വൻ തകർച്ച നേരിട്ട ബോളിവുഡ് വ്യവസായത്തിന് വൻ ഉണർവ്വ് പകർന്ന ചിത്രമായിരുന്നു ഷാരൂഖ് ഖാൻറെ പഠാൻ. എന്നാൽ അത് ബോളിവുഡിൻറെ തിരിച്ചുവരവായി വ്യാഖ്യാനിക്കാൻ ട്രേഡ് അനലിസ്റ്റുകൾ ഒന്ന് മടിച്ചു. പഠാൻറെ വൻ വിജയത്തോട് കിട പിടിക്കുന്ന ചിത്രങ്ങളൊന്നും പിന്നീട് എത്തിയില്ല എന്നതുതന്നെ കാരണം.
അക്ഷയ് കുമാറിൻറെയും സൽമാൻ ഖാൻറെയുമൊക്കെ ബിഗ് ബജറ്റ് ചിത്രങ്ങൾ അതിനിടെ എത്തിയെങ്കിലും കണ്ണഞ്ചിപ്പിക്കുന്ന നേട്ടമൊന്നും സ്വന്തമാക്കാനായില്ല. അതേസമയം താരതമ്യേന ചെറിയ ചിത്രങ്ങൾ ഭേദപ്പെട്ട വിജയം നേടിതാനും. എന്നാലും തിയറ്ററുകൾ നിറയ്ക്കുന്ന ഒരു വൻ വിജയത്തിനായുള്ള കാത്തിരിപ്പിലായിരുന്നു ഹിന്ദി സിനിമാലോകം. ഇപ്പോഴിതാ അത് സംഭവിച്ചിരിക്കുകയാണ്. സണ്ണി ഡിയോളിനെ നായകനാക്കി അനിൽ ശർമ്മ സംവിധാനം നിർവ്വഹിച്ച ഗദർ 2 ആണ് ആ ചിത്രം.
സ്വാതന്ത്ര്യദിന വാരാന്ത്യം ലക്ഷ്യമിട്ട് ഓഗസ്റ്റ് 11 ന് തിയറ്ററുകളിലെത്തിയ ചിത്രം ചലച്ചിത്രലോകത്തെ വിസ്മയിപ്പിക്കുകയായിരുന്നു. 2001 ൽ പുറത്തെത്തി വൻ വിജയം നേടിയ ഗദർ: ഏക് പ്രേം കഥയുടെ സീക്വൽ ആണെന്നതിനാൽ ചിത്രം പ്രേക്ഷകപ്രീതി നേടിയേക്കുമെന്ന് കരുതപ്പെട്ടിരുന്നെങ്കിലും ഉത്തരേന്ത്യൻ തിയറ്ററുകൾ ജനസമുദ്രമാക്കുമെന്ന് നിർമ്മാതാക്കളായ സീ സ്റ്റുഡിയോസ് പോലും കരുതിയിരുന്നിരിക്കില്ല.
റിലീസ് മുതലിങ്ങോട്ട് അതത് ദിവസത്തെ കളക്ഷൻ നിർമ്മാതാക്കൾ തന്നെ പുറത്ത് വിടുന്നുണ്ട്. ഇപ്പോഴിതാ 22 ദിവസത്തെ കളക്ഷൻ കണക്കുകൾ പുറത്തുവിട്ടിരിക്കുകയാണ് അവർ.
22 ദിവസം കൊണ്ട് 487.65 കോടിയാണ് ചിത്രം നേടിയതെന്നാണ് സീ സ്റ്റുഡിയോസ് അറിയിക്കുന്നത്. എന്നാൽ ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്ന് മാത്രമുള്ള നേട്ടമാണിത്. ആഗോള ബോക്സ് ഓഫീസിൽ നിന്ന് ഈ സമയത്തിനുള്ളിൽ ചിത്രം ആകെ 631.80 കോടി നേടിയെന്നാണ് ബോക്സ് ഓഫീസ് ട്രാക്കർമാർ അറിയിക്കുന്നത്.
അതേസമയം തെന്നിന്ത്യൻ ഹിറ്റ് ജയിലറിൻറെ രണ്ടാഴ്ചത്തെ ആഗോള ബോക്സ് ഓഫീസ് കളക്ഷൻ മാത്രമാണ് നിർമ്മാതാക്കളായ സൺ പിക്ചേഴ്സ് ഇതുവരെ പുറത്തുവിട്ടത്. ഇതുപ്രകാരം ജയിലറിൻറെ രണ്ടാഴ്ചത്തെ നേട്ടം 525 കോടിയാണ്. അതേസമയം ചിത്രം മൂന്ന് വാരങ്ങൾ പിന്നിട്ടപ്പോൾ ആഗോള ബോക്സ് ഓഫീസിൽ നിന്ന് 600 കോടി ക്ലബ്ബിൽ എത്തിയതായി ബോക്സ് ഓഫീസ് ട്രാക്കർമാർ അറിയിക്കുന്നുണ്ട്. ജയിലറിൻറെ ഒടിടി റിലീസ് തീയതിയും ഇന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
ചിത്രത്തിൻറെ തിയറ്റർ കളക്ഷനെ അത് സാരമായി ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ലൈഫ് ടൈം കളക്ഷനിൽ ജയിലറിനേക്കാൾ മുന്നിലെത്തും ഗദർ 2 എന്നാണ് ട്രാക്കർമാരുടെ വിലയിരുത്തൽ.