28ാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് വെള്ളിയാഴ്ച തിരിതെളിയും; ഗുഡ് ബൈ ജൂലിയ ഉദ്ഘാടന ചിത്രം

അനന്തപുരിയുടെ സ്വന്തം കാഴ്ചയുടെ പൂരത്തിന് വെള്ളിയാഴ്ച തിരിതെളിയും. വൈകിട്ട് ആറിന് നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് ഉദ്ഘാടനച്ചടങ്ങ്. പതിവില്‍ നിന്നും വ്യത്യസ്തമായി മുഖ്യമന്ത്രി നേരിട്ട് ചടങ്ങ് ഉദ്ഘാടനം ചെയ്യില്ല. നവകേരള സദസ് നടക്കുന്നതിനാല്‍ മുഖ്യമന്ത്രി വീഡിയോയിലൂടെയാകും ചലച്ചിത്ര മേള ഉദ്ഘാടനം ചെയ്യുക

author-image
Web Desk
New Update
28ാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് വെള്ളിയാഴ്ച തിരിതെളിയും; ഗുഡ് ബൈ ജൂലിയ ഉദ്ഘാടന ചിത്രം

തിരുവനന്തപുരം: അനന്തപുരിയുടെ സ്വന്തം കാഴ്ചയുടെ പൂരത്തിന് വെള്ളിയാഴ്ച തിരിതെളിയും. വൈകിട്ട് ആറിന് നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് ഉദ്ഘാടനച്ചടങ്ങ്. പതിവില്‍ നിന്നും വ്യത്യസ്തമായി മുഖ്യമന്ത്രി നേരിട്ട് ചടങ്ങ് ഉദ്ഘാടനം ചെയ്യില്ല. നവകേരള സദസ് നടക്കുന്നതിനാല്‍ മുഖ്യമന്ത്രി വീഡിയോയിലൂടെയാകും ചലച്ചിത്ര മേള ഉദ്ഘാടനം ചെയ്യുക. മികച്ച നടനും മികച്ച സഹനടനുമുള്ള മൂന്ന് ദേശീയ ചലച്ചിത്രപുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയ ഹിന്ദി നടന്‍ നാനാ പടേക്കര്‍ ചടങ്ങില്‍ മുഖ്യാതിഥിയാവും. കെനിയന്‍ സംവിധായിക വനൂരി കഹിയുവിനുള്ള സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് മേയര്‍ ആര്യാ രാജേന്ദ്രന്‍ സമ്മാനിക്കും. ഫെസ്റ്റിവല്‍ ക്യൂറേറ്റര്‍ ഗോള്‍ഡാ സെല്ലം 28ാമത് ഐ.എഫ്.എഫ്.കെയിലെ പാക്കേജുകള്‍ പരിചയപ്പെടുത്തി സംസാരിക്കും.

ചടങ്ങില്‍ വി.കെ പ്രശാന്ത് എം.എല്‍.എ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി സുരേഷ് കുമാര്‍, അന്താരാഷ്ട്ര മല്‍സര വിഭാഗം ജൂറി ചെയര്‍പേഴ്സണും പോര്‍ച്ചുഗീസ് സംവിധായികയുമായ റീത്ത അസെവെദോ ഗോമസ്, ലാറ്റിനമേരിക്കന്‍ പാക്കേജ് ക്യുറേറ്റര്‍ ഫെര്‍ണാണ്ടോ ബ്രണ്ണര്‍, സൗണ്ട് ഡിസൈനറും സംവിധായകനുമായ റസൂല്‍ പൂക്കുട്ടി, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്, സംവിധായകന്‍ ശ്യാമപ്രസാദ്, കെ.എസ്.എഫ്.ഡി.സി ചെയര്‍മാന്‍ ഷാജി എന്‍. കരുണ്‍, സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധിബോര്‍ഡ് ചെയര്‍മാന്‍ മധുപാല്‍, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി ഐ.എ.എസ്, ഫിലിം ചേംബര്‍ പ്രസിഡന്റ് ബി.ആര്‍.ജേക്കബ്, അക്കാദമി വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍, സെക്രട്ടറി സി.അജോയ് തുടങ്ങിയവര്‍ പങ്കെടുക്കും.ഫെസ്റ്റിവല്‍ കാറ്റലോഗ് വി.കെ പ്രശാന്ത് എം.എല്‍.എ മധുപാലിന് നല്‍കിക്കൊണ്ട് പ്രകാശനം ചെയ്യും.

ഡെയ്ലി ബുള്ളറ്റിന്‍ അഡ്വ. ഡി.സുരേഷ് കുമാര്‍ ഷാജി എന്‍. കരുണിന് നല്‍കി പ്രകാശനം ചെയ്യും. അക്കാദമി ജേണല്‍ ചലച്ചിത്രസമീക്ഷയുടെ ഫെസ്റ്റിവല്‍ പതിപ്പിന്റെ പ്രകാശനകര്‍മ്മം റസൂല്‍ പൂക്കുട്ടി പ്രേംകുമാറിന് നല്‍കിക്കൊണ്ട് നിര്‍വഹിക്കും. തുടര്‍ന്ന് ഉദ്ഘാടന ചിത്രമായ ഗുഡ് ബൈ ജൂലിയ പ്രദര്‍ശിപ്പിക്കും.

film festival IFFK latest news news update