന്ന പ്രഗത്ഭനായ പ്രൈവറ്റ് ഡിറ്റക്റ്റീവാണ് ഹോര്‍ഗെ വില്ലഫാനെസ്.
എന്നാല്‍ വളരെ കുഴപ്പം പിടിച്ച ഒരു കേസ് ഹോര്‍ഗെയെ തേടിയെത്തുന്നു. എന്നാല്‍, തനിക്ക് സ്ഥിരം വരുന്നത് പോലുള്ള ഒരു കേസ് തന്നെ അദ്ദേഹത്തിന്റെ ജീവിതം മാറ്റിമറിക്കുന്നത്. എഡ്ഗാര്‍ഗോ ഡിലീക്ക്, ഡാനിയേല്‍ കസബ് എന്നിവര്‍ ചേര്‍ന്നൊരുക്കിയ 'സതേണ്‍ സ്റ്റോം' ഗ്രാഫിക്കല്‍ നോവലിന്റെ ചലച്ചിത്രാവിഷ്‌കാരം കൂടിയാണ്.എല്‍വിറ എന്ന ഡാന്‍സ് കൊറിയോഗ്രാഫറുടെ പ്രവൃത്തികള്‍ നിരീക്ഷിക്കാന്‍ സംശയരോഗിയായ ഭര്‍ത്താവാണ് ഡിറ്റക്ടീവിനെ സമീപിക്കുന്നത്.
സാധാരണ കേസ് പോലെ എല്‍വിറയെ സമീപിച്ച ഹോര്‍ഗെ തനിക്ക് തെറ്റുപറ്റിയെന്ന് വൈകിയാണ് മനസ്സിലാക്കുന്നത്. ഡാന്‍സ് ജീവവായുവായി കരുതുന്ന എല്‍വിറ അവിചാരിതമായി ഹോര്‍ഗെയുടെ ജീവിതത്തിന്റെ ഭാഗമാവുകയാണ്, അതിന് കാരണമാകുന്നത് പ്രകൃതിക്ഷോഭവും. ജീവിതത്തിലെ പ്രതിസന്ധിഘട്ടത്തിലൂടെ കടന്നുപോകുന്ന എല്‍വിറയോട് അനുകമ്പം തോന്നുന്ന വേളയിലും അവരോട് പൂര്‍ണമായും സത്യസന്ധനാകാന്‍ ഡിറ്റക്റ്റീവിന് സാധിക്കുന്നില്ല. ഇത് അയാളെ ഒരുപരിധിയിലേറെ അസ്വസ്ഥാനക്കുന്നുമുണ്ട്.
തുടര്‍ന്നുണ്ടാകുന്ന സംഭവവികസങ്ങളിലൂടെയാണ് ബ്യൂണസ് ഐറിസ് പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രം സഞ്ചരിക്കുന്നത്. മറ്റുള്ളവരുടെ സ്വകാര്യ ജീവിതത്തിലേക്ക് യാതൊരു മടിയുമില്ലാതെ കടന്നുകയറുന്ന ഡിറ്റക്ടീവിന്റെ അന്തരിക സംഘര്‍ഷങ്ങളും ചിത്രം പറഞ്ഞുവെക്കുന്നുണ്ട്.