ഓസ്‌കര്‍ പുരസ്‌കാരത്തിനുള്ള അന്തിമ ചുരുക്കപ്പട്ടികയില്‍ ഇടം നേടാനാകാതെ ഇന്ത്യയുടെ ഒഫിഷ്യല്‍ എന്‍ട്രിയായ മലയാള ചിത്രം '2018' പുറത്ത്. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ചിത്രമായ 2018 ഏറെ പ്രതീക്ഷയോടെയാണ് ഓസ്‌കറിനായി കാത്തിരുന്നത്.
ടൊവിനൊ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തിയ 2018 ആണ് ആദ്യമായി മലയാളത്തില്‍ നിന്ന് 200 കോടി ക്ലബില്‍ എത്തുന്ന ചിത്രം.
2018 ല്‍ കേരളം നേരിട്ട പ്രളയത്തിന്റെ കഥ പ്രമേയമാക്കിയ ചിത്രത്തില്‍ നിരവധി താരങ്ങള്‍ അണിനിരന്നിട്ടുണ്ട്. ബോക്‌സ് ഓഫീസില്‍ 2018 പല കളക്ഷന്‍ റെക്കോര്‍ഡുകളും ഭേദിച്ച് മലയാളത്തിന്റെ ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു.
മലയാളത്തില്‍ മാത്രമല്ല അന്യ ഭാഷകളിലും ചിത്രത്തിന് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. തെലുങ്കില്‍ ചിത്രം 10 കോടിയില്‍ അധികം നേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. തമിഴ്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും 2018 സിനിമ മൊഴിമാറ്റി പ്രദര്‍ശിപ്പിച്ചിരുന്നു.
ടൊവിനോ തോമസിനും ആസിഫ് അലിക്കും കുഞ്ചാക്കോ ബോബനും പുറമേ നരെയ്ന്‍, ലാല്‍, വിനീത് ശ്രീനിവാസന്‍, സുധീഷ്, അജു വര്‍ഗീസ്, അപര്‍ണ ബാലമുരളി, തന്‍വി റാം, ശിവദ, ഗൗതമി നായര്‍, സിദ്ദിഖ്, രണ്‍ജി പണിക്കര്‍, ജനാര്‍ദനന്‍, രമേഷ് തിലക്, വിനിത ജോഷി, ജി സുരേഷ് കുമാര്‍, റോണി ഡേവിഡ്, കലാഭവന്‍ ഹനീഫ് തുടങ്ങി വന്‍ താരനിരയാണ് '2018'ല്‍ വേഷമിട്ടത്.തിരക്കഥയില്‍ അഖില്‍ ധര്‍മജനും പങ്കാളിയാണ്. ഛായാഗ്രാഹണം അഖില്‍ ജോര്‍ജായിരുന്നു.