രണ്‍ബീര്‍ കപൂറിന്റെ ബോളിവുഡ് ചിത്രം അനിമല്‍ ബോക്സ് ഓഫിസില്‍ ഹിറ്റായ സാഹചര്യത്തില്‍ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ചിത്രത്തിന്റെ സംവിധായകന്‍ സന്ദീപ് റെഡ്ഡി വാങ്ക. സിനിമയുണ്ടാക്കുന്നത്
പ്രേക്ഷകരെ മൂല്യങ്ങള്‍ പഠിപ്പിക്കാനല്ലെന്ന് സന്ദീപ് റെഡ്ഡി പറഞ്ഞു. സിനിമ ഒരു കലയാണെന്നും അത് സംവിധായകന്റെ ആവിഷ്‌കാര സ്വാതന്ത്ര്യമാണെന്നും സംവിധായകന്‍ ചൂണ്ടിക്കാട്ടി.
''സിനിമ എന്നത് മൂല്യങ്ങള്‍ പഠിപ്പാക്കാനുള്ള വിദ്യാഭ്യാസ സ്ഥാപനമല്ല. ഞാനൊരു മനോരോഗ വിദഗ്ധനെ കാണേണ്ടത് അത്യാവശ്യമാണെന്ന് ഒരാള്‍ ട്വീറ്റ് ചെയ്തിരുന്നു. സത്യത്തില്‍ അയാളാണ് ഡോക്ടറെ കാണേണ്ടത്. ഈ സിനിമയില്‍ കാണിക്കുന്ന കാര്യങ്ങളല്ല ഞാന്‍ യഥാര്‍ഥ ജീവിതത്തില്‍ ചെയ്യുന്നത്. ഇത് സിനിമയാണ്, ഒരു കലാരൂപമാണ്, ഇതെന്റെ ആവിഷ്‌കാരസ്വാതന്ത്ര്യമാണ്. സിനിമയിലെ ഏതാനും രംഗങ്ങളിലൂടെ ഞാന്‍ നിങ്ങളെ അസ്വസ്ഥരാക്കുന്നുണ്ടെങ്കില്‍, പ്രകോപിപ്പിക്കുന്നുണ്ടെങ്കില്‍ അതാണ് സിനിമയുടെ വിജയം. യഥാര്‍ത്ഥ ജീവിതത്തില്‍ ഞാനത് ചെയ്യുകയാണെങ്കില്‍, അതായത് ഞാനൊരു തോക്കുമെടുത്ത് നിരൂപകരുടെ ഓഫീസിലേക്ക് അതിക്രമിച്ചു കയറുകയാണെങ്കില്‍, ആ അവസരത്തില്‍ നിങ്ങള്‍ക്ക് എന്നോട് ഒരു മനോരോഗ വിദഗ്ധനെ സമീപിക്കാന്‍ പറയാം.സത്യത്തില്‍ ഈ സിനിമയിലെ പലരംഗങ്ങളിലും ഞാന്‍ വെള്ളം ചേര്‍ത്തിട്ടുണ്ട്. അങ്ങനെ ചെയ്തില്ലെങ്കില്‍ ഇന്ത്യന്‍ പ്രേക്ഷകര്‍ക്ക് അത് താങ്ങാനാകില്ല. കാരണം ഞാനും ഇവിടെയുള്ള ഒരു പ്രേക്ഷകനാണ്''- സന്ദീപ് റെഡ്ഡി പറഞ്ഞു.
അര്‍ജുന്‍ റെഡ്ഡി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് സന്ദീപ് റെഡ്ഡി വംഗ. അനിമല്‍ സിനിമയിലെ കടുത്ത സ്ത്രീവിരുദ്ധതയും ടോക്‌സിസിറ്റിയും വ്യാപക വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. സംവിധായകന്റെ മുന്‍ ചിത്രങ്ങളായ അര്‍ജുന്‍ റെഡ്ഡി, കബീര്‍ സിംഗ് എന്നീ ചിത്രങ്ങള്‍ക്കും സമാന വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
ഈ സാഹചര്യത്തിലാണ് വിശദീകരണവുമായി സംവിധായകന്‍ രംഗത്ത് വന്നത്.
അതേസമയം, ഡിസംബര്‍ ഒന്നിന് റിലീസ് ചെയ്ത അനിമല്‍ 870 കോടിയോളം വരുമാനം നേടി.രശ്മിക മന്ദാനയാണ് നായിക. വില്ലനായി ബോബി ഡിയോളും എത്തുന്നു. അനില്‍ കപൂര്‍, തൃപ്തി ദിമ്രി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.