ബി.വി. അരുണ്‍ കുമാര്‍
കേരളത്തിന്റെ സിനിമാ മാമാങ്കത്തിന് തിരിതെളിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. 28ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് വെളളിയാഴ്ച തുടക്കമാകും. വൈകിട്ട് നിശാഗന്ധിയിലാണ് ഉദ്ഘാടനം.
മേളയില്‍ സ്പിരിറ്റ് ഒഫ് സിനിമ അവാര്‍ഡ് കെനിയന്‍ സംവിധായിക വനൂരി കഹിയുവിന് സമ്മാനിക്കും. മേളയുടെ ഉദ്ഘാടന ദിവസമായ ഡിസംബര്‍ എട്ടിന് വൈകിട്ട് ആറിന് നിശാഗന്ധിയില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും. ഡിസംബര്‍ എട്ടുമുതല്‍ 15 വരെയാണ് ചലച്ചിത്ര മേള.
മുഹമ്മദ് കൊര്‍ദോഫാനി എന്ന നവാഗത സുഡാനിയന്‍ ചലച്ചിത്രകാരന്റെ ഗുഡ്‌ബൈ ജൂലിയ രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടന ചിത്രം. ഈ മാസം എട്ടിന് മേളയുടെ ഉദ്ഘാടന സമ്മേളനത്തിന് ശേഷം വൈകിട്ട് ആറു മണിക്ക് നിശാഗന്ധിയിലാണ് പ്രദര്‍ശനം.
അതുല്യ പ്രതിഭകള്‍ക്ക് ആദരം
സിനിമലോകത്ത് നിന്നും വിടപറഞ്ഞുപോയ അതുല്യ പ്രതിഭകള്‍ക്ക് ആദരമൊരുക്കാനൊരുങ്ങി ഇത്തവണത്തെ രാജ്യാന്തര ചലച്ചിത്രമേള. 12 പ്രതിഭകളെയാണ് ഹോമേജ് നല്‍കി ഐഎഫ്എഫ്‌കെ ആദരിക്കുന്നത്. അന്തരിച്ച വിഖ്യാത സംവിധായകന്‍ കെ. ജി ജോര്‍ജിന്റെ യവനിക എന്ന ചിത്രത്തിന്റെ റീമാസ്റ്റേഡ് പതിപ്പും മേളയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. സിദ്ധിഖ് സംവിധാനം ചെയ്ത് റാം ജി റാവു സ്പീക്കിങ്, കഴിഞ്ഞവര്‍ഷം അന്തരിച്ച മാമുക്കോയക്ക് സംസ്ഥാന പുരസ്‌കാരം നേടികൊടുത്ത കമല്‍ സംവിധാനം ചെയ്ത പെരുമഴക്കാലം, ജെ.സി ഡാനിയേല്‍ അവാര്‍ഡ് ജേതാവ് കെ രവീന്ദ്രനാഥന്‍ നായര്‍ നിര്‍മിച്ച വിധേയന്‍ എന്നീ ചിത്രങ്ങളാണ് മലയാളത്തില്‍ നിന്നും പ്രദര്‍ശിപ്പിക്കുന്നത്.
സ്പാനിഷ് സംവിധായകന്‍ കാര്‍ലോസ് സൗറയുടെ കസിന്‍ ആഞ്ചെലിക്ക, ടെറന്‍സ് ഡേവിസ് സംവിധാനം ചെയ്ത ഡിസ്റ്റന്റ് വോയിസസ് സ്റ്റില്‍ ലൈവ്സ്, വില്യം ഫ്രീഡ്കിന്‍ ചിത്രം ദി എക്സോര്‍സിസ്റ്റ്, ഇബ്രാഹിം ഗോലെസ്റ്റാന്‍ സംവിധാനം ചെയ്ത ബ്രിക്ക് ആന്‍ഡ് മിറര്‍, ഫ്രഞ്ച് ചലച്ചിത്രകാരന്‍ ജാക്ക് റോസിയറിന്റെ അഡിയൂ ഫിലിപ്പീന്‍, ശ്രീലങ്കയിലെ ആദ്യ വനിതാ സംവിധായിക സുമിത്ര പെരീസിന്റെ ദി ട്രീ ഗോഡസ് എന്നീ ചിത്രങ്ങളും ഹോമേജിന്റെ ഭാഗമായി മേളയില്‍ പ്രദര്‍ശിപ്പിക്കും.
മലയാളം സിനിമ ടുഡേ വിഭാഗത്തില്‍ കാതല്‍
ജിയോ ബേബി സംവിധാനം ചെയ്ത് മമ്മൂട്ടിയും ജ്യോതികയും ഒന്നിക്കുന്ന കാതല്‍ മലയാളം സിനിമ ടുഡേ എന്ന വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. എന്നെന്നും, ഫൈവ് ഫസ്റ്റ് ഡേറ്റ്‌സ്, നീലമുടി, ആപ്പിള്‍ ചെടികള്‍, ബി 32 മുതല്‍ 44 വരെ, ഷെഹര്‍ സാദേ, ആട്ടം, ദായം, ഓ ബേബി, ആനന്ദ് മോണാലിസയും കത്ത്, വലസൈ പറവകള്‍ എന്നിവയാണ് മലയാളം സിനിമ ടുഡേ എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുന്ന മറ്റു സിനിമകള്‍. ഡോണ്‍ പാലത്തറ സംവിധാനം ചെയ്ത ഫാമിലി, ഫാസില്‍ റസാഖ് സംവിധാനം ചെയ്ത തടവ് എന്നീ മലയാള ചിത്രങ്ങള്‍ അന്താരഷ്ട്ര മത്സരവിഭാഗത്തില്‍ മാറ്റുരയ്ക്കുന്നുണ്ട്.
അന്താരാഷ്ട്ര മത്സരവിഭാഗത്തില്‍ മാറ്റുരയ്ക്കാന്‍ നാല് ഇന്ത്യന്‍ ചിത്രങ്ങള്‍. വിവിധ രാജ്യങ്ങളില്‍ നിന്നായി 14 ചിത്രങ്ങളാണ് ഈ വിഭാഗത്തില്‍ മത്സരിക്കുന്നത്. മലയാളം, ഹിന്ദി, ബംഗാളി, സ്പാനീഷ്, കസാഖ്, പേര്‍ഷ്യന്‍, ജാപ്പനീസ്, പോര്‍ച്ചുഗീസ്, അസാറി, ഉസ്ബെക്ക് ഭാഷകളില്‍ നിന്നാണ് ചിത്രങ്ങള്‍. കനുബേല്‍ സംവിധാനം ചെയ്ത ആഗ്ര, ഡോണ്‍ പാലത്തറയുടെ ഫാമിലി, ലുബ്ധക് ചാറ്റര്‍ജിയുടെ വിസ്‌പേഴ്സ് ഒഫ് ഫയര്‍ ആന്‍ഡ് വാട്ടര്‍, ഫാസില്‍ റസാഖ് സംവിധാനം ചെയ്ത തടവ് എന്നിവയാണ് മത്സരവിഭാഗത്തിലുള്ള ഇന്ത്യന്‍ ചിത്രങ്ങള്‍.
ഹിന്ദി ചിത്രം ആഗ്ര കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രേക്ഷക പ്രീതി നേടിയിരുന്നു. മെല്‍ബണ്‍ ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ചിത്രമായും തിരഞ്ഞെടുക്കപ്പെട്ടു. പുരുഷ ലൈംഗിക ചോദനയുടെ ഇന്ത്യന്‍ യാഥാര്‍ത്ഥ്യങ്ങളാണ് ചിത്രം പറയുന്നത്.