ഇന്ത്യൻ സിനിമയിൽ മുൻനിര നായകന്മാരിൽ ഏറ്റവും ഡിമാൻഡുള്ള താരമാണ് അല്ലു അർജുൻ. റൊമാന്റിക് നായകനു പുറമെ ആക്ഷൻരംഗങ്ങളിളും അല്ലു തന്റെ മികവ് തെളിയിച്ചിട്ടുണ്ട്. മാത്രമല്ല ചടുലമായ നൃത്തചുവടുകൾകൊണ്ട് ആരാധകരെ ആവേഷത്തിലാക്കും.
ഇപ്പോഴിതാ 'പുഷ്പ' എന്ന താരത്തിന്റെ കരിയർ ബ്രേക്കിങ്ങ് ചിത്രത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്കാരം വാങ്ങിക്കൊണ്ട് പാൻ ഇന്ത്യൻ താരങ്ങളിൽ മുൻ പന്തിയിലെത്തിയിരിക്കുകയാണ് അല്ലു. പുതിയ റിപ്പോർട്ടുകളനുസരിച്ച്, ലണ്ടനിലെ ലോക പ്രശസ്ത വാക്സ് മ്യൂസിയമായ മാഡം തുസാഡ്സിൽ അല്ലുവിന്റെ പ്രതിമ ഒരുങ്ങുകയാണ്.
ഈ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ തെന്നിന്ത്യൻ നടനാണ് അല്ലു അർജുൻ. ബാഹുബലി ലുക്കിൽ പ്രഭാസ്, സ്പൈഡർ ചിത്രത്തിലെ മഹേഷ് ബാബു എന്നിവരാണ് മ്യൂസിയത്തിലെ മറ്റ് തെന്നിന്ത്യൻ താരങ്ങൾ. പുഷ്പ ലുക്കിലാണ് അല്ലു അർജുന്റെ മെഴുക് പ്രതിമ ഒരുങ്ങുന്നത്.
അമിതാഭ് ബച്ചൻ, ഐശ്വര്യ റായ്, ഷാരൂഖ് ഖാൻ, ഹൃത്വിക് റോഷൻ, പ്രിയങ്ക ചോപ്ര, ദീപിക പദുക്കോൺ, സൽമാൻ ഖാൻ, കരീന കപൂർ തുടങ്ങിയ ഇന്ത്യൻ താരങ്ങളുടെ മെഴുക് രൂപങ്ങളുടെ വിപുലമായ ശേഖരവും ലണ്ടനിലെ മാഡം തുസാഡ്‌സ് വാക്‌സ് മ്യൂസിയം ഇതിനോടകം പ്രദർശിപ്പിച്ചിട്ടുണ്ട്.
അതേസമയം, ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 'പുഷ്പ 2: ദ റൂൾ' ഉൾപ്പടെ നിരവധി ചിത്രങ്ങളുമായി തിരക്കുനിറഞ്ഞ ഷെഡ്യൂളാണ് അല്ലുവിന്റേത്. സുകുമാർ സംവിധാനം ചെയ്ത ആക്ഷൻ-പാക്ക്ഡ് ത്രില്ലറായ പുഷ്പയിൽ രശ്മിക മന്ദാന, ഫഹദ് ഫാസിൽ, പ്രകാശ് രാജ്, സുനിൽ, കൂടാതെ മറ്റ് പ്രമുഖ താരങ്ങളും അണിനിരക്കുന്നുണ്ട്. 2024 ഓഗസ്റ്റിൽ ചിത്രം തിയേറ്ററുകളിൽ എത്തിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ചിത്രം തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നിവയുൾപ്പെടെയുള്ള ഭാഷകളിലാണ് പ്രദർശനത്തിമനെത്തുക.