തിരവനന്തപുരം: കഴിഞ്ഞ ഒരാഴ്ചയായി തലസ്ഥാനത്തെ കാഴ്ചയുടെ പൂരം സമ്മാനിച്ച രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് വെള്ളിയാഴ്ച സമാപനം. വെള്ളിയാഴ്ച വൈകിട്ട് ആറിന് നിശാഗന്ധിയിലാണ് സമാപന ചടങ്ങ്. സുവർണ ചകോരം, രജത ചകോരം, ജനപ്രിയ ചിത്രം തുടങ്ങിയവയുടെ പ്രഖ്യാപനവും ചടങ്ങിൽ നടക്കും. 20 ലക്ഷം രൂപയാണ് സുവർണ ചകോരം നേടുന്ന സിനിമയ്ക്ക് ലഭിക്കുക.
രജത ചകോരം നേടുന്ന ചിത്രത്തിന്നാലുലക്ഷം രൂപയും രജത ചകോരത്തിന് അർഹനാകുന്ന മികച്ച നവാഗത സംവിധായകന് മൂന്നുലക്ഷം രൂപയും സമ്മാനിക്കും. സമപന ചടങ്ങിൽ വിഖ്യാത പോളിഷ് സംവിധായകനും നിർമ്മാതാവും തിരക്കഥാകൃത്തുമായ ക്രിസ്റ്റോഫ് സനൂസിക്ക് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് സമ്മാനിക്കും. പത്തുലക്ഷം രൂപയും ശിൽപ്പവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് അവാർഡ്.
12,000 ഡെലിഗേറ്റുകൾ ഉൾപ്പെടെ 15,000ത്തോളം പേരാണ് സിനിമ കാണാനെത്തിയത്. കുസാറ്റ് സംഭവത്തിന്റെ പശ്ചാത്തലത്തിൽ തിയേറ്ററുകളിൽ കാണികളെ കുത്തിഞെരുക്കാതെ തന്നെ സിനിമകൾ പ്രദർശിപ്പിച്ചതും ശ്രദ്ധേയമായി.
ആർട്ടിസ്റ്റിക് ഡയറക്ടർക്കു പകരം പാരീസിൽ നിന്നുള്ള ക്യൂറേറ്ററാണ് മേളയിലെ ചിത്രങ്ങൾ തിരഞ്ഞെടുത്തത്. ഫ്രഞ്ച് സിനിമാ പ്രവർത്തക ഗോൾഡാ സെല്ലമായിരുന്നു ക്യൂറേറ്റർ. മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ചലച്ചിത്ര വികസന കോർപ്പറേഷന്റെ സഹകരണത്തോടെ ഫിലിം മാർക്കറ്റ് സംഘടിപ്പിച്ചത് ഈ മേളയെ വേറിട്ടതാക്കുന്നു.
യുദ്ധ വിരുദ്ധതയും അധിനിവേശ വിരുദ്ധതയും പ്രമേയമാക്കിയായിരുന്നു 28ാമത് രാജ്യാന്തര ചലച്ചിത്ര മേള സംഘടിപ്പിച്ചത്. ചലച്ചിത്ര വികസന കോർപ്പറേഷനും ചലച്ചിത്ര അക്കാഡമിയും സഹകരിച്ചാണ് ഇത്തവണ മേള സംഘടിപ്പിച്ചത് എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. പുതുമയും വ്യത്യസ്തമായ പ്രമേയവും സിനിമാ പ്രേമികളെ ഏറെ ആകർഷിച്ചെന്നതും എടുത്തു പറയേണ്ട വസ്തുതതയാണ്.
മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി മേളയെ കുറിച്ച് പരാതികൾ ഇല്ലാതിരുന്നതും സംഘാടനത്തിന്റെ മികവാണ്. വനിതാ സംവിധായകരുടെ സിനിമകൾക്കായും പ്രത്യേക സെക്ഷൻ ഇത്തവണത്തെ മേളയിലുണ്ടായിരുന്നു. 41 വനിതാ സംവിധായകരുടെ സിനിമകളാണ് പ്രദർശിപ്പിച്ചത്.മൺമറഞ്ഞ ചലച്ചിത്ര പ്രതിഭകൾക്ക് സ്മരണാഞ്ജലിയർപ്പിക്കുന്ന ചടങ്ങും മേളയുടെ പ്രത്യേകതയായിരുന്നു.
ഹോമേജ് വിഭാഗത്തിൽ 11 ചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിച്ചത്. 11 മലയാള സിനിമകൾ ഉൾപ്പെടെ 66 ചിത്രങ്ങളുടെ അവസാന പ്രദർശനം കൂടിയായിരുന്നു ഇന്നലെ നടന്നത്. ചലച്ചിത്ര അക്കാഡമി ചലച്ചിത്ര പൈതൃക സംരക്ഷണ പദ്ധതിയുടെ ഭാഗമായി 2കെ റെസല്യൂഷനിൽ പുനരുദ്ധരിച്ച ഭൂതക്കണ്ണാടിയുടെ പ്രദർശനവും വ്യാഴാഴ്ച നടന്നു.