തിരുവനന്തപുരം: രാമായണത്തിലെ സീത സ്ത്രീത്വത്തിന്റെ എല്ലാ ഭംഗികളും നിറഞ്ഞ കഥാപാത്രമാണെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. രാമായണം വായിച്ചാല്‍ സീതയാണ് മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്ന കഥാപാത്രമാണെന്നും മുന്‍ മന്ത്രി മുല്ലക്കര രത്‌നാകരന്‍ രചിച്ച രാമായണം അറിഞ്ഞതും അറിയാത്തതും എന്ന പുസ്തകം തൈക്കാട് ഗണേശത്തില്‍ നടന്ന ചടങ്ങില്‍ പ്രകാശനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
പ്രകൃതിയെയും നാഗരികതയെയും പറ്റി പറയുന്ന, മനോഹരവും ഗഹനവുമായ പുസ്തകമാണിതെന്ന് അടൂര്‍ അഭിപ്രായപ്പെട്ടു.
സാഹിത്യകാരന്‍ ജോര്‍ജ് ഓണക്കൂര്‍ പുസ്തകം ഏറ്റുവാങ്ങി. വര്‍ത്തമാനകാലത്ത് ഏറെ പ്രസക്തമായ കൃതിയാണിതെന്നും വേറിട്ട രാമനെയാണ് മുല്ലക്കര അവതരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നല്ല മനുഷ്യനാകാന്‍ വഴികാട്ടുന്ന കൃതിയാണ് രാമായണമെന്ന് മുല്ലക്കര അഭിപ്രായപ്പെട്ടു. ചടങ്ങില്‍ ആശ്രാമം ഭാസി സംസാരിച്ചു. സങ്കീര്‍ത്തനം പബ്ലിക്കേഷന്‍സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.