'ഇസഹാക്ക്', മരണത്തിന്റെ മാലാഖ

അപ്രതീക്ഷിതമായി കിട്ടിയ ആ ബുക്കിന്റെ പുറം ചട്ടയില്‍ എന്റെ കണ്ണുകളുടക്കി.'ഇസഹാക്ക്,മരണത്തിന്റെ മാലാഖ'എന്നായിരുന്നു പേര്.വിശാലമായി സദ്യയുണ്ണുന്ന കറുത്ത മാസ്‌ക് ധരിച്ച ഒരാളിന്റെ പടമായിരുന്നു പുറംചട്ട.അതൊരു നോവല്‍ ആയിരുന്നു.ഡൊമിനിക് മിച്ചയേല്‍ എന്നായിരുന്നു അതെഴുതിയ ആളിന്റെ പേര്.

author-image
RK
New Update
 'ഇസഹാക്ക്', മരണത്തിന്റെ മാലാഖ

കഥ

സ്വപ്ന എസ് കുഴിതടത്തില്‍

'ഇസഹാക്ക്', മരണത്തിന്റെ മാലാഖ

അപ്രതീക്ഷിതമായി കിട്ടിയ ആ ബുക്കിന്റെ പുറം ചട്ടയില്‍ എന്റെ കണ്ണുകളുടക്കി.'ഇസഹാക്ക്,മരണത്തിന്റെ മാലാഖ'എന്നായിരുന്നു പേര്.വിശാലമായി സദ്യയുണ്ണുന്ന കറുത്ത മാസ്‌ക് ധരിച്ച ഒരാളിന്റെ പടമായിരുന്നു പുറംചട്ട.അതൊരു നോവല്‍ ആയിരുന്നു.ഡൊമിനിക് മിച്ചയേല്‍ എന്നായിരുന്നു അതെഴുതിയ ആളിന്റെ പേര്.

പുസ്തകം വായിക്കാന്‍ ഒട്ടും ആഗ്രഹമുള്ള ആളല്ല ഞാന്‍.ബോബി എന്നെ എന്നും കളിയാക്കുമായിരുന്നു.പുസ്തകം വായിക്കാനിഷ്ടമില്ലാത്ത,സാഹിത്യലോകത്ത് ഒരു പേരുണ്ടാക്കണം ന്ന് ആഗ്രഹിക്കുന്ന പെണ്ണേ,നിന്റെ കഥകള്‍ മറ്റുള്ളവര്‍ വായിക്കണം ന്ന് ഒരിക്കലും നിനക്ക് ആവശ്യപ്പെടാന്‍ അര്‍ഹതയില്ലല്ലോ ന്ന്..ഞാന്‍ തലയാട്ടും..
ഫേസ്ബുക്കിലെ പതിനായിരത്തി എണ്ണൂറ്റി പന്ത്രണ്ട് പേര്‍ എന്റെ കഥകള്‍ ഇഷ്ടപ്പെട്ടിട്ടാണ് എന്നെ ഫോളോ ചെയ്യുന്നതെന്ന് ലേശം ഗര്‍വ്വോടെ പറഞ്ഞപ്പോ ബോബി പിന്നേം പൊട്ടിച്ചിരിച്ചു.നീയെന്നെ പരിചയപ്പെട്ടത് എന്റെ കഥകളിലൂടെയല്ലേ ന്ന് ഞാന്‍ ചോദിച്ചപ്പോ ചിരിയുടെ ആക്കം കൂടി.

നിന്റെ ഒറ്റക്കഥപോലും പൂര്‍ണ്ണമായും വായിച്ചിട്ടില്ല എന്നും, അവിടേം, ഇവിടേം ഓടിച്ചു നോക്കീട്ടാണ് കമന്റുകള്‍ തന്നിട്ടുള്ളതെന്നും,ജാഡക്കാരിയായ കഥാകാരിയെ വീഴ്ത്താന്‍ അവളുടെ കഥകളെ കൂട്ടുപിടിച്ചേ പറ്റൂ ന്ന് ആര്‍ക്കാണ് അറിയാന്‍ വയ്യാത്തത് എന്നും,നിന്നോട് തോന്നിയ ഇഷ്ടം കൊണ്ടാണ് ഇങ്ങനെ പുറകെ കൂടിയത് എന്നുമൊക്കെ പറഞ്ഞപ്പോ ഞാന്‍ മുഖം വീര്‍പ്പിച്ചു.

ഫേസ്ബുക്കിലൂടെയുള്ള പരിചയം.തന്റെ കഥകള്‍ക്ക് നല്‍കുന്ന കമന്റുകള്‍.വിമര്‍ശനങ്ങള്‍.അതില്‍ നിന്നും തന്നിലേക്ക് ബോബി സെലസ്‌റ്റൈന്‍ നൂഴ്ന്നു കയറിയപ്പോ അതൊരു നല്ല സൗഹൃദം ആയപ്പോ , വിവാഹത്തിലേക്ക് എത്തുമെന്ന് ഒട്ടും കരുതിയിരുന്നില്ല.ഇന്ന് വിവാഹ നിശ്ചയം ആയിരുന്നു.എന്റെ വീട്ടില്‍ വച്ചാണ്.വളരെ കുറച്ചു പേര്‍ മാത്രം. ബോബിയുടെ സുഹൃത്ത് സനൂപ് മോഹന്‍ ആണ് സമ്മാനമായി ഈ ബുക്ക് നല്‍കിയത്.ഗിഫ്റ്റ് പേപ്പറില്‍ പൊതിഞ്ഞിരുന്നു.ബോബിയാണ് പൊതിയഴിച്ചത്.

പുസ്തകത്തിന്റെ പേര് കണ്ടിട്ട് എനിക്ക് വല്ലാത്ത ദേഷ്യം വന്നു.വിവാഹത്തിന് തരാന്‍ പറ്റിയ ഒരു പുസ്തകം.എന്റെ ഇഷ്ടക്കേട് കണ്ടിട്ടാകണം,ആ ബുക്കിലേക്ക് നോക്കി വല്ലായ്മയോടെ സനൂപ് മോഹന്‍ പറഞ്ഞു.
'ക്ഷമിക്കണം. ഗിഫ്റ്റ് തരാനായി,ഈ ബുക്കല്ല ഞാന്‍ എടുത്തത്.മറ്റൊന്നാണ്.അവര്‍ അതപ്പോഴേ പൊതിഞ്ഞു .ഇപ്പോഴാണ് ഇതാണ് എന്ന് കണ്ടത്.അവിടെ എന്റെ കണ്ണിലെങ്ങും ഈ പുസ്തകം പെട്ടില്ലാരുന്നു.മറ്റാരെങ്കിലും എടുത്തത് മാറിയതാണെന്ന് തോന്നുന്നു.ഞാനീ പുസ്തകം എടുത്തോട്ടെ.മറ്റൊരു ഗിഫ്റ്റ് നല്‍കാം'

പശ്ചാത്താപവിവശനായ സനൂപ് മോഹനെ കണ്ടപ്പോ എനിക്കും നന്നേ വിഷമം വന്നു.ബോബി പെട്ടെന്ന് ഇടപെട്ടു'ഒന്നു പോടാ ഉവ്വേ'ന്നും പറഞ്ഞിട്ട് സനൂപിനിട്ട് ഒരു തട്ടുകൊടുത്തു.ഞാനും ചിരിച്ചു.

ഫംഗ്ഷന്‍ കഴിഞ്ഞിട്ട് എല്ലാരും പോയി.രാവിലെ എണീറ്റത് കൊണ്ടാകും
ഒരു തല വേദന പോലെ.ഇത്തിരിനേരം കിടന്നു. ഒന്ന് മയങ്ങി.തണുത്ത ഒരു സ്പര്‍ശം നെറ്റിയില്‍.ക്ഷീണം പൊടുന്നനെ മാറിയതുപോലെ.'ഞാന്‍ ഇസഹാക്ക്' ന്നാരോ പറഞ്ഞത് മാതിരി.പെട്ടെന്ന് കണ്ണു തുറന്നു. ആദ്യം കണ്ണില്‍ പെട്ടത് ആ പുസ്തകം ആയിരുന്നു.ആരോ മേശപ്പുറത്ത് കൊണ്ടു വച്ചിരിക്കുന്നു.'ഇസഹാക്ക് ,മരണത്തിന്റെ മാലാഖ'എന്ന പേര് എന്നെ അലോസരപ്പെടുത്തി.ഞാനാ പുസ്തകം എടുത്ത് മേശക്കുള്ളില്‍ വച്ചു.

പിന്നെ എപ്പോഴൊക്കെയോ ഇസഹാക്ക് എന്നെ പിന്തുടരാന്‍ തുടങ്ങി.സ്‌കൂട്ടറില്‍ നിന്നും വീണപ്പോഴും ,അയണ്‍ ചെയ്തുകൊണ്ടിരുന്നപ്പോ ഷോക്കടിച്ചു തെറിച്ചപ്പോഴും,ഞാന്‍ കയറിയ ഓട്ടോ റിക്ഷ തലകുത്തനെ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചപ്പോഴും ഒക്കെയും ഒരു പോറലു പോലും ഏല്‍ക്കാതെ ഞാന്‍ രക്ഷപ്പെട്ടു.അപ്പൊഴൊക്കെയും ആ ശബ്ദം വ്യക്തമായി കേട്ടു.'ഞാന്‍ ഇസഹാക്ക്'

ഞാനാ മേശ തുറന്നു.ആ കറുത്ത പുറം ചട്ടയുള്ള പുസ്തകം .ആ കറുത്ത മാസ്‌ക് ധരിച്ചയാള്‍.ഏതോ ഉള്‍പ്രേണയാലെന്ന പോലെ പുസ്തകം നിവര്‍ത്തി വായിച്ചു തുടങ്ങി.

ജാനകീ ദേവി...അസാമാന്യയായ ഒരു സ്ത്രീ.അവരുടെ കഥ.അവര്‍ വായിച്ച പുസ്തകങ്ങളും,സ്വാംശീകരിച്ച ചിന്തകളും മറ്റൊരു തലത്തില്‍ ആയിരുന്നു.കടുത്ത നിരീശ്വരവാദിയായ അവര്‍ പത്രപ്രവര്‍ത്തകയായിരുന്നു..'ജാനകീ പത്രിക' എന്ന പേരില്‍ അവര്‍ പ്രസിദ്ധീകരണം ഇറക്കി.ദിവസം പതിനെട്ട് മണിക്കൂറോളം ജോലി ചെയ്ത,രാഷ്ട്രീയത്തെ നിശിതമായി വിമര്‍ശിച്ച നിര്‍ഭയയായ ഒരു ജേര്‍ണലിസ്റ്റ്.

വല്ലാത്ത രചനാ ശൈലി.ജീവിതത്തിന്റെ വര്‍ണ്ണ വൈചിത്രങ്ങളെ ഒട്ടും ചോരാതെ.പരിചിതരായ തോന്നുന്ന മുഖങ്ങള്‍,സ്വപ്നങ്ങളിലെന്നപോലെന്നെ വരിഞ്ഞു മുറുക്കാന്‍ തുടങ്ങി.അവരുടെ അസാധാരണമായ വ്യക്തിത്വങ്ങള്‍. സ്വാംശീകരിക്കപെടുന്നത് പോലെ..
ആ കാല്‍പ്പനിക ലോകത്തുള്ള അപരജീവിതങ്ങള്‍ എന്റെ നാലുവശവും വന്നു നിന്നുകൊണ്ട് തായ് വേരുറപ്പിച്ചു.

അവരുടെ ആത്മഹത്യയായിരുന്നു ,നോവലിന്റെ പ്രമേയം. അവര്‍ നടത്തിയ ധീരമായ പ്രക്ഷോഭങ്ങള്‍..ചില പ്രത്യയ ശാസ്ത്രങ്ങളെയും,രാഷ്ട്രീയകക്ഷികളെയും നിശിതമായി നേരിട്ടിരിക്കുന്നതിന്റെ നേര്‍ക്കാഴ്ചകള്‍.

ഡോ ജോര്‍ജ് സെബാസ്റ്റ്യന്‍.അദ്ദേഹത്തിന്റെ തുടര്‍ക്കഥ ജാനകീ പത്രികയില്‍ പ്രസിദ്ധീകരിച്ചിരുന്നു.അതൊരു വര്‍ഗ്ഗീയ രാഷ്ട്രീയ വെല്ലുവിളി നിറഞ്ഞ ഒരു കഥയായിരുന്നു.ജാനകീദേവി അത് വായിച്ചിട്ട് വല്ലാതെ ത്രില്‍ഡ് ആയി.ജാനകീ ദേവിയുടെ നിലപാടുകളും,ആര്‍ജ്ജവവും,തിളങ്ങുന്ന കണ്ണുകളും ജോര്‍ജ് സെബാസ്റ്റ്യനില്‍ വല്ലാത്തൊരു ആദരവ് സൃഷ്ടിച്ചു.ഭാര്യയും,മകളും ഉണ്ടായിട്ടും ജാനകീദേവി എന്ന വ്യക്തി അയാളെ വല്ലാതെ പിടിച്ചുലച്ചു കളഞ്ഞു.

കണ്ണിന്റെ ആഴപ്പരപ്പുകളില്‍ ചുംബിച്ചു കൊണ്ട്,ആത്മാഭിമാനവും,നിര്‍ഭയത്വവും തുടിക്കുന്ന ആ മുഖത്തെ തന്റെ നെഞ്ചിലേക്ക് ചേര്‍ത്തു വച്ച്, അയാള്‍ ഇറുകെ പുണര്‍ന്നപ്പോ ഒരു വിസമ്മതവും പ്രകടിപ്പിക്കാതെ ജാനകീദേവി അയാളിലേക്ക് അലിഞ്ഞു ചേര്‍ന്നു.

ഇത്രയും ധീരയായ ഒരു സ്ത്രീയെ ആത്മഹത്യയിലേക്ക് നയിച്ചത് എന്തെന്നറിയാന്‍ മുന്നൂറ്റി ഇരുപത്തഞ്ച് പേജുള്ള ആ പുസ്തകം ഒറ്റയിരുപ്പിന് വായിച്ചു തീര്‍ത്തപ്പോ ,അതിന്റിടയില്‍ പതിനെട്ട് മിസ്ഡ് കാള്‍, ബോബിയുടെ വന്നത് പോലും അറിയാതെ ഇരുന്നപ്പോ,ഒടുവില്‍ ആ ഒരു ഉത്തരം നമുക്ക് വിട്ടുതന്നുകൊണ്ട് നോവല്‍ അവസാനിക്കുന്നു.ഇസഹാക്ക് എന്ന മാലാഖ എന്റെ നെഞ്ചിനു നേരെ കൈചൂണ്ടുകയും,എന്റെ കണ്ണിലേക്ക് തറച്ചു നോക്കുകയും ചെയ്തപ്പോ വല്ലാത്ത മാനസികാവസ്ഥയിലായി ഞാന്‍.

പെട്ടെന്നാണ് വാതില്‍ക്കല്‍ വല്ലാത്ത മുട്ടലും,ബഹളവും കേട്ടത്.പെട്ടെന്ന് കതക് തുറന്നു.വേവലാതിയോടെ നില്‍ക്കുന്ന ബോബി എന്റെ ചെകിട്ടത്ത് ആഞ്ഞൊരാടി തന്നു.ഞെട്ടി നിന്ന എന്നെ ഉടന്‍ അവന്‍ കെട്ടിപ്പിടിച്ചു.അവന്‍ വല്ലാതെ ഭയന്നിരുന്നു.ഞാനവന്റെ നെഞ്ചിലേക്ക് പറ്റിച്ചേര്‍ന്നുകൊണ്ട് വിങ്ങിക്കരഞ്ഞു.ആരൊക്കെയാണ് നാലുവശവും നില്‍ക്കുന്നതെന്ന് ഞങ്ങള്‍ അറിഞ്ഞതേയില്ല.'പോട്ടെ മോളേ'ന്ന് പറഞ്ഞ് അവനെന്റെ തല തടവിക്കൊണ്ടേയിരുന്നു.

'ബോബി എനിക്ക് ഔനാട്ട് സ്ട്രീറ്റില്‍ പോണം'ഞാന്‍ പതുക്കെ പറഞ്ഞു.
ആ പേര് കേട്ടതും അവനെന്നെ ഭീതിയോടെ വലിച്ചു മാറ്റി.'നിനക്ക് ആ പേര് എവിടുന്ന് കിട്ടി?'കണ്ണുകളില്‍ നിറഞ്ഞ ഭാവം മനസിലാക്കാതെ ഞാന്‍ പറഞ്ഞു'അവിടെയാണ് ജാനകീദേവിയുടെ വീട്'

'ഏത് ജാനകീദേവി?'എന്ന ചോദ്യത്തിനുത്തരം ഞാന്‍ നല്‍കിയില്ല.

'ഗ്രേസ്..നമ്മുടെ വിവാഹം ആണ് ഉടനെ.നീ ആവശ്യമില്ലാത്ത കാര്യങ്ങള്‍ക്ക് നില്‍ക്കരുത്'

ആ പുസ്തകം നെഞ്ചോട് ചേര്‍ത്തു വച്ചുകൊണ്ട് ഞാന്‍ പറഞ്ഞു.'നീ വന്നില്ലെങ്കില്‍ വേണ്ട ബോബി.ഞാന്‍ പോകും'

പറയുന്നത് ആ പുസ്തകത്തിലെ കഥാപാത്രമാണ്,സ്ഥലമാണ് ന്നൊക്കെ ബോബിക്ക് മനസിലായെങ്കിലും അവന്റെ ഞെട്ടല്‍ എന്തിനെന്ന് മാത്രം എനിക്ക് മനസിലായില്ല.അവനെന്തിന് ഞെട്ടിയെന്ന് അവനും അറിയില്ലാരുന്നുവെന്ന് പിന്നെയെപ്പോഴോ പറഞ്ഞതായി ഓര്‍ക്കുന്നു.

'സാങ്കല്പിക കഥാപാത്രങ്ങളും,സ്ഥലവും തേടിപ്പോകുക.നിനക്ക് ഭ്രാന്താണ്. '

'ഞാന്‍ നാളെ പോകും'അത്ര മാത്രമേ പറഞ്ഞുള്ളൂ.അവന്‍ ദ്വേഷിച്ച് ചാടിത്തുള്ളി ഇറങ്ങിപ്പോയി.

പിറ്റേന്ന് രാവിലെ ഇറങ്ങിയപ്പോ,ജോലിക്ക് പോകുവാണെന്നു മാത്രേ പപ്പയോട് പറഞ്ഞുള്ളൂ.നിശ്ചയത്തിനെടുത്ത ലീവ് തീര്‍ന്നെന്ന് കരുതിയിട്ടുണ്ടാകും.വീടിന്റെ വാതില്‍ക്കല്‍ കാറില്‍ ചാരി ബോബി ഉണ്ടായിരുന്നു.നിറഞ്ഞ ഗൗരവത്തില്‍ അവന്‍ ഡ്രൈവിംഗ് സീറ്റില്‍ കേറിയിരുന്നു.നേര്‍ത്ത പുഞ്ചിരിയോടെ ഞാനും കയറി.

അവനിഷ്ടമുള്ള 'ഉമ്പായി ഗസല്‍'

'ഒരിക്കല്‍ നീ പറഞ്ഞു, പ്രണയം ദിവ്യമെന്ന്.. മധുരമെന്ന്.. അനഘമെന്ന്..അതിന്റെ സൗരഭം ലഹരിയെന്ന്..
നമ്മളില്‍ നന്മയുണര്‍ത്തുമെന്ന്...എന്നോടൊത്തിരിയിഷ്ടമെന്ന്..
ഒത്തിരിയൊത്തിരി ഇഷ്ടമെന്ന്...'

ആ വരികളില്‍ അലിഞ്ഞു ചേര്‍ന്നുകൊണ്ട് ഞാനവനെ നോക്കി..അവന്‍ നിശ്ശബ്ദനായിരുന്നു.ആ നെഞ്ചു തുടിക്കുന്നത് എനിക്ക് കേള്‍ക്കാമായിരുന്നു.എനിക്ക് മാത്രം.ഞാന്‍ കണ്ണുകളടച്ചു.

കോഴിക്കോടുള്ള ഔനാട്ട് സ്ട്രീറ്റില്‍ എത്തിയപ്പോ നേരം നാലുമണിയോളമായി.ഹോട്ടലില്‍ റൂം എടുത്തപ്പോ ബോബി ചോദിച്ചു.'സിംഗിള്‍ റൂം മതിയല്ലോ ല്ലേ?'

ഞാന്‍ തലയാട്ടി..

സുന്ദരിയായ റിസപ്ഷനിസ്റ്റ്.മാസ്‌കിട്ടത് കൊണ്ട് സൗന്ദര്യം പൂര്‍ണ്ണമായും കാണാന്‍ കഴിയാത്ത വൈക്ലബ്യം എനിക്കുണ്ടായി.ബോബിക്കും ഉണ്ടായി ന്ന് തോന്നുന്നു.അവന്റെ പരതി നോട്ടം കണ്ടപ്പോ എനിക്ക് ചിരി വന്നു.

' വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആത്മഹത്യ ചെയ്ത ഒരു ജാനകീദേവിയെ അറിയ്യോ..പത്രപ്രവര്‍ത്തകയായിരുന്നു'വെറുതെ ചോദിച്ചതാണ്.

അവളുടെ മുഖം വിളറി.പുഞ്ചിരിക്കുന്ന കണ്ണുകളിലെ ഭാവം മാറി.അവള്‍ കേള്‍ക്കാത്ത ഭാവത്തില്‍ മറ്റൊരു കസ്റ്റമറിനോട് എന്തൊക്കെയോ സംസാരിക്കുന്നു.അതോ തോന്നിയതോ.

റൂമിലേക്ക് ചെന്നു. ബോബിയുടെ മുഖം ഒട്ടും പ്രസന്നമല്ല.കുളിയൊക്കെ കഴിഞ്ഞ്,സോപ്പിന്റെ നേര്‍ത്ത പരിമളം മുറിയാകെ നിറഞ്ഞപ്പോ അവന്‍ തല ഉയര്‍ത്തി.

'ഗ്രേസ് ചിലപ്പോ എന്റെ നിയന്ത്രണം പോകും.'

ഞാന്‍ പൊട്ടിച്ചിരിച്ചു.അടുക്കല്‍ ചെന്ന് അവന്റെ ചുണ്ടുകളില്‍ ഒരുമ്മ കൊടുത്തിട്ട് ഞാന്‍ പറഞ്ഞു.

'ചിലപ്പോ എന്റേം..'അവനെന്നെ ചുറ്റിപ്പിടിച്ചു.ഞാന്‍ അനങ്ങിയില്ല..അവന്റെ ശ്വാസവേഗം കൂടിയപ്പോ ഞാന്‍ പറഞ്ഞു

'ബോബീ,എനിക്ക് ജാനകീദേവിയെ കണ്ടെത്തണം'പെട്ടെന്ന് അവനെന്നെ പിടിച്ചു മാറ്റി.

റൂം ലോക്ക് ചെയ്തിട്ട് ഞങ്ങള്‍ ഇറങ്ങി.ആരോടും ഒന്നും ചോദിക്കില്ല എന്ന് ബോബി പറഞ്ഞിരുന്നു.സങ്കല്പ കഥാപാത്രങ്ങളെ തിരക്കി ഇറങ്ങുന്നത് മണ്ടത്തരങ്ങളല്ലാതെ മറ്റൊന്നുമല്ലല്ലോ...

പക്ഷേ ആ പുസ്തകത്തില്‍ വിവരിച്ചിരിക്കുന്ന സ്ട്രീറ്റിന്റെ രൂപം തന്നെയായിരുന്നു എനിക്ക് കാണാന്‍ കഴിഞ്ഞത്.

ഒരു ലൈബ്രറിയുടെ മുന്നില്‍ ഞങ്ങള്‍ എത്തി.ആ ലൈബ്രറിയിലായിരുന്നു ഡോ ജോര്‍ജ് സെബാസ്‌ററ്യനും, ജാനകീദേവിയും ആദ്യം കണ്ടുമുട്ടിയത്.തന്റെ കഥ ജാനകീപത്രികയില്‍ പ്രസിദ്ധീകരിക്കാന്‍ കൊടുത്തതും ,ഇഷ്ടം തുറന്നു പറഞ്ഞ് കൈകള്‍ ചേര്‍ത്തു പിടിച്ചതും അവിടെ വച്ചാരുന്നു.അവര്‍ സ്ഥിരം ഇരിക്കുന്ന സീറ്റുകള്‍ കണ്ടതും ഞാന്‍ ആഹ്ലാദത്തോടെ ഒച്ച വച്ചു..ഒന്നിനും ഒരു മാറ്റവും ഇല്ല.ബോബി പെട്ടെന്ന് എന്റെ കൈയില്‍ പിടിച്ച് ഞെക്കി.മിണ്ടാതിരിക്കൂ ന്ന് ശാസിച്ചു.

പുസ്തകങ്ങള്‍ വച്ചിരിക്കുന്ന റാക്കില്‍ എന്റെ കണ്ണുകള്‍ പരതി.ഈയൊരു പുസ്തകത്തിന്റെ മൂന്നു നാല് കോപ്പികള്‍ അടുക്കിവച്ചിരിക്കുന്നു. ലൈബ്രേറിയന്‍ വളരെ പ്രായം ചെന്ന വ്യക്തിയാണ്. അദ്ദേഹത്തോട് ഞാന്‍ അന്വേഷിച്ചു.
ഡൊമിനിക് മിച്ചയേല്‍ ന്നും,ജാനകീ ദേവി ന്നും ചോദിച്ചപ്പോ ആ കണ്ണുകള്‍ ഒന്ന് പിടഞ്ഞടഞ്ഞു.അയാള്‍ എന്നെത്തന്നെ നോക്കി നിന്നു.ആ കൈകള്‍ വിറയ്ക്കുന്നതായും,ചുണ്ടുകള്‍ വിതുമ്പുന്നതായും കണ്ടു.

'കുട്ടി ജാനകീദേവിയുടെ ആരാണ്?'
പെട്ടെന്നയാള്‍ ചോദിച്ചു.
'ആ മുഖം,അതേ രൂപം..'അയാള്‍ കരയാന്‍ പോകുന്ന പോലെ തോന്നി.

ഞാന്‍ എന്തേലും പറയുന്നതിന് മുന്‍പേ ബോബി പറഞ്ഞു..
'മകളാണ്..'ഞാന്‍ ഞെട്ടി അവനെ നോക്കി.അവന്‍ കണ്ണിറുക്കി.

അയാള്‍ ഒരു നിമിഷം ഞെട്ടിയോ! ഞങ്ങളെ മാറി മാറി നോക്കി.അയാളുടെ ചുളിവുകള്‍ നിറഞ്ഞ നെറ്റിയില്‍ വീണ്ടും വരകള്‍ പ്രത്യക്ഷപ്പെട്ടു.

'നിങ്ങള്‍ വീട്ടിലേക്ക് വരൂ.'

അയാള്‍ വഴി പറഞ്ഞു തന്നു.

'ഇവിടെനിന്നും നേരെ പോകുന്ന വഴിയില്‍ ഇടതു വശത്തായി ഒരു ട്രാന്‍സ്ഫോര്‍മര്‍ ഉണ്ട്.അവിടെ നിന്നും വലത്തേക്ക് ഒരു വഴിയുണ്ട്.ഒരു അരകിലോമീറ്റര്‍ മുന്നോട്ട് നടക്കുമ്പോള്‍ ഒരു നാലുകെട്ടുണ്ട്.അവിടെയാണ് ഞാന്‍ താമസിക്കുന്നത്.നാളെ രാവിലെ വരൂ'വിറയ്ക്കുന്ന ശബ്ദത്തില്‍ അയാള്‍ പറഞ്ഞു.'

ഞങ്ങള്‍ മുന്നോട്ട് നീങ്ങിയപ്പോള്‍ അയാള്‍ പിന്നെയും വിളിച്ചു.

'ഈ ബുക്കു കൂടി കൊണ്ടു പോകൂ'

അയാള്‍ തന്ന ബുക്കിന്റെ പേര്'ജാനകീയാനം'എന്നായിരുന്നു..എഴുതിയത് ഡൊമിനിക് മിച്ചയേല്‍തന്നെ.അതിശയത്തോടെ ഞാനാ പുസ്തകം വാങ്ങിച്ചു.അയാള്‍ മുഖത്തേക്ക് നോക്കിയതേയില്ല.

റൂമില്‍ ചെന്നിട്ട് വീണ്ടും ഒന്നു കുളിച്ചു.ബോബിയും.കോവിഡ് വല്ലാതെ ബാധിച്ചിരിക്കുന്നു.ടി പി ആര്‍ കൂടുതലാണ് കോഴിക്കോട്.കടുത്ത നിയന്ത്രണങ്ങള്‍ ഉണ്ട്.ഭക്ഷണം റൂമില്‍ കൊണ്ടു വന്നു.നല്ല ക്ഷീണം ഉണ്ട്.പക്ഷേ കിടക്കാന്‍ പറ്റില്ല.ആ പുസ്തകം കൈയില്‍ ഇരിക്കുകയാണ്. വായിക്കണം.ബോബി കിടന്നു.

'ഗ്രേസ്..ഒന്നു കെട്ടിപ്പിടിച്ചു കിടക്കാന്‍ വരാവോ'അവന്‍ വിളിച്ചു ചോദിച്ചു.

അവന്റെ അരികില്‍ ചെന്ന് കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുത്തിട്ട് 'നീ ഉറങ്ങിക്കോ ചെക്കാ 'ന്നും പറഞ്ഞിട്ട് കമ്പിളി വച്ച് അവനെ പുതപ്പിച്ചു. അവനൊരുമ്മ തന്നു.

ഞാനാ പുസ്തകം തുറന്നു.

തീവ്ര വലതുപക്ഷ വര്‍ഗ്ഗീയനിലപാടുകള്‍ക്കെതിരെ മതേതരത്വത്തിന്റെയും,യുക്തിചിന്തയുടെയും പക്ഷത്തു നിന്ന ഒരു യുവതിയുടെ കഥ.മതങ്ങളുടെ വിവേചനപരവും,ലിംഗസമത്വവിരുദ്ധവുമായ ജാതിസമ്പ്രദായത്തെ എതിര്‍ത്തവള്‍. അതിനുമപ്പുറം പ്രണയത്തിന്റെ ചുവന്ന നക്ഷത്രങ്ങളെ ഹൃദയത്തിലൊളിപ്പിച്ചു കൊണ്ട്,ദാമ്പത്യത്തിന്റെ പൊള്ളയായ കെട്ടുകള്‍ പൊട്ടിച്ചു കൊണ്ട്, സദാചാരത്തിന്റെ കാരിരമ്പുചട്ടകളെ കുത്തിപ്പൊളിച്ചുകൊണ്ട് സമൂഹത്തിന്റെ നേര്‍ക്ക് ചോദ്യചിഹ്നമായി മാറിയ സ്ത്രീ..

അവള്‍ സമൂഹത്തിന്റെ മുന്നില്‍ നിന്നപ്പോള്‍ അവള്‍ക്ക് ചുറ്റും ഒരു വലിയ ലോകം സൃഷ്ടിക്കപ്പെട്ടു.ജാനകീയാനം അങ്ങനെ പുതിയ കഥാ തന്തുവിലൂടെ..

ചിന്തകളുടെയും,സ്വപ്നങ്ങളുടെയും ഭ്രാന്തിലേക്കെത്തുന്ന ഭയചകിതമായ ആനന്ദം.രത്യുന്മാദത്തിന്റെ പരകോടിയില്‍ എത്തുന്ന ധ്യാനാവസ്ഥയില്‍ ആരോടൊക്കെയോ രതിബന്ധത്തില്‍ ഏര്‍പ്പെടുന്ന പുതിയൊരു ജാനകിയായി കഥയുടെ ഏതോ വിഗതിയില്‍ അവള്‍ എത്തപ്പെടുന്നു.

രതിയും,വിപ്ലവും ഒരേവഴിയിലൂടെ സഞ്ചരിച്ചപ്പോള്‍ ജോര്‍ജ്‌സെബാസ്‌ററ്യന്‍ തളര്‍ന്നു പോയി.സ്വതന്ത്രമായ ചിന്തകളും,തീവ്രമായ പ്രണയോന്മാദവും തുന്നിച്ചേര്‍ത്ത ചിലന്തിവലയില്‍ കുരുങ്ങി പിടയുന്ന ജോര്‍ജ് സെബാസ്റ്റ്യനില്‍ എത്തിച്ചേര്‍ന്നപ്പോ 'ജനകീയാനം'ന്ന പുസ്തകവും അപൂര്‍ണ്ണമായി അവസാനിച്ചു.

ഒരു പിടയലോടെ ഞാനാ പുസ്തകം വലിച്ചെറിഞ്ഞു..

ശബ്ദം കേട്ടിട്ട് ബോബി ഞെട്ടിയുണര്‍ന്നു..ഉറക്കഭ്രാന്തനായ അവനില്‍ ദേഷ്യം വരുത്താതിരിക്കാനായി ലൈറ്റ് അണച്ചിട്ട് കമ്പിളിക്ക് അടിയില്‍ അവനെ കെട്ടിപ്പിടിച്ചു കിടന്നു.അവന്റെ ചേര്‍ത്തു കെട്ടിപ്പിടിയിലെ സുരക്ഷിതത്വത്തില്‍ ഞാന്‍ കണ്ണുകളടച്ചു.

പിറ്റേന്ന് രാവിലെ തന്നെ ഉണര്‍ന്നു.
കുളിച്ച് റെഡിയായി .ആ രണ്ടു പുസ്തകങ്ങളും ഒരുമിച്ച് ചേര്‍ത്ത് കവറില്‍ വച്ചു.ബ്രേക്ഫാസ്റ്റും കഴിഞ്ഞിട്ട് പെട്ടെന്ന് തന്നെ ഇറങ്ങി.പരസ്പരം ഒന്നും സംസാരിച്ചതേയില്ല ഞങ്ങള്‍.

അയാള്‍ പറഞ്ഞ വഴിയിലൂടെ..ട്രാന്‍സ്ഫോര്‍മര്‍ ഉള്ള സ്ഥലത്തെത്തിയപ്പോള്‍ ഞാന്‍ ഞെട്ടലോടെ നിലവിളിച്ചു.

'ബോബീ നോക്ക്..'ന്ന് പറഞ്ഞ് ഒരു ഭ്രാന്തിയെപോലെ അവനെ പിടിച്ചു കുലുക്കി.

കറുത്ത കൊടിയുടെ താഴെ ആ വലിയ ഫോട്ടോ.

ഡൊമിനിക് മിച്ചയേല്‍,വയസ് 86..

ബോബിയും ഞെട്ടി ന്ന് വ്യക്തം..'നമുക്ക് തിരിച്ചു പോകാം'അവന്‍ വണ്ടി തിരിക്കാനൊരുങ്ങി.

'ഇല്ല ബോബി എനിക്ക് പോണം'ഞാന്‍ വണ്ടിയില്‍ നിന്നും ഇറങ്ങി.കാറുകളുടെ ചെറിയ നിരകള്‍..മുന്‍പോട്ട് നടന്നു..പുറകിന് ബോബിയും.

ആ നാലു കെട്ട്.. നിറയെ പന്തലിച്ചു നില്ക്കുന്ന മരങ്ങള്‍..ആരൊക്കെയോ അവിടെയും, ഇവിടെയുമൊക്കെയായി നില്‍ക്കുന്നു.പള്ളീലേക്ക് കൊണ്ടുപോയതെയുള്ളൂ ന്ന് ആരോ പറയുന്നു.

എല്ലാത്തരം ചിന്തകളെയും മനസില്‍ നിന്ന് തുടച്ചു നീക്കി പൂര്‍ണ്ണമായ ശൂന്യതയിലേക്ക് ഞാന്‍ എത്തപ്പെട്ടുകഴിഞ്ഞതുപോലെ.ഭൗതിക പ്രപഞ്ചത്തിന്റെ സമ്പൂര്‍ണ്ണമായ വിടുതല്‍.

ധ്യാനത്തിലെന്ന പോലെ വീട്ടിനകത്തേക്ക്.. ആ ടി വി യുടെ മുകളിലിരിക്കുന്ന ഒരു വലിയ ഫോട്ടോയില്‍ നിര്‍ന്നിമേഷനായി നോക്കി നില്‍ക്കുന്ന ബോബി.

'ഗ്രേസ്..ഈ സ്ത്രീ നിന്നെപ്പോലെ തന്നെ..നോക്കൂ നിന്റെ ചുണ്ടിനു മുകളിലുള്ള ഈ അരിമ്പാറ വരെ ...ഈ കൂടെ നില്‍ക്കുന്നയാള്‍ ആ ഡൊമിനിക് അല്ലേ..?'

ഒന്നും മിണ്ടാന്‍ കഴിയാത്ത ധ്യാനാവസ്ഥയില്‍ തന്നെയായിരുന്നു ഞാന്‍..ആരോ എന്റെ കഴുത്ത് ഞെരിക്കുന്നത് പോലെ..'വിടൂ..വിടൂ..'ന്ന് ഉറക്കെ ക്കരഞ്ഞു..ബോബി കേള്‍ക്കുന്നതെയില്ല..

പെട്ടെന്ന് വെള്ള ളോഹയണിഞ്ഞ്,തൂവെള്ള താടിയുള്ള അയാള്‍ മുന്‍പിലേക്ക് കടന്നു വന്നു.എന്റെ കഴുത്തില്‍ തൊട്ടു..കുളിര്‍മ്മയുള്ള സ്പര്‍ശം..ഞാന്‍ തറയില്‍ ഇരുന്നു.

'ഗ്രേസ് അല്ലേ..?'അയാള്‍ ചോദിച്ചു.

അകലങ്ങളില്‍ നിന്നുള്ള ശബ്ദം പോലെ..ബോബി തിരിഞ്ഞു..

'ഞാന്‍ ഡൊമിനിക്കിന്റെ ഡോക്ടര്‍ ആണ്.. നിങ്ങള്‍ വരുമെന്നും,ഇത് കൊടുക്കണമെന്നും പറഞ്ഞ് ഏല്പിച്ചിരുന്നു..മരിക്കുന്നതിന് തൊട്ടുമുന്‍പ്..'സൗമ്യ ഗംഭീരമായ ശബ്ദത്തില്‍ പറഞ്ഞുകൊണ്ട് അയാള്‍ ഒരു പൊതി എനിക്ക് നേരേ നീട്ടി.

നേരിയവിറയലോടെവാങ്ങി.ഡയറിപോലെ .ബോബിയുടെ കയ്യിലിരിക്കുന്ന ഫോട്ടോ നോക്കി അയാള്‍ പറഞ്ഞു..'അത് ജാനകീദേവിയാണ്..'

ഒന്നും പറയാതെ ഞാന്‍ തിരിഞ്ഞു.ഫോട്ടോ കയ്യിലെടുത്തുകൊണ്ട് ബോബിയും.

'ആ ഫോട്ടോ അവിടെ വച്ചേക്കൂ..ആ ഫോട്ടോ സെമിത്തേരിയില്‍ വക്കണം ജോര്‍ജ് പറഞ്ഞിരുന്നു.'

'ജോര്‍ജ്?'ഒരുമിച്ചാരുന്നു ചോദ്യം.

'ജോര്‍ജും, ഡൊമിനിക്കും ഒരാള്‍ തന്നെ.'ബോബിയുടെ കൈയില്‍ നിന്നും ഫോട്ടോ വാങ്ങി അയാള്‍ തിരിഞ്ഞു.

ഞങ്ങളും..

പെട്ടെന്ന് എന്തോ ആലോചിച്ച പോലെ ബോബി വിളിച്ചു ചോദിച്ചു.

'ഡോക്ടര്‍ പേരൊന്നു പറയുമോ'

അയാള്‍ ചിരിച്ചു..

എങ്ങും ഒരു മഞ്ഞു പുകപോലെ..അതിന്റിടയില്‍ നിന്നും ഒരു
ശബ്ദം മാത്രം കേട്ടു.

'ഞാന്‍ ഇസഹാക്ക്...'

ഞെട്ടി നിന്ന എന്നെയും വലിച്ചു കൊണ്ട് ബോബി ഓടി..കാറില്‍ക്കയറി..

നിശബ്ദതയെ ഭഞ്ജിച്ചു കൊണ്ട് ഞാന്‍ പറഞ്ഞു.

'ബോബി എനിക്ക് ബീച്ചില്‍ പോകണം'

രണ്ടു പുസ്തകങ്ങളും,ആ ഡയറിയും മാറോട് ചേര്‍ത്തുപിടിച്ചു കൊണ്ട് മണല്‍ത്തരികളിലൂടെ ഞാന്‍ നടന്നു.

'ഗ്രേസ് ഒന്ന് പതുക്കെ പോകൂ..'ന്ന് പറഞ്ഞു കൊണ്ട് അവന്‍ ഓടിവരുന്നു...ഒന്നും എന്നെ ബാധിക്കുന്നതെ ഇല്ല..ആഞ്ഞലച്ചു വരുന്ന തിരമാലകള്‍ എന്നെ മാടിവിളിക്കുന്നു..മൂന്ന് ബുക്കുകളും ഞാനും..ആ തിരകളിലേക്ക്..

ആഞ്ഞടിച്ചു വന്ന ഒരു വമ്പന്‍ തിരമാല..എന്റെ കൈയില്‍ നിന്നും ബുക്കുകള്‍ തട്ടിപ്പറിച്ച് കൊണ്ട്..കൂടെ ഞാനും.

'ഗ്രേസ്, മോളേ..'ബോബിയുടെ നിലവിളി.

'ഞാന്‍ ഇസഹാക്ക്..മരണത്തിന്റെ മാലാഖ'ആ ഒരു ശബ്ദം ഞാന്‍ വ്യക്തമായും കേട്ടു..

കണ്ണു തുറക്കുമ്പോ ഹോട്ടലിലെ പതു പതുത്ത മെത്തയിലായിരുന്നു.

'എന്റെ ഗ്രേസ്..'അവനെന്നെ ഇറുകെ കെട്ടിപ്പിടിച്ചു..

ആ ഉന്മാദത്തിലമര്‍ന്ന് ഞാന്‍ ചോദിച്ചു.

'ബോബി നമുക്ക് വീട്ടില്‍ പോകണ്ടേ'

'ഉം' അവന്‍ ചിരിച്ചു.ഞാനും.

story literature Malayalam