തിയേറ്റര്‍ എക്സ്പീരിയന്‍സിന് മുന്‍തൂക്കം നല്‍കി മാസ്സ് ബിജിഎമ്മുകളും ബ്രഹ്‌മാണ്ഡ മേക്കിങ്ങുകളിലേക്കും സിനിമാ മേഖല വഴി മാറിക്കൊണ്ടിരിക്കുമ്പോഴാണ് അതിശക്തമായ തിരക്കഥയുടെ പിന്‍ബലത്തില്‍ ഗരുഡന്‍ എന്ന ചിത്രം വ്യത്യസ്തമാകുന്നത്. മിഥുന്‍ മാനുവല്‍ തോമസിന്റെ തൂലികയില്‍ പിറന്ന, അരുണ്‍ വര്‍മ്മയുടെ മേക്കിങ്ങില്‍ ഉയര്‍ന്ന മികച്ച ത്രില്ലര്‍ സിനിമയാണ് ഗരുഡന്‍.
ഒരു ലീഗല്‍ ക്രൈം ത്രില്ലര്‍ ഡ്രാമ എന്ന് വിശേഷിപ്പിക്കാവുന്ന സിനിമ, ത്രില്ലര്‍ പ്രേമികളെ പൂര്‍ണമായും സംതൃപ്തിപെടുത്തും എന്നത് തീര്‍ച്ചയാണ്.
ത്രില്ലര്‍ സിനിമകള്‍ എഴുതാനുള്ള തന്റെ വൈദഗ്ദ്ധ്യം ആദ്യ സിനിമയില്‍ തന്നെ തെളിയിച്ച വ്യക്തിയാണ് മിഥുന്‍. ക്രൈം ത്രില്ലറുകള്‍ എഴുതുമ്പോള്‍ മിഥുന്‍ നടത്തുന്ന ഗ്രൗണ്ട് വര്‍ക്കുകളുടെ റിസള്‍ട്ട് ഈ സിനിമയിലും തെളിഞ്ഞു നില്‍ക്കുന്നുണ്ട്. പ്രേക്ഷകര്‍ക്ക് യാതൊരു പിടിയും തരാതെ സിനിമയുടെ അവസാനം വരെ സസ്പെന്‍സ് ചിത്രം നിലനിര്‍ത്തുന്നു. ഒരു ത്രില്ലര്‍ സിനിമയ്ക്ക് വേണ്ട എല്ലാ ചേരുവകളും ചേര്‍ത്താണ് മിഥുന്‍ മാനുവല്‍ തോമസ് ചിത്രം ഒരുക്കിയിരിക്കുന്നത്. എങ്കിലും സ്ഥിരം സൈക്കോ മര്‍ഡര്‍ പറ്റേണുകള്‍ അല്ല സിനിമയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കഥാപാത്രങ്ങളുടെ അഭിനയത്തില്‍ പോലും ആ വ്യത്യസ്തത കാണാനാകും. സിനിമ ആവശ്യപ്പെടാത്ത രംഗങ്ങളോ അനാവശ്യ വലിച്ചുനീട്ടലോ ഒന്നും തന്നെ സിനമയില്‍ ഇല്ല.
സുരേഷ് ഗോപിയും ബിജു മേനോനും പ്രാധാന വേഷത്തിലെത്തുന്ന ചിത്രം, സുരേഷ് ഗോപിയിലെ പോലീസ് കഥാപാത്രത്തിന്റെ ചേര്‍ച്ച ഒരിക്കല്‍ കൂടി അടിവരയിടുന്നു. ഡിസിപി ഹരീഷ് ആയി സുരേഷ് ഗോപി മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. കഥാപാത്രം ആവശ്യപ്പെടുന്ന മികച്ച അഭിനയം ബിജു മേനോനും കാഴ്ചവച്ചു. വ്യത്യസ്തമായ വേഷപ്പകര്‍ച്ച ബിജു മേനോന്റെ അച്ചടക്കത്തോടെ അവതരിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.
നവാഗതനായ അരുണ്‍ വര്‍മ ആണ് ചിത്രം സംവിധാനം ചെയ്തത്. മിഥുന്റെ മികച്ച എഴുത്തില്‍ അരുണിന്റെ ഗംഭീര മേക്കിങ് കൂടിയായപ്പോള്‍ ഗരുഡന്‍ അക്ഷരാര്‍ത്ഥത്തില്‍ ഒരു
ക്ലീന്‍ ത്രില്ലര്‍ ആയി. സിനിമ ആവശ്യപ്പെടുന്ന പശ്ചാത്തല സംഗീതവും സീനുകളെ താങ്ങിനിര്‍ത്തുന്നു. ജേക്സ് ബിജോയ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കിയത്.
സത്യസന്ധതയും ജോലിയോടുള്ള ആത്മാര്‍ഥതയും കൈമുതലാക്കിയ ഡി.സി.പി ഹരീഷ് മാധവിന്റെയും അയാള്‍ കാരണം ശിക്ഷ അനുഭവിക്കേണ്ടി വന്ന നിഷാന്ത് എന്ന കോളേജ് അധ്യാപകന്റെയും കഥയാണ് ഗരുഡന്‍ പറയുന്നത്. നായകപ്രതിനായക ദ്വന്ദ്വങ്ങള്‍ മാറിമറിയുന്ന ചിത്രം ആദ്യാവസാനം വരെ പ്രേക്ഷകരെ പിടിച്ചിരുത്തുന്നുണ്ട്. സുരേഷ് ഗോപിയും ബിജുമേനോനും നേര്‍ക്കുനേര്‍ വരുന്ന രംഗങ്ങളില്‍, വ്യത്യസ്ത സാഹചര്യങ്ങളില്‍ അവരെ സ്‌ക്രീനിന്റെ ഇടത്തും വലത്തും മാറ്റി മാറ്റി പ്ലേസ് ചെയ്യുന്ന ഡയറക്ടര്‍ ബ്രില്ല്യന്‍സും ഗംഭീരമാണ്.
സിനിമയിലുടനീളം തളംകെട്ടി നില്‍ക്കുന്ന സസ്പെന്‍സില്‍ പ്രെഡിക്ഷന് യാതൊരു സാധ്യതയും തരാതെയാണ് മിഥുന്‍ മാനുവല്‍ കഥ ഒരുക്കിയിരിക്കുന്നത്. സിനിമയില്‍ അഭിനയിച്ച മറ്റു താരങ്ങളും തങ്ങളുടെ കഥാപാത്രങ്ങള്‍ മികച്ചതാക്കി.
ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്ന ജഗദീഷ് തന്റെ കഥാപാത്രത്തെ ഭംഗിയായി ചെയ്തു. ഒരിടവേളയ്ക്ക് ശേഷം മലയാളത്തില്‍ എത്തുന്ന അഭിരാമിയും മികച്ച അഭിനയമാണ് കാഴ്ചവച്ചത്.
അഭിനയ മികവില്‍ ഇവരെക്കാളൊക്കെ ഒരു പടി മുന്നില്‍ നില്‍ക്കുന്നത് തലൈവാസല്‍ വിജയിയുടെ കേണല്‍ ഫിലിപ്പ് ആണ്. ഒരു അതിജീവിതയുടെ പിതാവിന്റെ വേഷം അദ്ദേഹം മികച്ച രീതിയില്‍ പ്രേക്ഷകരിലേക്ക് എത്തിച്ചു.
സിനിമയില്‍ നിന്ന്, വിശേഷിച്ചും മലയാള സിനിമയില്‍ നിന്ന് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന കെട്ടുറപ്പുള്ള തിരക്കഥ, അത് ഗരുഡനിലുണ്ട്. പ്രേക്ഷകരെ ഗരുഡനിലേക്ക് അടുപ്പിക്കുന്നതും അതു തന്നെയാണ്.