ടി.പി. ബാലകൃഷ്ണന്‍
പഴയിടം മോഹനന്‍ നമ്പൂതിരിയും പാചകവും ചര്‍ച്ചചെയ്യപ്പെടുന്ന കാലത്ത് വ്യത്യസ്തമായ ഒരു സംഭവകഥയാണ് ഇവിടെ എഴുതുന്നത്. ഒരാള്‍ ഒരു നോവലെഴുതുക. അത് വായിച്ച് മറ്റൊരാള്‍ ആത്മഹത്യ ഉപേക്ഷിച്ച് ജീവിതത്തിലേക്ക് തിരിച്ച് വരിക. ചരിത്രത്തില്‍ത്തന്നെ അപൂര്‍വ്വവും സമാനതകളില്ലാത്തതുമായ സംഭവം. നോവല്‍ പ്രസിദ്ധീകരിച്ച് വര്‍ഷങ്ങളായിട്ടും നോവലിസ്റ്റ് ഇത് അറിയാതിരിക്കുക. ആ വായനക്കാരന്‍ പ്രശസ്തനും പ്രഗത്ഭനുമായി മാറുക ജീവനോടെ നോവലിസ്റ്റിന്റെ മുന്നില്‍ വന്നിരിക്കുക. താങ്കള്‍ ഈ നോവല്‍ എഴുതിയില്ലായിരുന്നുവെങ്കില്‍ ഞാന്‍ ഇന്ന് ജീവിച്ചിരിക്കുമായിരുന്നില്ല എന്നു പറയുക. ഒരെഴുത്തുകാരനെ സംബന്ധിച്ച് ഇതിലും വലിയ എന്ത് അവാര്‍ഡാണ് ലഭിക്കുക!
ജീവിതം മുന്നില്‍ വഴിമുട്ടി നിന്നപ്പോള്‍ പഴയിടം എങ്ങനെ രക്ഷപ്പെട്ടു. എങ്ങനെ ഇന്ന് രാജ്യം മുഴുവന്‍ അറിയപ്പെടുന്ന പാചകക്കാരനായി മാറി ഭൗതിക ശാസ്ത്രത്തില്‍ (Physics) ബിരുദാനന്തര ബിരുദം നേടിയ ഒരാളാണ് ഈ മനുഷ്യനെന്ന് കലോത്സവങ്ങളിലെ പാചകപ്പുരയില്‍ ചട്ടുകം കൊണ്ട് പായസമിളക്കുന്ന പഴയിടത്തിന്റെ പതിവ് കാഴ്ചകള്‍ കാണുന്ന നമ്മില്‍ എത്ര പേര്‍ക്കറിയാം!
കോട്ടയത്തെ ഏതോ റെയില്‍വെ ട്രാക്കില്‍ ഒടുങ്ങിപ്പോകുമായിരുന്ന ഒരു ജീവിതം തിരിച്ച് പിടിച്ചതും അയാള്‍ ഇന്ന് നാം ചര്‍ച്ച ചെയ്യുന്ന പാചക കലയുടെ കുലപതിയായി അറിയപ്പെടുന്നതിനും പിന്നില്‍ ഇന്നലെകളിലെ ജീവിത ദുരിതങ്ങളുടെ കയ്‌പേറിയ അനുഭവകഥയുണ്ട്. എംഎസ് സി പാസ്സായ ശേഷം പഴയിടം നാട്ടില്‍ ബാങ്ക് ലോണെടുത്ത് ലാബ് ഉപകരണങ്ങള്‍ വില്‍ക്കുന്ന ഒരു കട തുടങ്ങി. നിര്‍ഭാഗ്യമെന്നു പറയട്ടെ കട നഷ്ടത്തിലായി അടച്ച് പൂട്ടേണ്ടി വന്നു. ബാങ്ക് ലോണ്‍ അടയ്ക്കാന്‍ ഗതിയില്ലാതായി. പലവഴികള്‍ ആലോചിച്ചെങ്കിലും ഒടുവില്‍ അയാള്‍ ആത്മഹത്യ ചെയ്യുക എന്ന തീരുമാനത്തിലെത്തി. കോട്ടയത്തെ ഒരു ഉള്‍നാട്ടിലൂടെ റെയില്‍വെ ട്രാക്കിനെ ലക്ഷ്യം വെച്ച് നടക്കുമ്പോള്‍ ഒരു പെട്ടിക്കടയില്‍ തൂക്കിയിട്ട കലാകൗമുദി വീക്കിലിയില്‍ കണ്ണുടക്കി അതിന്റെ പുറംചട്ടയില്‍ വലിയ അക്ഷരത്തില്‍ എഴുതി വെച്ചിരിക്കുന്നു എംടിയുടെ രണ്ടാമൂഴം നോവല്‍ ആരംഭിക്കുന്നു.
മരണത്തിനും ജീവിതത്തിനും ഇടയിലുള്ള ആ സമയത്ത് കയ്യില്‍ കിട്ടിയ വാരിക അദ്ദേഹം തുറന്നു. രണ്ടാമൂഴം നോവല്‍ ആരംഭിക്കുന്ന പേജെടുത്തു. അതിലെ ആദ്യ വാചകം തന്നെ പഴയിടത്തെ പിടിച്ചിരുത്തി. കടലിന് കറുത്ത നിറമായിരുന്നു. ഒരു കൊട്ടാരവും മഹാനഗരവും വിഴുങ്ങിക്കഴിഞ്ഞിട്ടും വിശപ്പടങ്ങാത്ത പോലെ തിരകള്‍ തീരത്ത് അലതല്ലിക്കൊണ്ടലറി അതിന്റെ അവസാന വാചകം തുടരും എന്നായിരുന്നു. ജീവിതം തുടരാനും അടുത്തലക്കം വീക്കിലി വായിക്കാനുമായി പഴയിടം കാത്തിരുന്നു. 52 ലക്കങ്ങളായാണ് നോവല്‍ ഖണ്ഡശ: പ്രസിദ്ധീകരിച്ചത്. അത് മുഴുവനായും ആര്‍ത്തിയോടെ അദ്ദേഹം വായിച്ചു തീര്‍ത്തു.
ഇതിനിടയില്‍ ചെറിയ രൂപത്തില്‍ പാചകത്തിന്റെ കാറ്ററിംഗ്, യൂനിറ്റ് ആരംഭിച്ചു. പതുക്കെ പതുക്കെ അത് പച്ച പിടിച്ച് വന്നു. സ്‌കൂള്‍ കലോത്സവങ്ങളുടെ പാചകക്കാരനായിരുന്ന മലമല്‍ നീലകണ്ഠന്‍ നമ്പൂതിരിയുടെ സഹായിയായാണ് പഴയിടം പാചക കലയുടെ ബാലപാഠങ്ങള്‍ വെച്ചും കണ്ടുംപഠിച്ചത്. 2005 മുതലാണ് സ്വന്തമായി പാചകം ഏറ്റെടുത്ത് നടത്താന്‍ തുടങ്ങിയത്.
പഴയിടം അറിയപ്പെടുന്ന പാചകക്കാരനായി മാറി. പതുക്കെ സാമ്പത്തിക സ്ഥിതിയെല്ലാം മെച്ചപ്പെട്ടു വന്നു. അദ്ദേഹത്തിന്റെ രുചി പെരുമ പ്രസിദ്ധമായി പായസമെങ്കില്‍ അത് പഴയിടത്തിന്റെതു തന്നെ എന്ന സ്ഥിതി വന്നു. 17 വര്‍ഷത്തോളമായി സ്‌കൂള്‍ കലോത്സവങ്ങളിലെ പതിവ് പാചകക്കാരനായ് മാറി.
2015 ല്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവം കോഴിക്കോട്ടെത്തിയപ്പോള്‍ ടെണ്ടര്‍ കിട്ടിയത് പഴയിടത്തിനായിരുന്നു. നടത്തിപ്പുകാരില്‍ പ്രധാനിയായ സതീശന്‍ മാസ്റ്ററോട് പഴയിടം പറഞ്ഞു. എനിക്കൊന്ന് എം.ടി.യെ കാണണം. സതീശന്‍ മാസ്റ്റര്‍ അമ്പരന്നു. എന്തിനാവാം ഇദ്ദേഹം എംടിയെ കാണുന്നത് എഴുത്തുകാരനും പാചകക്കാരനും തമ്മിലെന്താവും ബന്ധം.
സതീശന്‍ മാസ്റ്റര്‍ എം ടി യു മായി ബന്ധപ്പെട്ട് അനുമതി വാങ്ങി. കോഴിക്കോട് കോട്ടാരം റോഡിലുള്ള എം ടി യുടെ വീട്ടിലേക്ക് പഴയിടവുമായി സതീശന്‍ മാസ്റ്റര്‍ ചെന്നു. സ്വീകരിച്ചിരുത്തിയ എംടിയോട് പഴയിടം ചോദിച്ചു: എന്നെ അറിയുമോ?
ഓ... കേട്ടിട്ടുണ്ട് ധാരാളം. കുട്ടികള്‍ക്ക് പാചകം ചെയ്യുന്ന ആളല്ലേ?
പിന്നീട് പഴയിടം മേല്‍ സൂചിപ്പിച്ച കഥകള്‍ പറഞ്ഞു. എം ടി തരിച്ചിരുന്നു പോയി. താനെഴുതിയ രണ്ടാമൂഴമെന്ന നോവല്‍ കൊണ്ട് ജീവിതത്തില്‍ രണ്ടാമൂഴം ലഭിച്ച ഒരാള്‍ ഇതാ മുന്നിലിരിക്കുന്നു. ഒരെഴുത്തുകാരന് ഇതില്‍ കൂടുതല്‍ സംതൃപ്തി ലഭിക്കുന്ന ഏത് കാര്യമാണ്, വേറെയുള്ളത്. താനെഴുതിയ പുസ്തകം ഒരാള്‍ക്ക് പ്രചോദനമാകുക അയാള്‍ ലോകമറിയുന്ന പാചകക്കാരനാവുക. പഴയിടം എംടിയെ ക്ഷണിച്ചു, തന്റെ പാചകശാലയിലേക്ക് സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദിയിലെ ഭക്ഷണ പന്തലിലേക്ക്... ക്ഷണം എം ടി സ്വീകരിച്ചു.
പിറ്റേന്ന് കലോത്സവത്തിന്റെ പാചകശാലയിലേക്ക് തന്റെ വായനക്കാരനെത്തേടി മഹാനായ എഴുത്തുകാരന്‍ വന്നു. രണ്ടാമൂഴത്തിന്റെ, താന്‍ കയ്യൊപ്പു ചാര്‍ത്തിയ കോപ്പിയുമായി പഴയിടത്തിന് ഉപഹാരമായി നല്‍കാന്‍. എംടിയ്ക്ക് ഇലയിട്ട്പഴയിടം സദ്യ വിളമ്പി. തനിക്ക് ജീവനും ജീവിതവും തന്ന വലിയ മനുഷ്യനെ പാചകകലയുടെ കുലപതി അത്ഭുതത്തോടെ നോക്കി നിന്നു. മനസ്സിലപ്പോഴും കോട്ടയത്തെ പെട്ടിക്കടയും കലാകൗമുദി വീക്കിലിയും ഓടിയെത്തിയിരിക്കാം.