കവിയും പ്രൗഢരചനകളുടെ എഴുത്തുകാരനുമായ പ്രൊഫ. സുന്ദരം ധനുവച്ചപുരം വിട പറഞ്ഞപ്പോള്‍ മലയാള ഭാഷയിലെ ഏറ്റവും മുന്തിയ പണ്ഡിത ശിരസ്സുകളില്‍ ഒന്നാണ് മാഞ്ഞുപോയത്. വ്യാകരണവും വ്യാഖ്യാനഗ്രന്ഥങ്ങളും ഉള്‍പ്പെടെ ഒട്ടേറെ പ്രൗഢരചനകള്‍ സംഭാവന ചെയ്തിട്ടും അര്‍ഹിക്കുന്ന ഒരു അക്കാദമിക് അംഗീകാരം അദ്ദേഹത്തിന് നല്‍കാതിരിക്കാനുള്ള ഹൃദയശൂന്യത നമ്മള്‍ കാണിച്ചു
സമഗ്രസംഭാവനാ പുരസ്‌കാരവും ഫെലോഷിപ്പുമൊക്കെ സുന്ദരം ധനുവച്ചപുരം എന്ന പേരിനോട് ചേരുമ്പോള്‍ വെറും മൈനര്‍ കേസുകളല്ലേ? എങ്കിലും കിട്ടിയോ അത്? ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പോലുള്ള ഒരു ഭാഷാ സ്ഥാപനത്തിന്റെ അമരത്തിരിക്കാന്‍ എല്ലാം തികഞ്ഞ ഒരാളല്ലേ? ഒരു പക്ഷേ, എല്ലാം തികഞ്ഞ എന്ന പ്രയോഗം ശരിയല്ല. ഇല്ല 'ലതി'ന്റെ ഒരു കുറവുണ്ട്.
എസ്. ഭാസുരചന്ദ്രന്‍
പ്രൊഫ. സുന്ദരം ധനുവച്ചപുരം എന്ന എഴുത്തുകാരന്റെ ജീവചരിത്രം ഒന്നോടിച്ചുനോക്കുമ്പോള്‍ പെട്ടെന്നു ശ്രദ്ധയില്‍പിടിച്ചുനിര്‍ത്തുന്ന ഒരു വശമുണ്ട്. സുന്ദരം ധനുവച്ചപുരം എന്ന കവിയെ മലയാള ഭാഷയിലെ ഏറ്റവും മുന്തിയ പണ്ഡിത ശിരസ്സുകളിലൊന്നാക്കിയ ആ വ്യാകരണ ഗ്രന്ഥവും വ്യാഖ്യാന പരിഭാഷാഗ്രന്ഥങ്ങളും അദ്ദേഹം രചിച്ചത് യൂണിവേഴ്‌സിറ്റി കോളേജ് പ്രിന്‍സിപ്പലായി 1993 ല്‍ റിട്ടയര്‍ ചെയ്ത ശേഷമാണ്. യൂണിവേഴ്‌സിറ്റി കോളേജിന്റെ മലയാളം നാലുകെട്ടിന്റെ വരാന്തകളില്‍ സ്‌നേഹ കല്ലോലിനിയായി ഒഴുകുകയും ക്ലാസ് മുറികളില്‍ കാവ്യാധ്യാപനത്തിന്റെ മധുര വൈഖരിയായി പടരുകയും ചെയ്ത പ്രിയ ഗുരുനാഥന് ആ കാലത്തുതന്നെ ഈ പുസ്തകങ്ങളില്‍ ചിലതെങ്കിലും എഴുതി തന്റെ ശക്തിസ്രോതസ്സുകള്‍ വിളംബരപ്പെടുത്താന്‍ എന്തായിരുന്നു തടസ്സം? തന്റെ ഗുരുനാഥന്മാരായിരുന്ന തിരുനല്ലൂര്‍, ഒ.എന്‍.വി., എന്‍. കൃഷ്ണപിള്ള തുടങ്ങിയ കൊളോസസുകളുടെ സഹപ്രവര്‍ത്തകനാകാന്‍ കഴിഞ്ഞു എന്നതുതന്നെ പുണ്യത്തിന്റെ പരമാവധിയായി കണ്ടുവോ? വിനീതവിധേയനായി അവരോടിണങ്ങി കഴിയവേ തന്നെ അവരുമായി ബൗദ്ധിക വ്യാപാരങ്ങളില്‍ സമശീര്‍ഷത്വം വരുന്നത് ഗുരുനിന്ദയായി കണ്ടുവോ? ഉവ്വ് എങ്കില്‍ അത് വിനയത്തിന്റെ അത്യപൂര്‍വമായ ഒരു ബ്രാന്‍ഡ് തന്നെ. സുന്ദരം പിള്ള സാറിന്റെ ഈ നിലപാട് ശരിയായിരുന്നില്ല എന്നു പറയുന്നത് ഗുരുനിന്ദയാകുമോ എന്നു പേടിച്ച് അദ്ദേഹത്തിന്റെ ശിഷ്യനായ ഞാന്‍ അതു ചെയ്യുന്നില്ല.
എഴുപതുകള്‍ തുടങ്ങിക്കഴിഞ്ഞിരുന്നു. അന്നേ ഞങ്ങള്‍ക്കറിയാമായിരുന്നു കര്‍ണ്ണഭൂഷണം ഈണത്തില്‍ ചൊല്ലി കര്‍ണ്ണന്‍ എന്ന ഇതിഹാസ കഥാപാത്രത്തിന്റെ ട്രാജഡിയുടെ മുഖങ്ങള്‍ പ്രഗത്ഭമായി ആവിഷ്‌കരിക്കുന്ന അധ്യാപകന്‍ കവി കൂടി ആണെന്ന്. എന്നാല്‍, അദ്ദേഹം അങ്ങനെ ഭാവിച്ചില്ല. കവിതകള്‍ ഏതൊക്കെയാണെന്നും എവിടെയാണതൊക്കെ പ്രസിദ്ധീകരിച്ചതെന്നും ഞങ്ങള്‍ക്ക് അവ്യക്തമായ ധാരണയേ ഉണ്ടായിരുന്നുള്ളൂ. സാര്‍ അതിനെക്കുറിച്ച് ഒന്നും പറഞ്ഞില്ല. തിരുനേല്ലൂര്‍ സാറും ഒ.എന്‍.വി. സാറും ഇരിക്കുന്നിടത്ത് സുന്ദരം ധനുവച്ചപുരം എന്ന കവിക്ക് യാതൊരു പ്രസക്തിയുമില്ല എന്നദ്ദേഹം ആത്മാര്‍ത്ഥമായിത്തന്നെ വിശ്വസിച്ചു. നമുക്കെന്തെങ്കിലും ചെയ്യാന്‍ കഴിയുമോ? എന്തായാലും എഴുപതുകള്‍ ഉടനീളം, ഒന്നോ രണ്ടോ നൊയമ്പ് മുറിക്കലുകള്‍ ഒഴിച്ചാല്‍, അദ്ദേഹം കവിതയില്‍ എഴുതാവ്രതം അനുഷ്ഠിച്ചു.
ധനുവച്ചപുരം പ്രൈമറി സ്‌കൂള്‍ ഹെഡ്മാസ്റ്ററായിരുന്ന ഐസക്കിന്റെ പതിനൊന്നു മക്കളില്‍ നാലാമനായ സുന്ദരം ധനുവച്ചപുരത്തിന്റെ സ്‌കൂള്‍ രജിസ്റ്ററിലെ പേര് ഐ സുന്ദരന്‍ പിള്ള എന്നായിരുന്നു. പഠിക്കാന്‍ മിടുക്കനായിരുന്നു. ചെറിയ പ്രായത്തില്‍ത്തന്നെ സ്വന്തം മുഖം സാഹിത്യത്തിന്റെ കണ്ണാടിയിലാണ് കണ്ട് തല ചീകിയിരുന്നത്. നടുഭാഗം വകന്നുള്ള ആ തലചീകലും അതിനു ചുവട്ടില്‍ സൂര്യന്‍ ഉദിച്ചുനില്‍ക്കുന്ന ആ മുഖവും ഓര്‍ക്കുകയാണ്. ശിഷ്യന്‍മാരോട് ഇത്രയും വാത്സല്യം പ്രകടിപ്പിക്കുന്ന ഒരധ്യാപകന്‍ മലയാളം ഡിപ്പാര്‍ട്ട്‌മെന്റില്‍ അന്നില്ലായിരുന്നു. മസിലുപിടിത്തത്തില്‍ ഡോക്ടറേറ്റെടുത്ത പല അഭിവന്ദ്യരും അന്നവിടെ അധ്യാപക നിരയിലുണ്ടായിരുന്നതിനാല്‍ സുന്ദരം സാറിന്റെ ഈ കോണ്‍ട്രാസ്റ്റ് അദ്ദേഹം ആഗ്രഹിക്കാതെ തന്നെ വെട്ടിത്തിളങ്ങി. പ്രാചീന കൃതികളായ രാമചരിതം, ഉണ്ണിയാടീ ചരിതം, ഉണ്ണിച്ചിരുതേവീ ചരിതം എന്നിവ പഠിപ്പിച്ച് കോട്ടുവായ വിടാനും കോട്ടുവായ ഉല്പാദിപ്പിക്കാനും എളുപ്പമാണ്. സാഹിത്യചരിത്ര പ്രാധാന്യമുണ്ടായിരിക്കേ തന്നെ മുഴുനീള ബോറടികളായ ഈ കൃതികള്‍ സുന്ദരം സാറിനെ തേടിയെത്തുകയോ അവയെ അദ്ദേഹം ഏറ്റെടുക്കുകയോ ചെയ്തു. അവ ഭംഗിയായും രസകരമായും പഠിപ്പിച്ചു. വ്യാകരണവും സാറിന്റെ പ്രിയപ്പെട്ട വിഷയമായിരുന്നു. സാധാരണ കവിതാവ്യക്തിത്വമുള്ള അധ്യാപകര്‍ ഇത്തരം കുരിശുകള്‍ ചുമക്കാറില്ല. വ്യാകരണത്തിലെ സംശയവും ചോദിച്ചുവരുന്ന കുട്ടികളെ ലീലാവതി ടീച്ചര്‍ക്കടുത്തേക്ക് വിടുകയാണ് എം കെ സാനുമാഷ് പോലും മഹാരാജാസില്‍ ചെയ്തിരുന്നത്. ദീര്‍ഘകാലം കേരളപാണിനീയം പഠിപ്പിച്ചതിന്റെ കഥാശേഷമാണ് സുന്ദരം സാറിന്റെ കേരളപാണിനീയം വ്യാഖ്യാന പുസ്തകം. ഈ പുസ്തകത്തെ ഒഴിവാക്കിക്കൊണ്ട് നമുക്കിനി കേരളപാണിനീയം പഠിക്കാനോ പഠിപ്പിക്കാനോ സാധിക്കില്ല എന്നിടത്തെത്തി നില്‍ക്കുന്നു പ്രൊഫ. സുന്ദരം ധനുവച്ചപുരം കൈവരിച്ചതും പലരും കണ്ടില്ലെന്നു നടിച്ചതുമായ ബൗദ്ധിക മൈലേജ്.
സമഗ്രം എന്ന വാക്ക് അതിന്റെ മുഴുവന്‍ അര്‍ത്ഥ വിവക്ഷകളോടെയും ചേര്‍ന്നുനില്‍ക്കുന്നവയാണ് പ്രൊഫ. സുന്ദരം ധനുവച്ചപുരത്തിന്റെ കവിതകള്‍ മുതല്‍ കാവ്യ-വ്യാകരണ ഗ്രന്ഥങ്ങളുടെ വിവര്‍ത്തന വ്യാഖ്യാനങ്ങള്‍ വരെ പടരുന്ന സാഹിത്യസംഭാവനകള്‍. തന്റെ ഗുരുനാഥന്‍ തിരുനല്ലൂര്‍ കരുണാകരന്‍ അവതാരികയെഴുതിയ 'കന്നിപ്പൂക്കള്‍' എന്ന കവിതാസമാഹാരമാണ് ആദ്യം വന്നത്-1966 ല്‍, തന്റെ ഇരുപത്തിയെട്ടാം വയസ്സില്‍. പത്തു വര്‍ഷം കഴിഞ്ഞാണ് രണ്ടാമത്തെ കവിതാസമാഹാരമായ ഗ്രീഷ്മം വരുന്നത്, ഗുരുനാഥനായ ഒ.എന്‍.വി. കുറുപ്പിന്റെ അവതാരികയോടെ. ഇനിയും ബാക്കിയുണ്ട് ദിനങ്ങള്‍, പുനര്‍ജനി, ട്വിന്‍സ് (അവതാരിക ശിഷ്യനായ പി രവികുമാറിന്റേത്), കൃഷ്ണകൃപാ സാഗരം എന്നീ കവിതാസമാഹാരങ്ങള്‍ റിട്ടയര്‍മെന്റിനു ശേഷം പുറത്തുവന്നു. സാറിനെ അക്കാദമിക് പ്രപഞ്ചത്തിലെ ഉജ്ജ്വല നക്ഷത്രമാക്കുന്ന കാവ്യപരിഭാഷാ വ്യാഖ്യാനങ്ങള്‍ വരുന്നത് എഴുപത് വയസിനു ശേഷമാണ്. ചൗര പഞ്ചാശിക, ശതകത്രയം, അമരുകശതകം , അനംഗരംഗം എന്നീ സംസ്‌കൃത കാവ്യങ്ങളുടെ പദ്യത്തില്‍ തന്നെയുള്ള മധുരപരിഭാഷകളും ആഴമേറിയ വ്യാഖ്യാനങ്ങളും കുടത്തിലെ മണിദീപങ്ങള്‍ പോലെയാണ് പുറത്തുവരികയും മലയാള ഭാഷ് സാഹിത്യത്തില്‍ മാസ്മര പ്രഭ ചൊരിയുകയും ചെയ്തത്. വിദ്യാപതിയുടെ പ്രേമഗീതങ്ങളും (ഹിന്ദി) മീരയുടെ ഭക്തിഗീതങ്ങളും (ഹിന്ദി) ഇതുപോലെ പദ്യരൂപത്തില്‍ സാറിലൂടെ മലയാളത്തില്‍ പാടി. ഉണ്ണിച്ചിരുതേവീ ചരിതവും ഉണ്ണിയാടീചരിതവും വ്യാഖ്യാനിച്ചു. ഇതിനെല്ലാം മുകളില്‍ കിരീടശോഭയോടെ സുന്ദരം ധനുവച്ചപുരത്തിന്റെ ശിരസില്‍ വെട്ടിത്തിളങ്ങുന്നതാണ് മേല്‍പ്പത്തൂരിന്റെ പ്രശസ്തമായ നാരായണീയം കാവ്യത്തിന് നല്‍കിയ പാണ്ഡിത്യ നിര്‍ഭരവും ബൃഹത്തുമായ വ്യാഖ്യാനപഠനം. കേരളപാണിനീയം-വ്യാഖ്യാനവും വിചിന്തനവും എന്ന ഗ്രന്ഥം മലയാള സാഹിത്യത്തിലെ വ്യാകരണ വിചാരത്തിലെ രത്‌നകവചിതമായ നാഴികക്കല്ലാണ്. മൊത്തം 21 കൃതികളാണ് വ്യക്തിദു:ഖങ്ങളുടെ കൊടുംചൂടിനകത്തിരുന്ന് അതുല്യ ആചാര്യന്‍ സംഭാവന ചെയ്തത്് എന്ന് ചിതയുടെ വെളിച്ചത്തിലെങ്കിലും മലയാള സാഹിത്യം കാണണം.
ഒപ്പം ചിന്തിക്കണം, അര്‍ഹിക്കുന്ന ഏതെങ്കിലും അക്കാദമിക് ആദരം നമ്മള്‍ അദ്ദേഹത്തിന് നല്‍കിയോ? കവചകുണ്ഡലങ്ങളുടെ ജന്മവരങ്ങള്‍ എങ്ങനെ കര്‍ണ്ണന്റെ ജീവിതത്തില്‍ ദുരന്തനാടകം ചമച്ചു എന്ന് ചൊല്ലിത്തന്ന് ഞങ്ങളെ പഠിപ്പിച്ച ഗുരുനാഥന്റെ ജീവിതത്തില്‍ കര്‍ണ്ണന്റെ നിഴല്‍ വീണുകിടക്കുന്നുവോ? സൂര്യതേജസ്സിന്റെ മനുഷ്യരൂപമായിരിക്കുമ്പോഴും സൂതപുത്രന്‍ എന്ന നിന്ദാസുചകത്വം കര്‍ണ്ണന് ജീവിതകുരുക്ഷേത്ര മുന്നേറ്റങ്ങളില്‍ വിഘ്‌നം സൃഷ്ടിച്ചു. ആയുധപരിശീലന വേദിയില്‍ അപമാനിതനായി നിന്ന കര്‍ണ്ണന് സൗഹൃദഹസ്തം നീട്ടിക്കൊടുക്കാന്‍ ഒരു ദുര്യോധന രാജാവുണ്ടായിരുന്നു. രാജാക്കന്മാരെ കൂട്ടിമുട്ടാതെ നടക്കാന്‍ വയ്യാത്ത കലാശാല വരാന്തകളില്‍ ഒന്നില്‍ നിന്നുപോലും സുന്ദരം സാറിനെ പിന്തുണയ്ക്കാന്‍ ഒരു കിടീടധാരി മുന്നോട്ടുവന്നില്ല. സമഗ്രസംഭാവനാ പുരസ്‌കാരവും ഫെലോഷിപ്പുമൊക്കെ സുന്ദരം ധനുവച്ചപുരം എന്ന പേരിനോട് ചേരുമ്പോള്‍ വെറും മൈനര്‍ കേസുകളല്ലേ? എങ്കിലും കിട്ടിയോ അത്? ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പോലുള്ള ഒരു ഭാഷാ സ്ഥാപനത്തിന്റെ അമരത്തിരിക്കാന്‍ എല്ലാം തികഞ്ഞ ഒരാളല്ലേ? ഒരു പക്ഷേ, എല്ലാം തികഞ്ഞ എന്ന പ്രയോഗം ശരിയല്ല. ഇല്ല 'ലതി'ന്റെ ഒരു കുറവുണ്ട്. ജാള്യത്തിലെ 'ജാ'യും തീന്മയിലെ 'തി'യും ചേരുമ്പോള്‍ സംഭവിക്കുന്നത് സുന്ദരം സാറിന്റെ ജീവിത്തിലും സംഭവിച്ചു. എസ്എസ്എല്‍സി ബുക്കിന്റെ മൂന്നാം പേജിലെ വിവരങ്ങള്‍ അദ്ദേഹത്തിന് എതിരായി. പക്ഷേ, അദ്ദേഹത്തിന് അതിലൊന്നും തരിമ്പും ഖേദമില്ലായിരുന്നു. ആരോഗ്യവകുപ്പില്‍ അസിസ്റ്റന്റ് ഡയറക്ടറായിരുന്ന ജീവിതസഖി ഡോ. കെ എസ് അമ്മുക്കുട്ടിയുടെ രോഗവും വിയോഗവും ആ ഹൃദയത്തില്‍ അണയാനെരിപ്പോട് കത്തിച്ചു. രണ്ട് ആണ്‍മക്കളാണ്. രാജേഷും രതീഷും. അവരുടെ ആരോഗ്യവൈകാരിക ജീവിതത്തിലും പ്രതിസന്ധികള്‍ ഉരുണ്ടുകൂടിയപ്പോള്‍, ഒരാശ്വാസം പോലെ അദ്ദേഹം സ്വീകരിച്ച അഗ്നിമധ്യേതപസ്സിന്റെ അക്ഷരപുണ്യങ്ങളാണ് അവസാന വര്‍ഷങ്ങളില്‍ ആ തൂലികയില്‍ നിന്നുതിര്‍ന്ന പ്രൗഢരചനകള്‍. എണ്‍പത്തിമൂന്നു വയസായിരുന്നു വിട പറയുമ്പോള്‍. കോവിഡ് നിയന്ത്രണങ്ങള്‍ മറന്നുകൊണ്ട് ഒട്ടേറെ ആത്മമിത്രങ്ങളും പ്രിയ ശിഷ്യരും ആ ഭൗതികദേഹത്തിനെ നമസ്‌കരിച്ചു.
ഗുരവേ നമ: