നിത്യ യൗവന ശബ്ദം! ആശാ ഭോസ്ലേ എന്ന ഗായികയുടെ മുഖമുദ്ര ഇതാണ്. എല്ലാത്തരം ഗാനങ്ങളും പാടാനുള്ള കഴിവാണ് മറ്റൊരു സവിശേഷത. പ്രണയവും തട്ടുപൊളിപ്പന്‍ പാട്ടുകളും ഗസലുകളുമെല്ലാം പൂര്‍ണതയില്‍ ആലപിക്കാനുള്ള വിസ്മയിപ്പിക്കുന്ന കഴിവും ഈ ഗായികയുടെ പ്രത്യേകതയാണ്. 2023 സെപ്റ്റംബര്‍ 8 ന് ഇന്ത്യന്‍ ജനപ്രിയ സംഗീതത്തിലെ ഗാനകോകിലത്തിന് 90 വയസ്സുതികയുന്നു!
വാനമ്പാടിയുടെ സഹോദരി
മറാത്ത നാടക നടനും ഗായകനുമായിരുന്ന ദീനനാഥ് മങ്കേഷ്‌കറുടെയും ശുദ്ധമാതിയുടെയും മകളായി 1933 ല്‍ ഇന്‍ഡോറിലാണ് ആശാ ഭോസ്ലേ ജനിച്ചത്. ലതാ മങ്കേഷ്‌കര്‍, ഉഷ മങ്കേഷ്‌കര്‍, മീന ഖഡികര്‍, ഹൃദയ്‌നാഥ് മങ്കേഷ്‌കര്‍ എന്നിവര്‍ സഹോദരങ്ങള്‍.
1943ല്‍, പത്താം വയസ്സില്‍ മറാത്തി ഫിലിം മജ്ഹ ബാല്‍ എന്ന ചിത്രത്തില്‍ പാടി കൊണ്ടാണ് ആശയുടെ അരങ്ങേറ്റം. 1948 ല്‍ ചുനരിയയിലെ സാവന്‍ ആയാ... എന്ന പാട്ടു പാടി ഹിന്ദിയിലും തുടക്കം കുറിച്ചു.
ആശ ബോളിവുഡില്‍ പാടിത്തുടങ്ങുമ്പോള്‍ സഹോദരിയായ ലതാ മങ്കേഷ്‌കര്‍ സംഗീത ലോകത്ത് ഉയരങ്ങളില്‍ എത്തിയിരുന്നു. ലതയുടെ നിഴലാവാതെ സ്വന്തമായൊരു ശൈലി രൂപപ്പെടുത്തിയെടുക്കാനാണ് ആശാ ഭോസ്ലേ ശ്രമിച്ചത്.
നയ്യാര്‍ ആശ കൂട്ടുകെട്ട്
ബോളിവുഡില്‍ ആശയ്ക്ക് ബ്രേക്കായത് സംഗീത സംവിധായകന്‍ ഒ.പി.നയ്യാറുടെ ഗാനമാണ്. 1956 ല്‍ സിഐഡി എന്ന ചിത്രത്തിലെ ഗാനത്തിലൂടെ ആശ ബോളിവുഡില്‍ സ്വന്തമായൊരു ഇരിപ്പിടം കണ്ടെത്തി. നയ്യാര്‍ ഭോസ്ലേ കൂട്ടുകെട്ടില്‍ 324 ഓളം പാട്ടുകളാണ് പിറന്നത്.
ഇത്രയും ഗാനങ്ങള്‍ ആശയെ കൊണ്ടു പാടിച്ചപ്പോഴും, ഇന്ത്യയുടെ വാടമ്പാടിയായ ലതാ മങ്കേഷ്‌കറിന് ഒരു ഗാനം പോലും നയ്യാര്‍ നല്‍കിയില്ല! അതിന്റെ കാരണം നയ്യാര്‍ പറഞ്ഞത് ഇങ്ങനെ. എനിക്ക് വേണ്ടത് കരുത്തുള്ള, തുറന്നു പാടുന്ന, ഇന്ദ്രിയ സംവേദിയായ ശബ്ദമായിരുന്നു എനിക്ക് വേണ്ടിയിരുന്നത്. ലതയുടേത് മെലിഞ്ഞ, നേര്‍ത്ത ശബ്ദമാണ്, അതെന്റെ സംഗീത പരീക്ഷണങ്ങളുമായി യോജിക്കുന്നതായിരുന്നില്ല!
ബര്‍മന്റെ ജീവിതസഖി
നയ്യാറും ആശയും പ്രണയത്തിലാണെന്ന ഗോസിപ്പുകളും പരന്നു. എന്നാല്‍, ഈ ബന്ധം വെറും ഗോസിപ്പ് കോളങ്ങളില്‍ ഒതുങ്ങി. അതിനിടെ, ആര്‍.ഡി.ബര്‍മാന്റെ ഗാനങ്ങള്‍ പാടാന്‍ തുടങ്ങിയിരുന്നു. തന്നേക്കാളും 6 വയസ്സ് ഇളപ്പമുള്ള ആര്‍.ഡി.ബര്‍മനെ ആശ ഭോസ്ലേ വിവാഹം കഴിച്ചു.
ആശയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. വീട്ടുകാരുടെ എതിര്‍പ്പുകളെ അവഗണിച്ച് 16 ാം വയസ്സില്‍ 31 വയസ്സുള്ള ഗണ്‍പത്‌റാവു ഭോസ്ലേയെ മുന്‍പ് ആശ വിവാഹം ചെയ്തിരുന്നു.
സ്വയംവര ശുഭദിന മംഗളങ്ങള്‍...
1977 ല്‍ പുറത്തിറങ്ങിയ സുജാത എന്ന മലയാള ചിത്രത്തിലും ആശാ ഭോസ്ലേ പാടി. മാങ്കൊമ്പ് ഗോപാലകൃഷ്ണന്റെ വരികള്‍ക്ക് രവീന്ദ്ര ജെയിന്‍ സംഗീതം പകര്‍ന്ന സ്വയംവര ശുഭദിന മംഗളങ്ങള്‍, അനുമോദനത്തിന്റെ ആശംസകള്‍... എന്ന ഗാനം. ആശാ ഭോസ്ലേയുടെ ഏക മലയാളഗാനമാണിത്. രവീന്ദ്ര ജെയിനാണ് ഈ ഗാനത്തിന് സംഗീതം ഒരുക്കിയത്.
പുരസ്‌കാരങ്ങള്‍, ഗിന്നസ് റെക്കോഡ്
ഏഴു പതിറ്റാണ്ടായി സ്വന്തം ഗാനങ്ങളിലൂടെ സംഗീതാസ്വാദകരെ വിസ്മയിപ്പിക്കുന്ന ആശ, 20 ഭാഷകളിലായി 11,000 പാട്ടുകള്‍ പാടി, ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിലും ഇടം പിടിച്ചു. ലോകത്ത് ഏറ്റവുമധികം ഗാനങ്ങള്‍ പാടി റെക്കോര്‍ഡ് ചെയ്യപ്പെട്ട ഗായിക കൂടിയാണ് ആശ. ഗ്രാമി അവാര്‍ഡിന് നോമിനേറ്റ് ചെയ്യപ്പെട്ട ആദ്യ ഇന്ത്യക്കാരിയും ആശാ ഭോസ്ലേ തന്നെ. 2000ല്‍ ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരവും 2008 ല്‍ പത്മവിഭൂഷണും നല്‍കി രാജ്യം ആദരിച്ചു.