വിനോദ് ആനന്ദ്
'നിന്റെ മോഹങ്ങള്‍ക്കൊത്ത് ജിംനേഷ്യത്തില്‍ പോയി വയര്‍ കുറച്ച്, മസ്സില്‍ പെരുപ്പിച്ച് എന്നും സുന്ദരനായി നടക്കാന്‍ ഇനി ഈ പ്രായത്തില്‍ എന്നെക്കൊണ്ടാവുമോ?' ചിന്ത കുറച്ച് ദിവസങ്ങളായി ഈയൊരു കാര്യം പറഞ്ഞ് എന്നോട് വഴക്കിടാന്‍ തുടങ്ങിയിട്ട്.
'ഹേ മനുഷ്യാ നിങ്ങളൊരു നടനാണെന്നോര്‍ക്കണം. നിങ്ങളുടെ ഈ വയറ് കണ്ട് ഫീല്‍ഡില്‍ ഉള്ളവരൊക്കെ എന്നെയാണ് കളിയാക്കുന്നത്. ഭര്‍ത്താവ് തന്ത വേഷം കെട്ടി മൂലക്കൊതുങ്ങുന്നതിനെക്കാള്‍ വിഷമം ഭര്‍ത്താവ് തന്തയെപ്പോലെ തോന്നിക്കുന്നു എന്ന് പറയുമ്പോഴാണ്' ചിന്ത മുറിയിലെ വലിയ കണ്ണാടിയില്‍ നോക്കി മുഖം മിനുക്കുകയായിരുന്നു.
'തന്ത വേഷം എന്താ മോശമാണോ? മഹാനടന്മാരായ തിലകനും നെടുമുടിവേണുവുമെല്ലാം അരങ്ങ് വാണിരുന്നത് തന്ത വേഷങ്ങളിലൂടെയാണ്. ചെറിയ വേഷങ്ങളെങ്കിലും എന്റെ ഫീല്‍ഡ് സിനിമയാണെന്നോര്‍ക്കണം'
'പക്ഷേ, അവരുടെയൊന്നും ഭാര്യമാര്‍ അവരോടൊപ്പം ഫീല്‍ഡില്‍ ഇല്ലായിരുന്നുവെന്ന് കൂടി ശ്രീമാന്‍ ഓര്‍ത്താല്‍ നന്ന്' ചിന്ത ഹെയര്‍ ഡ്രയറെടുത്ത് തലമുടി സ്ട്രെയിറ്റ് ചെയ്തിട്ടു.
'എല്ലാവര്‍ക്കും നായകനായി അഭിനയിക്കാന്‍ കഴിയില്ലെന്റെ ശ്രീമതി. എന്നും ചെറുപ്പക്കാരനായിരിക്കാനും കഴിയില്ല' എന്റെ വാക്കുകള്‍ക്ക് കൂടുതല്‍ ഉണര്‍വ്വ് വന്നുതുടങ്ങി.
'നായകനായി അഭിനയിക്കാനൊക്കെ ഒരു യോഗം വേണം മനുഷ്യനേ.. നിങ്ങളെക്കൊണ്ട് ഈ ജന്മം അതിനാവില്ലെന്ന് ആര്‍ക്കാ ഇവിടെ അറിയാത്തത്?' അവള്‍ എന്നെ പുച്ഛത്തോടെ നോക്കി, അമര്‍ത്തി ചിരിച്ചു.
'നിത്യഹരിത നായകന്‍ പ്രേംനസീര്‍ സാറിനും സത്യന്‍ സാറിനും എവിടെയാടീ മസ്സില്? '
'മലയാള സിനിമക്കും നായകനും എന്നും ആ പഴഞ്ചന്‍ സങ്കല്പമാകുമെന്ന് നിങ്ങള്‍ കരുതിയതേ തെറ്റ്. അഭിനയം, അലങ്കാരം, വേഷം..എല്ലാം മാറുകയാണ്. സ്വന്തം ഫീല്‍ഡ് ആയിട്ടു പോലും നിങ്ങള്‍ക്കിതൊന്നുമറിയാത്തത് ആരുടെ തെറ്റ്?'
ഗോപേട്ടന്‍ എന്ന് വിളിച്ച് പിറകെ നടന്നിരുന്ന ചിന്തയുടെ സംഭാഷണത്തില്‍ ഈയിടെ വന്ന മാറ്റം ശ്രദ്ധിക്കുകയായിരുന്നു ഞാന്‍. ദേഷ്യം ചെറിയ തോതിലെങ്കിലും എന്റെ സിരകളിലേക്ക് പടരാതിരുന്നില്ല.
'നീ എന്നാടീ ഒരു നടിയായത്? ഇത്രയും വലിയ വായില്‍ സിനിമയെക്കുറിച്ച് സംസാരിക്കാന്‍ നിനക്ക് എന്ത് യോഗ്യതയാണുള്ളത്? ചിന്താലക്ഷ്മി എന്ന നാട്ടുമ്പുറത്തുകാരി ചിന്തയെന്ന സീരിയല്‍ നടിയായി തീര്‍ന്നതെങ്ങനെ?'
'അവസാനം നിങ്ങള്‍ ഈ വിഷയത്തില്‍ തന്നെ കൊണ്ടെത്തിക്കുമെന്ന് എനിക്കറിയാം. എനിക്ക് നിങ്ങളെപ്പോലെ വര്‍ഷത്തില്‍ ഒരു ദിവസമല്ല ഷൂട്ട്. ടെന്‍ഷന്‍ കേറിയാല്‍ ക്യാരക്ടര്‍ നഷ്ടമായി ഷൂട്ട് കൊളമാകും' ചിരി വിരുന്നുകാരനെപ്പോലെ എന്റെ മുഖത്തേക്ക് പടര്‍ന്ന് പിടിച്ചത് പെട്ടെന്നായിരുന്നു.
'നിങ്ങള്‍ ക്യാമറയ്ക്ക് മുന്നില്‍ മാത്രമല്ലേ ചിരിക്കാറുള്ളൂ. ഇപ്പോള്‍ ഇതെന്ത് പറ്റി?'
'അല്ല ചിന്താ, നീയിപ്പോള്‍ വീട്ടിലും അഭിനയിച്ച് തുടങ്ങിയത് എനിക്കറിയില്ലായിരുന്നു. ഒന്നുമില്ലെങ്കിലും ഞാനാണല്ലോ ഇതിനൊക്കെ കാരണക്കാരന്‍ എന്ന് നീ മറന്നുപോകുന്നു '
'സിനിമാ നടന്‍ മുത്തുക്കളം ഗോപകുമാറിന്റെ കെയര്‍ ഓഫ് ഇല്ലാതെ തന്നെ കടലാസ് കപ്പലിലെ വനമല്ലികയെ ഇന്ന് നാലുപേര്‍ അറിയുമെന്ന് നിങ്ങളും മറന്ന് പോകുന്നു... എല്ലാം ശരി. ഇന്‍ഡസ്ട്രിയില്‍ മുന്‍പരിചയമുള്ള നിങ്ങള്‍ തുടക്കകാലത്ത് എന്നെ സഹായിച്ചു. അതിന് പ്രതിഫലമായി നിങ്ങള്‍ ആവശ്യപ്പെട്ടതോ? സ്നേഹം നടിച്ചും അഭിനയ മോഹം മുതലെടുത്തും നിങ്ങള്‍ എന്നെ വലയിലാക്കി. വളര്‍ച്ചയില്ലാത്ത തെങ്ങ് പോലെ അന്നും ഇന്നും സിനിമയില്‍ ഒരേപോലെ നില്‍ക്കുന്ന നിങ്ങളേക്കാള്‍ എന്തുകൊണ്ടും ഭേദം ഞാന്‍ തന്നെയാ' ചിന്ത അവളുടെ ചുണ്ടുകളില്‍ പടര്‍ന്ന ലിപ്സ്റ്റിക്ക് ടിഷ്യു പേപ്പര്‍ കൊണ്ട് ഒപ്പിയെടുത്ത് നേരെയാക്കി.
'കടലാസ് കപ്പല്‍... മുങ്ങാതെ നോക്കേണ്ട കപ്പിത്താന്റെ ഗതികേട്! '
'ഗര്‍ഭം ധരിക്കാനും കുട്ടികളെ നോക്കാനും എന്നെ കിട്ടില്ലെന്ന് ഞാന്‍ പണ്ടേ പറഞ്ഞിരുന്നു. പിന്നെയും പിന്നെയും എന്തിനാണിങ്ങനെ നിങ്ങള്‍ അതു തന്നെ ഓര്‍മ്മിപ്പിക്കുന്നത്? നിങ്ങളുടെ ആഗ്രഹങ്ങള്‍ക്ക് മാത്രമേ ഈ വീട്ടില്‍ വിലയുള്ളോ?'
എന്റെ മുഖത്ത് കറുത്ത പൂക്കള്‍ വിടര്‍ന്നു.
'നിന്റെ വളര്‍ച്ചയില്‍ ഞാനൊരിക്കലും തടസ്സമായിട്ടില്ല ചിന്താ. നീ പറയുന്നതു പോലെ ജിംനേഷ്യത്തില്‍ പോയി, പ്രോട്ടീന്‍ പൗഡര്‍ കഴിച്ച് രാവിലെയും വൈകുന്നേരവും യത്നിച്ചാല്‍ നിനക്ക് കൂടുതല്‍ അഴകുള്ള ഒരു ഗോപനെ കിട്ടുമായിരിക്കും. പക്ഷേ, അതോടെ എനിക്ക് എന്നെത്തന്നെ നഷ്ടമാകും'
'നിങ്ങളുടെ ബോറന്‍ സാഹിത്യ ഭാഷ ഒന്ന് മതിയാക്കൂ. ആരോ വിരിച്ച പായയില്‍ കിടന്നുരുളുന്ന വെറുമൊരു നടനായി ഇനിയും നിങ്ങളെ കാണാന്‍ ഇഷ്ടമില്ലാഞ്ഞ് പറഞ്ഞുപോയതാണ്, ക്ഷമിച്ചേര്' മുള്ള് വേലിക്കിടയിലെ ഞാണിപ്പത്തല്‍ പോലെ ചിന്തയുടെ കൂര്‍ത്ത നോട്ടം എന്റെ തൊണ്ട ഞരമ്പുകളെ വരിഞ്ഞ് മുറുക്കി. ഞാന്‍ ജഗ്ഗിലിരുന്ന വെള്ളമെടുത്ത് തൊണ്ടയിലേക്ക് കമിഴ്ത്തി.
'ഒരാള്‍ക്ക് മറ്റൊരാളെപ്പോലെ അഭിനയിക്കാനേ കഴിയൂ ചിന്താ. ലൈംലൈറ്റിന്റെ വെട്ടം കെട്ടു കഴിഞ്ഞാല്‍ ആരുണ്ടാകുമെന്ന് നീ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?'
കുടിച്ച വെള്ളം ഉള്‍നാവിലൂടിറങ്ങി എന്റെ ദേഹത്താകെ പ്രസരിച്ചു.
'ഞാനും നിങ്ങളും തമ്മില്‍ പത്ത് വയസ്സിന്റെ വ്യത്യാസമുണ്ട്. അതോര്‍മ്മയുണ്ടല്ലോ?' പുതിയൊരങ്കത്തിന് തയ്യാറായതുപോലെ ചിന്ത എന്നെ നോക്കി.
'എന്റെ എടുത്ത് ചാട്ടത്തെക്കുറിച്ച് ജയന്ത് എപ്പോഴും പറയും, ഫ്രയിമില്‍ നില്‍ക്കുമ്പോള്‍ പോലും'
ജിംനേഷ്യത്തിലേക്ക് എനിക്ക് വഴി വെട്ടിയിട്ട വീരനെ തിരഞ്ഞലഞ്ഞ മനസ്സിന് അപ്പറഞ്ഞത് വലിയൊരു ആശ്വാസമായിരുന്നു. പുതിയ കഥാപാത്രങ്ങളെത്തുമ്പോള്‍ പഴയ കഥാപാത്രങ്ങളെ കൊല്ലുന്നതോ ലീവെടുപ്പിക്കുന്നതോ സീരിയലുകളില്‍ പുതിയതല്ലല്ലോ. തല്‍ക്കാലം രംഗമൊഴിയുന്നതാണ് ബുദ്ധിയെന്ന് തോന്നി ഞാന്‍ ബെഡ് റൂമില്‍ നിന്നിറങ്ങി, ഏകാന്തതയില്‍ വിശ്രമിക്കാനെന്ന വണ്ണം ജനാലകള്‍ക്കപ്പുറത്ത് നിന്ന് തെക്കന്‍ കാറ്റ് വീശിയടിക്കുന്ന എന്റെ മാത്രം സ്വകാര്യതകള്‍ തങ്ങി നില്‍ക്കുന്ന മുറിയിലേക്ക് പോയി.
തലേ ദിവസം ടൗണിലുള്ള ജിംനേഷ്യത്തില്‍ പോയതും ഫിറ്റ്നസ് ട്രെയിനര്‍ കം ഇന്‍സ്ട്രക്ടര്‍ സുകുവിനോട് സംസാരിച്ചതും ചിന്തയുടെ ആഗ്രഹം ഏതു വിധേനയും സാധിച്ച് കൊടുക്കണമെന്ന് തീരുമാനിച്ചതും വീണ്ടും ഓര്‍ത്തു.
'വയറാണ് പ്രശ്നം. അതൊന്ന് കുറയ്ക്കണം' അതിലും വലുതാണ് ചിന്തയുടെ ആഗ്രഹമെന്ന് ഞാന്‍ സുകുവിനോട് പറഞ്ഞു. അപ്രതീക്ഷിതമായി എന്നെ ജിംനേഷ്യത്തില്‍ കാണാന്‍ കഴിഞ്ഞ സന്തോഷത്തിലായിരുന്നു സുകു.
'ഈ വയറില്ലെങ്കില്‍ സാറിനെ പിന്നെ എന്തിന് കൊള്ളാം?' ഒറ്റ വാക്കില്‍ മറുപടി പറഞ്ഞ് സുകു ചിരിച്ചു.
'സാറിനെ ഇങ്ങനെ കാണാനാണ് പ്രേക്ഷകര്‍ക്ക് ഇഷ്ടം' എന്നോടുള്ള സ്നേഹ ബഹുമാനങ്ങള്‍ സുകു ഉണര്‍ത്തിച്ചു.
'ഞാന്‍ കുറച്ച് സ്‌ട്രെച്ചിങ് ടിപ്പുകള്‍ പറഞ്ഞു തരാം. സാറിന് അത് മതി' എന്നോടൊപ്പം നില്‍ക്കുന്ന വിവിധ പോസിലുള്ള ഫോട്ടോകള്‍ സുകു അതിനിടയില്‍ മൊബൈലില്‍ പകര്‍ത്തി.
'അപ്പൊ ഞാന്‍ നിങ്ങളെപ്പോലെ സുന്ദരനാവണ്ടെന്നാണോ സുകു പറയുന്നത്?' 'അയ്യോ... സാറേ അങ്ങനെയല്ല, സാറിന് അതിന്റെ ആവശ്യമില്ല. വയറ് ഉണ്ടെങ്കിലും സാറ് ഫിറ്റാണ്'
'എങ്കിലും, വയറും തടിയും കുറച്ച് പ്രായം കുറവ് തോന്നിപ്പിക്കുന്നത് സെലിബ്രെറ്റികളുടെ ഇടയില്‍ ഇപ്പോഴൊഴു ട്രെന്‍ഡ് അല്ലെടോ?'
മുറി തുറക്കുന്ന ശബ്ദം കേട്ടിട്ടാണ് സുകു മുന്നില്‍ നിന്ന് അപ്രത്യക്ഷമായത്. ചിന്ത ഒരു മാഗസിനുമായി മുന്നില്‍ നില്‍ക്കുന്നു.
'എന്റെ മുന്നില്‍ ഇങ്ങനെയൊക്കെ അഭിനയിച്ച് തകര്‍ക്കാന്‍ നിങ്ങള്‍ക്ക് അല്പമെങ്കിലും ഉളുപ്പുണ്ടോ മനുഷ്യാ?'
അഭിമുഖം എന്ന പേരില്‍ ആരോ പടച്ച് വിട്ട കുറേ നുണകളടങ്ങുന്ന ആ മാഗസിന്‍ എന്റെ മൂക്കിന്‍ തുമ്പില്‍ തൊട്ട് തലോടിക്കൊണ്ട് മേശയുടെ അടിയിലേക്ക് പറന്ന് വീണു. 'ചിന്താ... ഇങ്ങനൊരു ഇന്റര്‍വ്യൂ ഞാന്‍ കൊടുത്തിട്ടില്ല. മാഗസിന്‍ വിറ്റു പോകാന്‍ സെലിബ്രെറ്റികളെക്കുറിച്ച് ഇല്ലാത്തത് എഴുതുന്നത് ഒരു പുതിയ സംഭവമല്ലെന്നറിയില്ലേ? '
കഴിഞ്ഞയേതോ ലക്കത്തില്‍ ഇതേ മാഗസിനില്‍ വന്ന ചിന്തയേയും ജയന്തിനേയും ചേര്‍ത്തുള്ള കിംവദന്തികള്‍ വായിച്ചതോര്‍ത്ത് ഞാന്‍ വീണ്ടും ചിരിച്ചു.
'ചിരിക്കാന്‍ നിങ്ങള്‍ക്ക് എളുപ്പമാണല്ലോ, അല്ലേ? ഒരു ചെറിയ ചിരി കൊണ്ട് പ്രേക്ഷകരെ കയ്യിലെടുക്കുന്ന സ്വഭാവ നടനല്ലേ നിങ്ങള്‍?' അവള്‍ ദേഷ്യം കയറി മേശപ്പുറത്തിരുന്ന എന്റെ കുഞ്ഞന്‍ ഭാഗ്യ പ്രതിമ തട്ടിയെറിഞ്ഞു. ആ പ്രതിമ ഞാനാണെന്ന് അവള്‍ കളിയാക്കുമായിരുന്നു. കുടവയറും കഷണ്ടി തലയുമുള്ള പ്രതിമയുടെ ഉടഞ്ഞ മുഖം നിലത്ത് കിടന്നും ചിരിക്കുന്നത് കണ്ടപ്പോള്‍ എന്റെ മുഖത്തെ കറുത്ത ചിരിയും മാഞ്ഞു. എനിക്ക് നിയന്ത്രണം വിട്ടു. ഭ്രാന്ത് പിടിച്ചതുപോലെ കയ്യില്‍ കിട്ടിയതെല്ലാം വാരിയെറിഞ്ഞ്, വായില്‍ തോന്നിയതെല്ലാം വിളിച്ച് പറഞ്ഞ് അവള്‍ ഇറങ്ങിപ്പോയി. അവള്‍ പോയശേഷം ഞാന്‍ അല്‍പനേരം കണ്ണടച്ച് നിലത്തിരുന്നു. പിന്നെ, എഴുന്നേറ്റ് കണ്ണാടിയില്‍ നോക്കി നിന്നു. ഋതുഭേദങ്ങള്‍ക്കനുസരിച്ച് നിറങ്ങള്‍ മാറിവരുമെന്ന് ആ കണ്ണാടിയില്‍ ആരാണ് എഴുതി വച്ചത്?
കിന്നരിച്ച് നിന്ന ഒരു മരത്തിന്റെ രണ്ടു ചില്ലകള്‍ ജനലഴികള്‍ക്ക് ചാരെ നീണ്ട് വന്ന് പൊടുന്നനെ കലഹം ആരംഭിച്ചതിലേക്കായി അപ്പോള്‍ എന്റെ ശ്രദ്ധ.