മുംബൈ: വിദ്യാഭ്യാസം, സ്ത്രീ ശാക്തീകരണം, സാമൂഹിക സമത്വം തുടങ്ങിയുള്ള ശ്രീനാരായണ ഗുരുദേവന്റെ ദര്‍ശനങ്ങള്‍ മുറുകെപ്പിടിച്ചുകൊണ്ടു കഴിഞ്ഞ 6 പതിറ്റാണ്ടുകളായി പ്രവര്‍ത്തിക്കുന്ന മുംബയിലെ ശ്രീനാരായണ മന്ദിര സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ ശ്ളാഘനീയമാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു. സമിതിയുടെ 59 - മാതു വാര്‍ഷികാഘോഷത്തിനു ആശംസകള്‍ നേര്‍ന്നുകൊണ്ട് അയച്ച സന്ദേശത്തിലാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്. ശ്രീ നാരായണ ഗുരുദേവന്റെ ജീവിതവും ദര്‍ശനവും പ്രചരിപ്പിക്കുന്നതിനോടൊപ്പം സമത്വത്തിന്റെയും സാമൂഹിക പരിഷ്‌കരണത്തിന്റെയും സന്ദേശവാഹകരാവാന്‍ കൂടി സമിതി പ്രവര്‍ത്തകര്‍ ശ്രമിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ശ്രീനാരായണ മന്ദിരസമിതിയുടെ 59 -മതു വാര്‍ഷികാഘോഷം പങ്കെടുത്തവരുടെ ബാഹുല്യം കൊണ്ട് ഏറെ ശ്രേദ്ധേയമായി. സമിതിയുടെ 41 യൂണിറ്റുകളില്‍ നിന്നുമായി ആയിരക്കണക്കിന് ഗുരുദേവ ഭക്തരാണ് ആഘോഷപരിപാടികളില്‍ പങ്കുകൊള്ളാനായി എത്തിച്ചേര്‍ന്നത്. ആഘോഷപരിപാടി സമിതി അംഗങ്ങളുടെയും ഗുരുദേവ വിശ്വാസികളുടെയും സംഗമവേദിയായി മാറി. ആഘോഷത്തോടനുബന്ധിച്ചു സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ സമിതി പ്രസിഡന്റ എം. ഐ. ദാമോദരന്‍ അധ്യക്ഷത വഹിച്ചു. എ.വി.എ. ഗ്രൂപ് ഓഫ് കമ്പനീസിന്റെ മാനേജിങ് ഡയറക്ടറും ചലച്ചിത്ര നിര്‍മാതാവുമായ ഡോ. എ. വി. അനൂപ് മുഖ്യാതിഥിയുമായിരുന്നു. സമിതി ചെയര്‍മാന്‍ എന്‍. മോഹന്‍ദാസ്, വൈസ് ചെയര്‍മാന്‍ എസ്. ചന്ദ്രബാബു, ജനറല്‍ സെക്രട്ടറി ഓ. കെ. പ്രസാദ് എന്നിവര്‍ പ്രസംഗിച്ചു. സമിതിയുടെ വിവിധ യൂണിറ്റുകളില്‍ നിന്നുള്ളവര്‍ അവതരിപ്പിച്ച കലാപരിപാടികളും ശ്രുതി ഓര്‍ക്കസ്ത്രയുടെ 'സ്നേഹോത്സവം 2023' എന്ന പരിപാടിയും പരിപാടികള്‍ക്കുശേഷം മഹാപ്രസാദവും ഉണ്ടായിരുന്നു. സമ്മേളനത്തില്‍വച്ച് സമിതിയുടെ 59-മതു വാര്‍ഷിക സ്മരണിക പ്രകാശനം ചെയ്തു.
ഗുരുധര്‍മ പ്രചാരണത്തിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങളില്‍ ഇടത്തരക്കാര്‍ക്കും സമൂഹത്തിന്റെ താഴേക്കിടയിലുള്ളവര്‍ക്കു മികച്ച വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കൂടുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിച്ചു നല്ലരീതിയില്‍ പ്രവര്‍ത്തിപ്പിച്ചുവരുന്ന ശ്രീ നാരായണ മന്ദിരസമിതിയുടെ പ്രവര്‍ത്തനങ്ങള്‍ ഏറെ പ്രശംസനീയമാണെന്ന് എ. വി. അനൂപ് അഭിപ്രായപ്പെട്ടു. ഗുരുധര്‍മ പ്രചാരണാര്‍ദ്ധം യുഗപുരുഷന്‍ എന്ന സിനിമ നിര്‍മിക്കാന്‍ കഴിഞ്ഞതും 51 മണിക്കൂറുകള്‍കൊണ്ട് വിശ്വഗുരു എന്ന പേരില്‍ ഒരു സിനിമ കഥയും തിരക്കഥയുമെഴുതി നിര്‍മിച്ചു റിലീസ് ചെയ്തു ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ സ്ഥാനം പിടിക്കാന്‍ കഴിഞ്ഞതും ഗുരുവിന്റെ അനുഗ്രഹമായി കാണുന്നുവെന്ന് അദ്ദേഹം തുടര്‍ന്ന് പറഞ്ഞു.
സമിതി വിദ്യാഭ്യാസമുള്‍പ്പെടെ വിവിധ മേഖലകളില്‍ നടത്തിവരുന്ന പ്രാവര്‍ത്തനങ്ങളെക്കുറിച്ചു സമിതി പ്രസിഡന്റ എം. ഐ. ദാമോദരന്‍ വിശദീകരിച്ചു.
വ്യവസായം കൊണ്ട് അഭിവൃദ്ധിപ്പെടണമെന്ന ഗുരുദേവ സന്ദേശം നടപ്പില്വരുത്തുന്നതിന്റെ ഭാഗമായി യുവാക്കളെയും വനിതകളെയും മുന്നില്കണ്ടുകൊണ്ടു അവര്‍ക്കു പ്രയോജനപ്രദമായ വിവിധ പദ്ധതികള്‍ക്ക് സമിതി രൂപം നല്‍കിയിട്ടുണ്ടെന്നും വനിതകളുടെ ആദ്യ സംരംഭത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞെന്നും സമിതി പ്രസിഡണ്ട് എന്‍. മോഹന്‍ദാസ് പറഞ്ഞു.
ജനറല്‍ സെക്രട്ടറി ഓ. കെ. പ്രസാദ് അതിഥികളെ സദസ്സിനു പരിചയപ്പെടുത്തി. എന്‍. മോഹന്‍ദാസ് സ്വാഗതവും എസ്. ചന്ദ്രബാബു നന്ദിയും പറഞ്ഞു.
സമിതി ട്രഷറാര്‍ വി. വി. ചന്ദ്രന്‍, അസിസ്റ്റന്റ് സെക്രട്ടറി വി. എന്‍. അനില്‍കുമാര്‍, അസിസ്റ്റന്റ് ട്രഷറാര്‍ പി. പൃഥ്വീരാജ്, സോണല്‍ സെക്രട്ടറിമാരായ പി. കെ. ആനന്ദന്‍, വി. വി. മുരളീധരന്‍, മായാ സഹജന്‍, പി. ജി. ശശാങ്കന്‍, കെ. ഉണ്ണികൃഷ്ണന്‍, പി. ഹരീന്ദ്രന്‍, എന്‍. എസ്. രാജന്‍, പി. പി. കമലാനന്ദന്‍ എന്നിവരും സന്നിഹിതരായിരുന്നു. എം. എം. രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള ഈവന്റ് മാനേജ്മെന്റ് കമ്മറ്റിയായിരുന്നു പരിപാടികള്‍ നിയന്ത്രിച്ചത്.