ഇന്ത്യയിൽ ഇപ്പോൾ നടക്കുന്ന കാര്യങ്ങളിൽ ഭയം തോന്നുന്നുവെന്ന് സംവിധായകൻ ജിയോ ബേബി.മതപരവും രാഷ്ട്രീയപരവുമായ സെൻസറിങ്ങിലൂടെ സിനിമ കടന്നു പോകുന്നു,എന്നാൽ ഇത് സിനിമക്കോ കലാകാരന്മാർക്കോ സമൂഹത്തിനോ നല്ലതല്ലെന്നും ജിയോ ബേബി പറഞ്ഞു. പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ അഭിപ്രായം വ്യക്തമാക്കിയത്.
'ഇന്ത്യയിൽ ഇപ്പോൾ നടക്കുന്ന കാര്യങ്ങളിൽ ഭയം തോന്നുന്നു. ഇന്ന് സിനിമക്ക് മേൽ മതപരമായും രാഷ്ട്രീയപരമായും സെൻസറിങ് നടക്കുന്നുണ്ട്. ഇത് സംവിധായകർക്ക് മാത്രമല്ല കലാകാരന്മാർക്കും ആശങ്കാജനകമാണ്. അടുത്തിടെ ഒരു സിനിമ ഒ.ടി.ടിയിൽ നിന്ന് പിൻവലിച്ചു. ഫലത്തിൽ, ഞങ്ങൾ കുറ്റകൃത്യമോ മറ്റെന്തെങ്കിലുമോ ചെയ്യുകയാണെന്ന് അവർ സ്വയം അംഗീകരിക്കുകയാണ്. അത് സിനിമക്കോ കലാകാരന്മാർക്കോ സമൂഹത്തിനോ നല്ലതല്ല. ഇത്തരത്തിലുള്ള സിനിമകൾ പ്രദർശിപ്പിക്കുന്നതിനോ സ്ട്രീം ചെയ്യുന്നതിനോ വേണ്ടി നമ്മൾ പുതിയ പ്ലാറ്റ്‌ഫോമുകൾ കണ്ടെത്തണം. ചില സമയങ്ങളിൽ ഒരുപാട് കലാകാരന്മാർ അവരുടെ കലയുടെ പേരിൽ ജയിലിലാകാൻ സാധ്യതയുണ്ട്. അതിനാൽ, ഞാൻ ഭയപ്പെടുന്നു. എന്നാൽ നമ്മൾ ഒരുമിച്ച് പോരാടിയാൽ നമ്മൾ ഇതിൽ വിജയിക്കും. കലയിൽ പ്രതീക്ഷയുണ്ട്,’ ജിയോ ബേബി പറയുന്നു.
കാതൽ ദ കോർ ആണ് ജിയോ ബേബിയുടെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. മമ്മൂട്ടി, ജ്യോതിക എന്നിവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളായി എത്തിയത്.