സ്നേഹിച്ച് തീരാത്തവര്‍; ഓഎന്‍വിയുടെ സ്നേഹഹൃദയം

അതിമനോഹരമായ 'സ്നേഹിച്ച് തീരാത്തവര്‍' എന്ന എട്ട് ഭാഗങ്ങളിലായി എഴുതിയ സമാഹാരം അത്ര ശ്രദ്ധിക്കപ്പെടാത്തതിന്റെ കാരണം ഓഎന്‍വിയെ പ്രണയകവിയായി ആരും തിരഞ്ഞു പോകാത്തതിനാലാവും. മാനവികതയുടെ പ്രണയഹൃദയത്തില്‍ നിന്നുറവകൊണ്ട സ്നേഹിച്ച് തീരാത്തവരെ അനശ്ചിതത്വവും ആകുലതയും നിറഞ്ഞ ഈ നൂറ്റാണ്ടിന് ആവശ്യമുണ്ട്

author-image
RK
New Update
സ്നേഹിച്ച് തീരാത്തവര്‍; ഓഎന്‍വിയുടെ സ്നേഹഹൃദയം

അതിമനോഹരമായ 'സ്നേഹിച്ച് തീരാത്തവര്‍' എന്ന എട്ട് ഭാഗങ്ങളിലായി എഴുതിയ സമാഹാരം അത്ര ശ്രദ്ധിക്കപ്പെടാത്തതിന്റെ കാരണം ഓഎന്‍വിയെ പ്രണയകവിയായി ആരും തിരഞ്ഞു പോകാത്തതിനാലാവും. മാനവികതയുടെ പ്രണയഹൃദയത്തില്‍ നിന്നുറവകൊണ്ട സ്നേഹിച്ച് തീരാത്തവരെ അനശ്ചിതത്വവും ആകുലതയും നിറഞ്ഞ ഈ നൂറ്റാണ്ടിന് ആവശ്യമുണ്ട്

 

രമ പിഷാരടി

'ഒരിക്കല്‍ കൂടി പ്രിയേ നമുക്കീ നദീതീരത്തി-
രിക്കാം തെളിനീറ്റിലിണയായ് നീന്തുന്നൊരീ -
നീലമല്‍സ്യങ്ങള്‍ക്കെന്ത് ഭംഗിയാണല്ലേ? നിന്റെ-
നീള്‍മിഴിയിണ പോലെ നിനക്കതറിയുമോ?''

(സ്നേഹിച്ച് തീരാത്തവര്‍-ഓഎന്‍വി)

ഓഎന്‍വിയുടെ സ്നേഹിച്ച് തീരാത്തവര്‍ എന്ന സമാഹാരത്തിന് 'അനശ്വരസ്നേഹത്തിന്റെ അഷ്ടപദി' എന്ന പ്രൗഢമായ മുഖക്കുറിപ്പില്‍ ഡോ. എസ് ശ്രീദേവി ഇങ്ങനെ എഴുതിയിരിക്കുന്നു: സ്നേഹിച്ചുതീരാത്തവയെക്കുറിച്ച് എഴുതുമ്പോള്‍ അത് എഴുതിത്തീരാത്തതാകാന്‍ വെറുതെ മോഹിച്ച് പോകുന്നു. ഞാനെഴുതേണ്ടും വരികളിതെന്ന് പതുക്കെ ആരോ ഉള്ളില്‍ പറയുന്നു. 'കേട്ടുവോ എന്നൊച്ച വേറിട്ട്' എന്നും പതുക്കെ ചോദിക്കുന്നു.

രമണീയമായ വസ്തുക്കള്‍ മധുരതരമായ ശബ്ദങ്ങള്‍ ഇതെല്ലാം ദൃശ്യഗോചരമാകുമ്പോള്‍, സുഖം ആഗ്രഹിക്കുന്ന ജീവികള്‍ക്ക് ആഹ്ലാദം ഉണ്ടാകുന്നു. അപ്പോള്‍ അവര്‍ സ്വന്തം ജീവനാല്‍ താനറിയാതെ തന്നെ ജന്മജന്മാന്തരങ്ങളായി കടന്നുവന്നിട്ടുള്ള ദൃഢസ്ഥിരതയുള്ള സൗഹൃദങ്ങളെപ്പറ്റി ഓര്‍മ്മിച്ചു പോകുന്നു. അതായത്, ജീവിതം ഒരു മഹാപ്രവാഹമാണെന്നും ആ പ്രവാഹത്തിന്റെ സ്ഥായീഭാവം ജന്മത്തിലും ജന്മാന്തരത്തിലുമുള്ള ബോധോപബോധപൂര്‍വ്വമുള്ള സ്നേഹമാണെന്ന അറിവ്. ഇരുട്ടിന്റെ നിറം നന്നായി മനസ്സിലാക്കാനാകുന്ന അറിവുകൊണ്ടു വെളിച്ചത്തിന്റെ സൗന്ദര്യം ആസ്വദിക്കാനും ആത്മതേജസ്സായി ഉള്‍ക്കൊള്ളാനും കഴിയുക കൂടി വേണം.

പ്രണയം ഹ്രസ്വവും സ്മൃതി ദീര്‍ഘവുമാകുന്നു. പ്രണയത്തിന്റെ പവിത്രഭാവമാണ് ഓഎന്‍വിയുടെ 'സ്നേഹിച്ച് തീരാത്തവര്‍' എന്ന കവിതാസമാഹാരത്തില്‍. ഭൂമിയ്ക്കൊരു ചരമഗീതവും ഗോതമ്പുമണികളും സൂര്യഗീതവുമെല്ലാം ഇന്നും കവിതയുടെ ഗാംഭീര്യഭാവത്തില്‍ നമ്മോട് കൂടെ സഞ്ചരിക്കുമ്പോഴും അതിമനോഹരമായ 'സ്നേഹിച്ച് തീരാത്തവര്‍' എന്ന എട്ട് ഭാഗങ്ങളിലായി എഴുതിയ സമാഹാരം അത്ര ശ്രദ്ധിക്കപ്പെടാത്തതിന്റെ കാരണം ഓഎന്‍വിയെ പ്രണയകവിയായി ആരും തിരഞ്ഞു പോകാത്തതിനാലാവും. സത്യത്തില്‍ സ്നേഹിച്ച് തീരാത്തവരെ ആവശ്യമുള്ള ഒരു കാലഘട്ടമാണിത്. മാനവികതയുടെ പ്രണയഹൃദയത്തില്‍ നിന്നുറവകൊണ്ട സ്നേഹിച്ച് തീരാത്തവരെ അനശ്ചിതത്വവും ആകുലതയും നിറഞ്ഞ ഈ നൂറ്റാണ്ടിനാവശ്യമുണ്ട്.

കുറെയേറ വര്‍ഷങ്ങള്‍ക്ക് മുന്‍പേയാണത്. ഓഎന്‍വി സാറിനെ കണ്ടുമുട്ടുന്നതിനും മുന്നേയാണത്. ഗുരുവായൂര്‍ സന്ദര്‍ശനവേളയിലാണ്, നടയുടെ കിഴക്ക് നിന്നും വടക്കോട്ടേയ്ക്ക് തിരിയുന്നിടത്ത് അത്രയൊന്നും പകിട്ടില്ലാത്ത തീരഭൂമിയെന്നൊരു ചെറിയ ബുക്സ്റ്റാള്‍ ശ്രദ്ധയില്‍ പ്പെട്ടത്. കവിതയുടെ ഭ്രാന്ത് മാത്രമേ അന്ന് മനസ്സിലുണ്ടായിരുന്നുള്ളൂ. ഓഎന്‍വിയുടെ ഭൂമിയ്ക്കൊരു ചരമഗീതത്തെപ്പോലെയോ, ഗോതമ്പുമണികളെ പോലെയോ, ഉജ്ജയിനിയെ പോലെയോ അത്രയൊന്നും ആഘോഷിക്കപ്പെടാത്ത 'സ്നേഹിച്ച് തീരാത്തവര്‍' എന്ന സമാഹാരം വായനയിലേയ്ക്ക് വന്നത് അങ്ങനെയാണ്.

പ്രിയമുള്ള എഴുത്തുകാരുടെ പുസ്തകങ്ങള്‍ സ്ഥിരമായി വാങ്ങി സുഹൃത്തുക്കള്‍ക്കും അവരുടെ കുട്ടികള്‍ക്കും സമ്മാനമായി നല്‍കുന്ന പതിവുണ്ടായിരുന്നു. അബ്ദുള്‍ കലാമിന്റെ വിംഗ്സ് ഒഫ് ഫയറും ആനിഫ്രാങ്കിന്റെ ഡയറിയും ടാഗോറിന്റെ ഗീതാഞ്ജലിയും കുട്ടികള്‍ക്ക് പലപ്പോഴായി ഉപഹാരമായി നല്‍കിയിട്ടുണ്ട്. ഒന്നാം ക്ളാസിലെ കുട്ടികള്‍ക്ക് പഠനമികവിന് ജീ ശങ്കരക്കുറുപ്പിന്റെ ഓടക്കുഴല്‍ സമ്മാനമായി നല്‍കിയ അദ്ധ്യാപികയായ അമ്മയായിരുന്നു ഇക്കാര്യത്തില്‍ മാതൃക.

സ്നേഹിച്ച് തീരാത്തവര്‍ രണ്ട് കോപ്പി തീരഭൂമിയില്‍ നിന്ന് വാങ്ങിയത് ഒന്ന് എന്റെ പുസ്തകശേഖരത്തിലേയ്ക്കും മറ്റൊന്ന് പ്രണയകവിതകളുടെ ആരാധികയായ പ്രിയപ്പെട്ട ഒരു കുട്ടിയ്ക്ക് വിവാഹസമ്മാനമായി നല്‍കാനുമായിരുന്നു.

പുസ്തകങ്ങളുടെ പൂന്തോപ്പില്‍ നിന്ന് കൈയിലെത്തിച്ചേര്‍ന്ന പൂക്കാലമായിരുന്നു സ്നേഹിച്ച് തീരാത്തവരിലെ എട്ട് കവിതകള്‍. പനിനീര്‍പ്പൂവിന്റെ കടുംവര്‍ണ്ണത്തെക്കാള്‍ ഹൃദയത്തിന്റെ ആകൃതിയുള്ള അസംഖ്യം പ്രണയവാര്‍പ്പുകളെക്കാള്‍ ഓഎന്‍വി എന്ന സര്‍ഗ്ഗധനനായ കവിയുടെ ഇന്ദീവരത്തിലെ പവിഴമല്ലിപ്പൂവുകളുടെ ഹൃദയഹാരിയായ സുഗന്ധമാണ് 'സ്നേഹിച്ച് തീരാത്തവര്‍ എന്ന സമാഹാരത്തിലെ എട്ട് കവിതകളില്‍ നിറഞ്ഞൊഴുകിയത്.

പ്രണയമെന്നാല്‍ പ്രതികാരമെന്ന് ചിന്തിക്കുന്ന കൗമാരയൗവ്വനത്തിന് കുളിര്‍മ്മയേറുന്ന ചന്ദനക്കാറ്റായിരിക്കും ഈ സമാഹാരം. 2007ല്‍ പ്രസിദ്ധീകൃതമായ ഈ സമാഹാരം യാദൃശ്ചികമായാണ് വാങ്ങിക്കാനിടയായത്. ഈ കവിതയുടെ അമൃതധാര ഹൃദയത്തില്‍ ശാന്തിയുടെ ധ്യാനവചസ്സുകള്‍ പോലെ പെയ്തിറങ്ങും. ഇരമ്പുന്ന കടലിനെ ഒരു തടാകം പോലെ ശാന്തമാക്കിയിരിക്കുന്നു സര്‍ഗ്ഗധനനായ കവി.

കവിതയിലുടനീളം വൃന്ദാവനത്തിന്റെ ശ്രുതിമധുരമായ വേണുഗാനം കേള്‍ക്കാനാകും ലോകത്തിലെ പ്രണയിതാക്കളുടെ ഹൃദയസ്പന്ദനങ്ങള്‍ കേള്‍ക്കാനാകും. വ്യക്തവും അവ്യക്തവുമായ അനേകം ബിംബങ്ങളിലൂടെ ഒഴുകുന്ന സ്നേഹകല്ലോലിനിയാണിതില്‍. കല്പനാവൈഭത്തിന്റെ ഉല്‍കൃഷ്ഠത ദര്‍പ്പണത്തിലെന്ന പോല്‍ പ്രതിഫലിക്കുന്ന, അതീവചാരുതയാര്‍ന്ന കവിതകളാണ് എട്ടും. ആനന്ദാമൃതഹര്‍ഷിണി, അമൃതവര്‍ഷിണി എന്ന് മനസ്സും ഹൃദയവും ഒരു മണ്ഡപത്തിലിരുന്ന് തംബുരു മീട്ടി പാടുമ്പോള്‍ ഋതുക്കളില്‍, പ്രകൃതിയില്‍ ഉണര്‍വ്വ് നിറയുന്നു.

സ്നേഹത്തെ അതിന്റെ പരിപൂര്‍ണ്ണമായ പ്രണയവിശുദ്ധിയിലെത്തിക്കാന്‍ കവി ഉപയോഗിക്കുന്ന പ്രമേയങ്ങള്‍, കഥാതന്തുക്കള്‍, പ്രകൃതി, പ്രപഞ്ചം ഇവയെല്ലാം ഒരു ഉല്‍കൃഷ്ടചിത്രകാരന്‍ ക്യാന്‍വാസില്‍ പകര്‍ത്തും പോലെ കവിതയെ പരിപാലിച്ചിരിക്കുന്നു.

ആകാശവുമൊരു മുന്തിരിത്തോപ്പ്
പോലാകെത്തുടുത്തുപോല്‍
മുന്തിരിക്കൊയ്ത്തിനു വന്നൊരു കാനന-
കന്യയെപ്പോലെ നിന്നു നീയെങ്കിലും
ആകാശവുമൊരു മുന്തിരിത്തോപ്പ് പോല്‍

ആകാശം ഒരു മുന്തിരിത്തോപ്പ് പോലെ തുടുത്തു എന്നും മുന്തിരിക്കൊയ്ത്തിനു വന്നൊരു കാനനകന്യയെ പോലെ നീ നിന്നു എന്ന് കവിയുടെ ഭാവന ചിറക് നീര്‍ത്തിപ്പറക്കുമ്പോള്‍ ഗോപികമാരും രാധികയും യവനകന്യകയും യറുശലേമിലെ പെണ്‍കുട്ടിയുമെല്ലാം യുഗങ്ങളുടെ ജാലകവിരികള്‍ മാറ്റി വായനക്കാരോട് സംവദിക്കും

പ്രേമത്തിനെന്നുമൊരേ പ്രായമോമനേ, പ്രേമിക്കുവോര്‍ നിത്യയൗവ്വനാരാകുന്നു എന്ന സത്യവാങ്മൂലത്തോടെ സമാഹാരത്തിലെ രണ്ടാമത്തെ കവിത അവസാനിക്കുന്നു.

പ്രണയികള്‍ തന്‍ പുണ്യനഗരിയില്‍ മുന്തിരിവനിയില്‍ നാമന്ന് രാപ്പാര്‍ത്തിരുന്നു എന്ന് തുടങ്ങുന്ന മൂന്നാം കവിത താത്വികമായ ചില ദര്‍ശനങ്ങളില്‍ തൊട്ട് മുന്നോട്ട് പോകുന്നു. പ്രണയത്തിന്റെ ഇന്ദ്രജാലം ഒട്ടും അതിഭാവുകത്വം കലരാതെ സ്നേഹം എന്ന പുണ്യതീര്‍ത്ഥത്തില്‍.

പ്രണയത്തെ ഉടമസ്ഥാവകാശം പോലെ നോക്കിക്കാണുമ്പോഴാണ് ദര്‍പ്പണചില്ലുകളിലൂടെ അഹം എന്ന അധികഭാവം പ്രണയത്തിലുണ്ടാകുന്നത്, യഥാര്‍ത്ഥപ്രണയം സാര്‍വത്രികമായ വിശുദ്ധമായ സ്നേഹത്തിന്റെ പ്രതിഫലനമായിരിക്കേണ്ടതുണ്ട്. പ്രണയം അതിന്റെ ശരിയായ അര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളാതെ യുദ്ധം ചെയ്തും കൈയേറ്റം ചെയ്തും പിടിച്ചടക്കേണ്ടതാണ് പ്രണയം എന്ന മിഥ്യാധാരണയാണ് വര്‍ത്തമാനകാലങ്ങളില്‍ ദുരന്തമായി ഭവിക്കുന്നത്. ഇന്‍ഫാച്ച്യുവേഷന്‍ നൈമിഷകവും പ്രണയം അനശ്വരവുമാണ് എന്നുള്ള സാമാന്യബോധത്തിന്റെ അഭാവമാണ് പുതുതലമുറയിലെ തിരസ്‌കൃതഭാവമുള്‍ക്കൊള്ളാനാവാതെ നിന്ന് പകയിലും രക്തച്ചൊരിച്ചിലിലുമവസാനിക്കുന്നത്.

ഓഎന്‍വിയുടെ സ്നേഹിച്ച് തീരാത്തവര്‍ അനശ്വരമായ പ്രണയത്തിന്റെ ഉദാത്തമായ ആവിഷ്‌കാരമാണ്. ഒരോ പ്രണയഭാവങ്ങളും കൂടിക്കാഴ്ചയുടെ അനശ്വരനിമിഷങ്ങളും പട്ടുനൂല്‍ച്ചിത്രങ്ങളായി മനോഹാരിതയോടെ ഹൃദയസ്പര്‍ശിയായി നെയ്തെടുക്കുന്നു, കവി.

എട്ട് പ്രണയഗീതത്തിലെ നാലാമത്തെ ഗീതത്തില്‍ പ്രണയത്തിന്റെ പുരാണഭാവങ്ങളിലൂടെ ഉപരിപ്ലവമല്ലാത്ത ദിവ്യസ്നേഹത്തിലൂടെ പ്രപഞ്ചത്തിലെ പ്രണയസത്യമെന്നത് 'സകലവിരക്തിതന്‍ ജടയുടെ മീതെയായ് ശശിലേഖയായ് വന്നുദിച്ചവളെ' എന്ന പ്രതീകാത്മകമായ സത്യഭാവത്തിലേയ്ക്ക്, പ്രണയഭാഷയെന്നത് പ്രകൃതിയുടെ സൃഷ്ടിയുടെ ആരൂഢഭാവം തന്നെയെന്ന് അതീവചാരുതയോടെ കവി എഴുതിയിടുന്നു.

ഏഴാമത്തെ കവിത വിരഹത്തിന്റെ വിലാപവും ഏദനില്‍ ഏകാകിയായി ജീവിക്കാനാവാതെ പ്രണയിയെ തേടുന്ന ഹൃദയഭാഷ്യത്തില്‍ ആരംഭിക്കുന്നു.
സഖീ, നിനക്കായ് ഞാന്‍ പാടിയ പാട്ടെല്ലാം
അഗതികളായങ്ങലഞ്ഞിടുന്നു...

 

poem onv review