തിരുവനന്തപുരം: 150 രൂപ കൊടുത്ത് സിനിമ കാണുന്ന പ്രേക്ഷകന് സിനിമയെ കുറിച്ച് എന്തും പറയാനുള്ള അവകാശമുണ്ടെന്ന് നടന്‍ അജു വര്‍ഗീസ്. ഫീനിക്സ് സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. റിവ്യൂ ബോംബിംഗിനെ പറ്റിയുള്ള ചോദ്യത്തിന്, റിവ്യൂ പാടില്ല എന്ന് രാജ്യത്ത് നിയമം ഉണ്ടോ എന്നും അജു ചോദിച്ചു.
റിവ്യൂ ചെയ്യാന്‍ പാടില്ല എന്ന് നമ്മുടെ രാജ്യത്ത് നിയമം ഉണ്ടോ? അതില്ലാത്തടുത്തോളം നമ്മള്‍ സംസാരിച്ചിട്ട് കാര്യമില്ല. 150 രൂപ കൊടുക്കുന്ന പ്രേക്ഷകന് എന്തും പറയാനുള്ള അധികാരമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഒരു ഹോട്ടലിലെ ഭക്ഷണം മോശമാണെങ്കില്‍ ഞാന്‍ പറയും. അതുപോലെ എന്റെ സിനിമയെക്കുറിച്ച് അവര്‍ക്കും പറയാം. അജു വര്‍ഗീസ് പറഞ്ഞു.
വാണിജ്യ സിനിമകള്‍ ആത്യന്തികമായി ഒരു പ്രോഡക്റ്റ് ആണെന്നും അതിന്റെ വളര്‍ച്ചയ്ക്ക് റിവ്യൂകള്‍ സഹായകരമാണെന്നും അജു വര്‍ഗീസ് പറഞ്ഞു. ഹാര്‍ഡ് റിവ്യൂസ് വ്യക്തിപരമായി സഹായിച്ചിട്ടുണ്ടെന്നും അജു വര്‍ഗീസ് കൂട്ടിച്ചേര്‍ത്തു.
ഫീനിക്സ്, പ്രണയ കഥയില്‍ ഭീതിയുടെ നിഴല്‍ ചേര്‍ത്ത ഒരു സിനിമയാണെന്നും ഭാവിയില്‍ ഇതിലെ പ്രണയമായിരിക്കും ചര്‍ച്ച ചെയ്യപ്പെടുകയെന്നും അജു വര്‍ഗീസ് പറഞ്ഞു.
അജു വര്‍ഗീസും ചന്ദുനാഥും പ്രധാന വേഷത്തിലെത്തുന്ന ചിത്രം ഫീനിക്സ് തിയേറ്ററുകളില്‍ ശ്രദ്ധേയമായി പ്രദര്‍ശനം തുടരുകയാണ്. മിഥുന്‍ മാനുവല്‍ തോമസിന്റെ തൂലികയില്‍ പിറന്ന ചിത്രം ഹൊറര്‍ റൊമാന്‍സ് എന്നീ ജോണറുകളുടെ സമന്വയമാണ്.
നവാഗതനായ വിഷ്ണു ഭരതന്‍ ആണ് സംവിധാനം. നില്‍ജ കെ. ബേബി ഭാഗത് മാനുവല്‍, എന്നിവരും ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നു.