വര്‍ക്കല: ശ്രീനാരായണ ഗുരുദേവന്റെ അനന്തരഗാമി സ്വാമി ബോധാനന്ദ സാമൂഹ്യ വിപ്ലവത്തിന്റെ തീ ജ്വാലയാണെന്ന് ധര്‍മ്മസംഘം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. സ്വാമി ബോധാനന്ദയുടെ 95-ാം ചരമ ദിനാചരണ പരിപാടികള്‍ ശിവഗിരിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്വാമി ബോധാനന്ദ സ്ഥാപിച്ച ധര്‍മ്മഭട സംഘമാണ് കൊച്ചി-മലബാര്‍ ദേശങ്ങളില്‍ സഞ്ചാര സ്വാതന്ത്ര്യം, ക്ഷേത്രപ്രവേശനം, പൊതുകിണറില്‍ നിന്ന് വെള്ളം കോരാനും പൊതുകുളിക്കടവില്‍ കുളിക്കാനും ഉള്ള സ്വാതന്ത്ര്യം എന്നിവ ലഭ്യമാക്കിയതെന്നും സച്ചിദാനന്ദ സ്വാമി അനുസ്മരിച്ചു.
ചരമദിനാചരണത്തിന്റെ ഭാഗമായി ശാരദാ മഠത്തിലും വൈദിക മഠത്തിവും സമാധി മന്ദിരത്തിലും വിശേഷാല്‍ പൂജയും ബോധാനന്ദ സ്വാമി സമാധിയില്‍ കലശാഭിഷേകവും നടന്നു. ഗുരുദേവ ജയന്തിക്ക് ആരംഭിച്ച അഷ്ടോത്തരി നാമജപവും ശ്രീനാരായണ മാസാചരണവും ധര്‍മ്മചര്യായജ്ഞവും സമാപിച്ചു.